sections
MORE

‘നിന്റെ തടിക്ക് ഈ പാത്രത്തിലെ ബിരിയാണി മതിയാകില്ലല്ലോ, അയാളുടെ തമാശ എന്റെ നെഞ്ചിൽ ആഞ്ഞുകുത്തി’

ashmi
SHARE

ബോഡി ഷെയ്മിങ് ഒരു വ്യക്തിയുടെ മനസിനെ എത്രമാത്രം അസ്വസ്ഥമാക്കുമെന്ന് സ്വന്തം അനുഭവം മുന്‍നിര്‍ത്തി കുറിക്കുകയാണ് ആഷ്മി സോമന്‍. ഫൊട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും മടിച്ച കാലവും, ഇഷ്ടവസ്ത്രങ്ങള്‍ ശരീരത്തോട് പിണങ്ങി മുഖംതിരിച്ചു നിന്നതുമൊക്കെ അഷ്മിയുടെ പോയകാല ഓര്‍മ്മകളിലുണ്ട്. ബോഡി ഷെയ്മിങ്ങ് നടത്തുന്നവർക്ക് അത് തമാശ മാത്രമാണ്. പക്ഷേ, അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാന്‍ നിങ്ങളുടെ ആ തമാശ മാത്രം മതിയാകുമെന്ന് അഷ്മി വികാരനിര്‍ഭരമായി കുറിക്കുന്നു. 

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് ആഷ്മി പറയുന്നത് ഇങ്ങനെ: "നിന്റെ തടിക്ക് ഈ പാത്രത്തിലെ ബിരിയാണി മതിയാകില്ലല്ലോ." 12 വർഷം മുൻപ് ഒരു പെരുന്നാൾ കാലത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ എന്റെ നെഞ്ചിൽ ആഞ്ഞു കുത്തിയ വാക്കുകളാണ്. ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും. ആവശ്യത്തിലധികം തടിയുണ്ടായിരുന്ന പത്താംക്ലാസ്കാരിയുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ മാത്രം ശക്തിയുണ്ടായിരുന്നു കൂട്ടുകാരിയുടെ മാമന്റെ ആ തമാശയ്ക്ക്..

ഇഷ്ടപ്പെട്ട വസ്ത്രമൊന്നും തുണി കടയിൽ നിന്ന് കിട്ടാതെ, തുണികടകൾ മാറി മാറി നടന്ന് ക്ഷീണിച്ച് അവസാനം തുണി വാങ്ങി തയ്‌ച്ച് ഇടേണ്ടി വന്നിരുന്ന കൗമാരക്കാരിക്ക്, ആള് കൂടുന്നിടത്ത് പോകാൻ പോലും തോന്നാത്തവിധത്തിൽ ആഴത്തിൽ ഉണ്ടാക്കിയ മുറിവായിരുന്നു അയാളുടെ ആ തമാശ.

എന്റെ കൗമാരകാലത്തെ ഫോട്ടോകളിൽ അധികവും ഞാൻ ചിരിക്കാതെ നിൽക്കുന്നതാണ് കൂടുതൽ കണ്ടിട്ടുള്ളത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അന്ന് മടി ആയിരുന്നു. പിന്നെയും എത്ര കാലങ്ങൾ എടുത്താണ് ഈ ബോഡി ഷെയ്മിങ്ങുകളെ നേരിടാനുള്ള ധൈര്യമെങ്കിലും കിട്ടിയത്. ഞാൻ ചിരിക്കാൻ തുടങ്ങിയത്. കാലമിത്ര കഴിഞ്ഞിട്ടും ഞാനിന്നും ആ ദിവസം മറക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അന്ന് ആ 15 വയസ്സുകാരി എത്ര വേദനിച്ചിട്ടുണ്ടാകും.

ചെറുപ്രായത്തിൽ മനസ്സിലേൽക്കുന്ന മുറിവ് എത്ര കാലം കഴിഞ്ഞാലും ഉണങ്ങാൻ പാടാണ്. ഇന്നിങ്ങനെ ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഞാൻ ഓർക്കും അന്ന് ആ ഭക്ഷണ മേശയിൽ തലകുനിഞ്ഞിരിക്കേണ്ടി വന്ന ആ 15 വയസ്സുകാരിയെ. തടിച്ചവളെന്നും, മെലിഞ്ഞവനെന്നും, വെള്ളപ്പാറ്റ എന്നും,കറുത്തവനെന്നുമൊക്കെ നമ്മൾ കളിയാക്കി ചിരിക്കുമ്പോൾ എത്ര മനുഷ്യരുടെ ചിരി ആയിരിക്കും നഷ്ടപ്പെട്ടിട്ടുണ്ടാകുക. ബോഡി ഷെയിമിങ് ചെയ്യുന്നത് ചിലർക്ക് തമാശ മാത്രമാണ്.. പക്ഷെ അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാൻ നിങ്ങളുടെ ആ തമാശ മാത്രം മതിയാകും.

English Summary: Viral Facebook Post About Body Shaming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA