sections
MORE

82-ാം വയസ്സിൽ ബഹിരാകാശത്തേക്ക്; ആസ്വദിച്ച് വാലി ഫങ്ക്; ഏറ്റവും പ്രായമേറിയ ബഹിരാകാശയാത്രിക

wally-funk
വാലി ഫങ്ക്
SHARE

സമത്വത്തെ കുറിച്ച് സംസാരിക്കുമെങ്കിലും പലപ്പോഴും സ്ത്രീകൾ വിവേചനങ്ങൾ നേരിടേണ്ടി വരികയും മാറ്റി നിർത്തപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ കാലമേറെ കഴിയുമ്പോൾ അവരിൽ ചിലരെങ്കിലും ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് വാലി ഫാങ്ക്. ന്യൂഷെപ്പേഡ് പേടകം ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ വിശിഷ്ടാതിഥിയായി വാലി ഫങ്കും കൂടെയുണ്ടാകുമെന്ന് അറിയിച്ചത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആയിരുന്നു. ഇപ്പോൾ 82–ാം വയസ്സിൽ വാലി ഫങ്കിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. 

വാലി ഫാങ്കിന്റെ ഈ യാത്രയ്ക്ക് പിന്നിൽ ഏറെ പഴക്കമുള്ള ഒരു തിരസ്കാര കഥയുണ്ട്. അത് ഇങ്ങനെയാണ്. 1961ൽ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തിൽ ഉൾപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു വാലി. അന്ന് 21 വയസ്സായിരുന്നു അവരുടെ പ്രായം. മെർക്കുറി 13 എന്നു പേരായ ബഹിരാകാശ യാത്രാപദ്ധതിയിലായിരുന്നു വാലി ഫങ്ക് അംഗമായത്. എന്നാൽ  അവസാനം സ്ത്രീകളുടെ സംഘത്തെ ബഹിരാകാശത്തേക്ക് അയക്കേണ്ടെന്ന് നാസ തീരുമാനിച്ചു. സ്ത്രീ ആയി ജനിച്ചതു കൊണ്ടു മാത്രം അവസരം നഷ്ടമായത് വാലി ഫങ്കിൽ വലിയ നിരാശയുണ്ടാക്കി. 

wally-funk1

സ്വപ്ന സാക്ഷാത്കാരത്തിനായി വാലിക്ക് കാത്തിരിക്കേണ്ടി വന്നത് നീണ്ട 61 വർഷങ്ങൾ. അന്ന് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന ബഹുമതി നഷ്ടമായ വാലിക്ക് നിലവിൽ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന അംഗീകാരമാണ് ലഭിക്കുന്നത്. യുഎസിൽ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വനിതകളിൽ ഒരാളാണ് വാലി ഫങ്ക്. എന്നാൽ സ്ത്രീയാണെന്ന കാരണത്താല്‍ വിമാനം പറത്താനുള്ള അവസരവും നഷ്ടമായി. മൂന്നു കമ്പനികളാണ് ഈ ഒറ്റക്കാരണത്താൽ വാലി ഫങ്കിന് അവസരം നിഷേധിച്ചത്. എന്നാൽ ഇതൊന്നും വാലിയെ തളർത്തിയില്ല. യുഎസിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്ട്രക്റ്റർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്പെക്ടർ എന്നീ അംഗീകാരങ്ങൾ വാലിക്ക് ലഭിച്ചു. 3000ൽ അധികം പേർക്ക് വാലി പൈലറ്റ് പരിശീലനം നൽകി. 

1963ൽ സോവിയറ്റ് യൂണിയന്റെ വാലന്റിന തെരഷ്കോവയായിരുന്നു ബഹിരാകാശത്ത് എത്തിയ ആദ്യ വനിത. ഇത് കണക്കിലെടുത്തെങ്കിലും നാസ തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ഇവർ മൂന്നു തവണ ശ്രമിച്ചിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. ജൂലാ 20ന് ടെക്സസിൽ നിന്നും ലോഞ്ച് ചെയ്ത ബ്ലു ഒറിജിന്റെ പേടകത്തിലാണ് വാലിയും ബെസോസും സംഘവും ആകാശത്തേക്ക് എത്തിയത്. പത്തു മിനിറ്റു മാത്രം ദൈർഘ്യമുള്ള യാത്രയായിരുന്നു അത്. യാതൊരു ഭയവും തോന്നിയില്ലെന്നും യാത്ര ആസ്വദിച്ചെന്നുമായിരുന്നു വാലിയുടെ പ്രതികരണം. 

English Summary: Wally Funk is Finally Heading to Space With Jeff Bezos

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA