പൊള്ളുന്ന തേപ്പുപെട്ടി എന്റെ മുഖത്തു വച്ചു; ഭര്‍ത്താവിന്റെ കാലിൽ ഞാൻ പെട്രോളൊഴിച്ച് തീകൊളുത്തി: കിരൺജിത്ത് അലുവാലിയ

kiranjit-alhuwalia
കിരൺജിത്ത് അലുവാലിയ. ചിത്രം∙ ഫേസ്ബുക്ക്
SHARE

കിരൺജിത്ത് അലുവാലിയ. ആ പേര് അത്ര പെട്ടെന്ന് സ്ത്രീ സമൂഹം മറന്നു കാണില്ല. ഭർത്താവിന്റെ ഗാർഹിക പീഡനം സഹിക്കാൻ കഴിയാതെ അയാളെ കൊലപ്പെടുത്തിയ ശേഷം വർഷങ്ങളോളം യുകെയിലെ ജയിലിൽ കഴിഞ്ഞ സ്ത്രീയാണ് കിരൺജിത്ത്. ഒരു ദിവസം വൈകുന്നേരം ചുട്ടുപൊള്ളുന്ന ഇസ്തിരിപ്പെട്ടി ദീപക് അലുവാലിയ ഭാര്യ കിരൺജിത്ത് അലുവാലിയയുടെ മുഖത്ത് അമർത്തി പൊള്ളിച്ചു. അന്ന് രാത്രിയിലെ ശാരീരിക മാനസിക ഉപദ്രവങ്ങൾക്കൊടുവിൽ ഭർത്താവിന്റെ ക്രൂരപീഡനങ്ങൾക്ക് അറുതി വരുത്താൻ കിരൺജിത്ത് തീരുമാനിക്കുകയായിരുന്നു.  

ഭർത്താവിനെ തീവച്ച് കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട കിരൺജിത്ത് നീണ്ട 30 വർഷങ്ങൾക്കു ശേഷം ജയിൽ മോചിതയാകുമ്പോൾ തിരുത്തിയത് ബ്രിട്ടനിലെ സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളിലെ പിഴവുകൾ കൂടിയായിരുന്നു. അനുഭവിച്ച മാനസിക ശാരീരിക പീഡനത്തെ കുറിച്ച് കിരൺ ഒരു പുസ്തകം എഴുതി. ഗാർഹിക പീഡനങ്ങഴൾ അനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടി എഴുതിയ പുസ്തകമായിരുന്നു സർക്കിൾ ഓഫ് ലൈറ്റ്. കിരണ്‍ജിത്തിന്റെ കഥ പിന്നീട് പ്രൊവോക്ക്ഡ് എന്ന പേരിൽ സിനിമയായി. ഐശ്വര്യ റായ് ആയിരുന്നു സിനിമയിൽ കിരൺജിത്ത് അലുവാലിയയായി വേഷമിട്ടത്.  ഇപ്പോൾ ഹ്യുമൻസ് ഓഫ് മുബൈയ്ക്ക് നൽകിയ അഭിമുഖത്തിൽ കിരൺജിത്ത് തന്റെ പോരാട്ടജീവിതത്തെ കുറിച്ച് മനസ്സു തുറക്കുകയാണ്. 

‘ജയിലില്‍ ഇരുന്നാണ് ഞാൻ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിച്ചത്. ചെറുപ്പകാലത്ത് ജലന്ധറിൽ ഞാൻ അനുഭവിച്ച ആ സ്വാതന്ത്ര്യം. പിന്നീട് ഒറ്റരാത്രി കൊണ്ട് ഒരു തണുത്ത തറയിൽ ഉറങ്ങി ഉണർന്നപ്പോൾ നഷ്ടമായത്.’– കിരൺജിത്ത് അലുവാലിയ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. കിരൺജിത്തിന് മൂന്നുമാസം മാത്രം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. എട്ട് സഹോദരങ്ങളുണ്ടായിരുന്നു. പെൺകുട്ടികൾക്കുള്ള ഒരുവിലക്കുകളും അവർക്കുണ്ടായിരുന്നില്ല. കിരൺജിത്തിന് 15 വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. മികച്ച ചികിത്സ ലഭ്യമാക്കാൻ കിരൺജിത്തിന്റെ സഹോദരങ്ങൾ ശ്രമിച്ചെങ്കിലും അമ്മ കിരൺജിത്തിന്റെ ഒറ്റയ്ക്കാക്കി പോകാൻ സമ്മതിച്ചില്ല. അമ്മയുടെ രോഗവിവരം സഹോദരങ്ങൾ കിരൺജിത്തിൽ നിന്നും മറച്ചു വച്ചു. 

‘ബോർഡ് എക്സാം കഴിഞ്ഞ ദിവസം അമ്മ എന്നെ അവർക്കൊപ്പം ഉറങ്ങാൻ നിർബന്ധിച്ചു. എന്നാൽ ഞാൻ അതിനു തയ്യാറായില്ല. പകരം അമ്മ കിടക്കുന്ന കട്ടിലിനു താഴെ ഞാനും കിടന്നു. എന്നാൽ പിറ്റേന്ന് ഉണർന്നപ്പോഴേക്കും അമ്മ എന്റെ ജീവിതത്തിൽ നിന്ന് പോയി. പെട്ടന്ന് തനിച്ചായതു പോലെ എനിക്കു തോന്നി. അമ്മയുടെ മരണ ശേഷം എന്റെ രണ്ടാമത്തെ സഹോദരൻ എന്നെ അഹമ്മദാബാദിലേക്ക് കൊണ്ടു പോയി. പഠിക്കണോ? വിവാഹിതയാകണോ എന്നായിരുന്നു സഹോദരങ്ങൾ മുന്നോട്ടു വച്ച രണ്ട് കാര്യങ്ങൾ. പഠിക്കാനായിരുന്നു തീരുമാനം. ഹിന്ദിയില്‍ ബിരുദവും ഇംഗ്ലീഷിൽ ഭാഷാ പ്രാവിണ്യവും നേടാൻ ഇക്കാലം വിനിയോഗിച്ചു. എന്നാൽ ജോലിക്കു പോകണമെന്ന ആവശ്യം സഹോദരൻ അംഗീകരിച്ചില്ല. എന്നാൽ ധാരാളം പോക്കറ്റ് മണി നൽകുമായിരുന്നു.രാഖിക്കു പകരം ബൈക്കാണ് സമ്മാനമായി നൽകിയത്. സ്വാതന്ത്ര്യമൊഴികെ അവർ എനിക്ക് എല്ലാം നൽകിയിരുന്നു.’– കിരണ്‍ ജിത്ത് പറയുന്നു. 

വിവാഹാലോചനകളിൽ നിന്ന് രക്ഷപ്പെടാൻ നിയമപഠനത്തിനു ചേരാൻ തീരുമാനിച്ചു. എന്നാൽ കിരണ്‍ജിത്തിനെ വിവാഹം കഴിച്ചു നൽകാനായിരുന്നു സഹോദരന്മാരുടെ തീരുമാനം. എന്നാൽ ഇതിൽ നിന്നും രക്ഷപ്പെടുന്നതിനായി കിരൺജിത്ത് കാനഡയിലുള്ള തന്റെ സഹോദരിക്ക് ആരും അറിയാതെ ഒരു കത്തയച്ചു. കാനഡയിലേക്ക് കൊണ്ടു പോകണമെന്നായിരുന്നു ആവശ്യം. അവിടെ നിന്നാണ് ജീവിതം മാറിമറിഞ്ഞത്. കാനഡയിൽ എത്തിയപ്പോൾ സഹോദരിയും കിരൺജിത്തിനോട് വിവാഹത്തെ പറ്റി പറഞ്ഞു. എന്നായാലും വിവാഹം കഴിക്കണം. ഇവിടെ നിന്ന് വിവാഹം കഴിക്കാമെന്ന് കിരൺജിത്തിനോട് സഹോദരിയോടു പറഞ്ഞു. അങ്ങനെയാണ് ദീപക് അലുവാലിയ കിരൺജിത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.  കിരൺജിത്തിനെ നേരിട്ടു കണ്ടു സംസാരിക്കുന്നതിനായി ദീപക് ലണ്ടനിൽ നിന്ന് കാനഡയിൽ എത്തി. പഠിക്കണം, സാരിയുടുത്തു നടക്കാനായകില്ല. ഈ രണ്ട് കാര്യങ്ങള്‍ കിരൺജിത്ത് ദീപക്കിനോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം വിവാഹിതരാകുകയും അവർ ലണ്ടനിലെത്തുകയും ചെയ്തു.

‘ദീപക്കിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ചായ സത്കാരത്തിനായി എത്തിയപ്പോൾ മുതൽ ഞാൻ മറ്റൊരു ദീപക്കിനെ കണ്ടുതുടങ്ങി. വാഷ്റൂമിൽ നിന്ന് ഫ്രഷായി വരാൻ പോയതാണ് ഞാൻ. അയാൾ എന്റെ പിറകെ എത്തി. തടഞ്ഞു നിർത്തി എന്റെ തല ബലമായി ചുമരിൽ ഇടിപ്പിച്ചു. വേദനകൊണ്ട് പുളഞ്ഞുനിന്ന എന്റെ കാലിൽ നിന്നും ചെരുപ്പുകൾ ഊരി അയാൾ വലിച്ചെറിഞ്ഞു. ഇത്രയും മോശം ചെരുപ്പുകൾ ആരാണ് ധരിക്കുക എന്നായിരുന്നു അയാളുടെ ചോദ്യം. കാനഡയിൽ ഞാൻ പരിചയപ്പെട്ട ദീപക്കായിരുന്നില്ല അത്. അന്ന് വൈകിട്ട് ഭക്ഷണം ഇഷ്ടമായില്ലെന്നും പറഞ്ഞ് അയാൾ പാത്രങ്ങൾ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. പതിയെ ശരിയാകുമെന്നു കരുതി ഞാൻ കാത്തിരുന്നു. ആദ്യരാത്രി അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. കിട്ടിയ വിവാഹ സമ്മാനങ്ങൾ ഞാനും ദീപക്കിന്റെ സഹോദരിയും ചേർന്ന് തുറന്നു നോക്കുമ്പോൾ അയാൾ സഹോദരിക്കുനേരെയും അക്രമാസക്തനായി. അവൾ ഓടി രക്ഷപ്പെട്ടു. 

പിന്നീട് ദീപക്കിന്റെ മാതാപിതാക്കളെ കാണാൻ പോയപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അയാൾ മറ്റുള്ളവരുടെ മുന്നിൽ നിന്നും എന്നെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. വസ്ത്രങ്ങള്‍ അഴിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു. അധികനേരം പ്രതിരോധിക്കാൻ എനിക്കു സാധിച്ചില്ല. പിന്നീട് അത് പതിവായി. അയാൾക്കു തോന്നുമ്പോഴെല്ലാം എന്നെ ബലാത്സംഗം ചെയ്തു. ഇതിനെല്ലാം പലപ്പോഴും നിസാര കാരണങ്ങൾ കണ്ടെത്തിയിരുന്നു. റൊട്ടി വട്ടത്തിലാകാത്തതിന്, കാപ്പി കുടിക്കുമ്പോൾ അയാളുടെ അമ്മയോട് കൂടുതൽ സമയം സംസാരിച്ചതിന് അങ്ങനെ പോകുന്നു കാരണങ്ങൾ. എല്ലാം കഴിഞ്ഞ് ചിലപ്പോൾ അയാൾ വന്ന് ക്ഷമപറയു. സ്നേഹം കൊണ്ടാണെന്നു പറയും. എന്നെ ഉപദ്രവിക്കുന്നത് തടയാൻ പലപ്പോഴും അയാളുടെ മാതാപിതാക്കൾ ശ്രമിച്ചു. എന്നാൽ അവരെയും അയാൾ ഭയപ്പെടുത്തി. 

മൂന്നുമാസത്തിനു ശേഷം ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞു. ഗർഭനിരോധന മാർഗങ്ങളൊന്നും സ്വീകരിക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. അയാൾ അറിയാതെ ഞാൻ ഗർഭച്ഛിദ്രം നടത്തി. ഇല്ലെങ്കിൽ എനിക്കൊപ്പം ആ കുഞ്ഞിനെയും അയാൾ ഇല്ലാതാക്കുമായിരുന്നു. ദീപക്കിന്റെ അക്രമങ്ങളിൽ മനസ്സു മടുത്ത് അയാളുടെ മാതാപിതാക്കൾ താമസം മാറി. ഒറ്റയ്ക്കായപ്പോൾ അതിക്രമങ്ങൾ കൂടി. ഞാൻ വീണ്ടും ഗർഭിണിയായി. ആദ്യത്തെ കുഞ്ഞ് പിറന്ന് ഒൻപതുമാസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഗർഭിണിയായി. ഇതറിഞ്ഞതോടെ അയാൾ എന്നെ നിലത്തിട്ടു വലിച്ചിഴച്ചു. കുട്ടി തന്റെതല്ലെന്നു പറഞ്ഞായിരുന്നു അതിക്രമം. ഇടയ്ക്കിടയ്ക്ക് എന്റെ സഹോദരൻമാരോട് പണം ആവശ്യപ്പെട്ടു. അയാൾ എന്ത് ആവശ്യപ്പെട്ടാലും നൽകുമെന്ന അവസ്ഥയിലായിരുന്നു ഞാൻ. ദീപക്കിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ പീഡനങ്ങൾ കൂടി വന്നു. എന്നാൽ എന്നെയും കുട്ടികളെയും ഉപേക്ഷിക്കരുതെന്നു മാത്രമാണ് അഭ്യർഥിച്ചത്. ഈ വിഷയത്തില്‍ തർക്കമുണ്ടായ ദിവസമാണ് അയാൾ എന്റെ മുഖം ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു പൊള്ളിച്ചത്. ’– കിരൺജിത്ത് പറയുന്നു. 

എന്നാൽ ഈ സംഭവത്തോടെ അയാളോട് പ്രതികാരം ചെയ്യാൻ കിരൺജിത്ത് തീരുമാനിച്ചു. പൊള്ളിയപ്പോൾ തനിക്കുണ്ടായ വേദന അയാളും അനുഭവിക്കണമെന്ന് അവർ കരുതി. രാത്രി രണ്ടു മണിയോടെ ഗ്യാരേജിൽ നിന്നും പെട്രോൾ എടുത്തു കൊണ്ടു വന്ന് കിരൺജിത്ത് ഭർത്താവിന്റെ കാലില്‍ ഒഴിച്ചു. അയാൾ നല്ല ഉറക്കത്തിലായിരുന്നു. തുടർന്ന് തീകൊളുത്തി. കുട്ടികളെയും കൊണ്ട് പുറത്തേക്കോടി. വീടിനാകെ തിപിടിച്ചു. ഫയർഫോഴ്സ് എത്തി ദീപക്കിനെ പുറത്തെടുത്തപ്പോൾ അയാൾക്ക് ജീവനുണ്ടായിരുന്നു. 

‘പൊലീസിനോട് എന്റെ കുട്ടികൾ സുരക്ഷിതരാണോ എന്നു മാത്രമാണ് ചോദിച്ചത്. അവരെ ദീപക്കിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. കുറ്റം ചെയ്തത് ഞാനാണെന്ന് ഒരു മടിയും കൂടാതെ സമ്മതിച്ചു. 5 ദിവസം കഴിഞ്ഞപ്പോൾ ദീപക് മരിച്ചു. അയാളെ കൊല്ലണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. പിന്നീട് ജയിലിലായിരുന്നു ജീവിതം. ’കിരൺജിത്ത് അലുവാലിയ വ്യക്തമാക്കി. സത്തേൺ ഹാൾ ബ്ലാക്ക് സിസ്റ്റേഴ്സ് എന്ന എൻജിഒ സംഘടനയും പ്രാഗ്ന എന്ന അഭിഭാഷകയുമാണ് കിരൺജിത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനുള്ള വഴി ഒരുക്കിയത്. കിരൺജിത്തിന്റെ കഥയറിഞ്ഞ് ധാരാളം പേർ അവരെ സ്വീകരിക്കാൻ എത്തിയിരുന്നു. 

‘മക്കൾക്കൊപ്പം ഞാൻ പുതിയ ജീവിതം ആരംഭിച്ചു. ചെറിയ ജോലികൾ ചെയ്ത് അവരെ പഠിപ്പിച്ചു. ഒരിക്കലും അവർ ദീപക്കിനെ പോലെയാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് ഞാൻ ദീപക്കിന്റെ അമ്മയുടെ അരികിൽ പോകും. അവരുമായി പുറത്തു പോകുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും ചെയ്യും. മക്കൾ വളർന്നു. മൂത്തമകൻ വിവാഹിതനായി. ഇളയയാൾ ജോലിയും യാത്രയുമെല്ലാമായി ജീവിതം ആഘോഷമാക്കുന്നു. ധാരാളം സ്ത്രീകൾ ഇന്നും എന്റെ കഥ കേൾക്കാനും പീഡനങ്ങൾ തിരിച്ചറിയാനും തയ്യാറാകുന്നുണ്ട്. ആ വേദനകളെല്ലാം ഇന്നും എനിക്കു ദുഃസ്വപ്നമാണ്. ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. എന്നാൽ ഈ അറുപത്തിയാറാം വയസ്സിലും കൃത്യം വട്ടത്തിൽ റൊട്ടിയുണ്ടാക്കാൻ എനിക്ക് അറിയില്ല.’– ഒരു ചെറുപുഞ്ചിരിയോടെ കിരൺജിത്ത് അലുവാലിയ പറയുന്നു.

English Summary: Kiranjit Ahluwalia is an Indian woman who came to international attention after burning her abusive husband 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA