ADVERTISEMENT

‘പകൽ എന്താ പരിപാടി’? ചോദ്യം പത്മിനിയമ്മയോട് ആണെങ്കിൽ മറുപടി, ‘ദേ, 101–ാമത്തെ ചിത്രപ്പണിയിലല്ലേ’ എന്നാകും. പ്രായം 90 ആയെങ്കിലും കണ്ണൂർ ചൊക്ലി കൃഷ്ണപുരത്തിൽ പത്മിനിയമ്മ തുണികളിൽ ചിത്രപ്പണികൾ ചെയ്യുകയാണ്.

craft-1

6 വർഷം മുൻപ്

പ്രായത്തിന്റേതായ അത്യാവശ്യം ക്ഷീണമൊക്കെ ഉണ്ടായിരുന്ന പത്മിനിയമ്മ മുൻപൊക്കെ പകൽ സമയം െചലവഴിച്ചിരുന്നത് ടിവി കണ്ടാണ്. ഇതു കണ്ട് 6 വർഷം മുൻപാണു പത്മിനിയമ്മയുടെ മകൻ മധുസൂദനൻ അമ്മയ്ക്ക് ചിത്രങ്ങൾ തുന്നൽപണി ചെയ്യുന്നതിനുള്ള ആർട് കിറ്റ് സമ്മാനമായി നൽകുന്നത്. ‘തുന്നൽപണി ചെയ്യാൻ ആദ്യമൊക്കെ അൽപം മടിയുണ്ടായിരുന്നു. ചെയ്തു തുടങ്ങിയപ്പോൾ അതൊരു ആവേശമായി മാറി. ഇപ്പോൾ ഒരു ദിവസത്തിന്റെ കൂടുതൽ സമയവും ചിത്രപ്പണികൾ ചെയ്താണു കഴിച്ചു കൂട്ടുന്നത്,’ പത്മിനിയമ്മ പറയുന്നു. ചെറുപ്പകാലത്ത് തയ്യൽ മെഷീനിൽ തയ്ക്കാറുള്ളത് അല്ലാതെ മറ്റൊരു മുൻ പരിചയവുമില്ല. എങ്കിലും വേഗത്തിൽ തന്നെ വിവിധ ഡിസൈനുകളിൽ തുന്നൽ പഠിച്ചെടുക്കുകയായിരുന്നു. 

craft4

ചിലപ്പോൾ 10 മുതൽ 15 ദിവസം വരെയെടുക്കും ചിത്രപ്പണികൾ ചെയ്തു തീർക്കാൻ. 11 മക്കളാണു പത്മിനിയമ്മയ്ക്ക്. അവരുടെ പരിപൂർണ പിന്തുണയാണ് ഈ ചിത്രപ്പണികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നു പത്മിനിയമ്മ പറയുന്നു. ചിത്രപ്പണികൾ ചെയ്ത ക്യാൻവാസുകൾ പ്രദർശനത്തിനും വിൽപനയ്ക്കും വയ്ക്കുന്നതിനെക്കുറിച്ചു ബന്ധുക്കളും മക്കളുമൊക്കെ പറയുമ്പോഴും പത്മിനിയമ്മ അതു സമ്മതിക്കാറില്ല. തുന്നൽപ്പണികൾ ചെയ്ത ക്യാൻവാസുകളൊക്കെയും ഫ്രെയിം ചെയ്തു സമ്മാനമായി നൽകാനാണു പത്മിനിയമ്മയ്ക്കിഷ്ടം. മക്കൾക്കും കൊച്ചുമക്കൾക്കും സഹോദരങ്ങളുടെ മക്കൾക്കുമൊക്കെ ലഭിക്കാറുണ്ട് പത്മിനിയമ്മയുടെ ഈ സമ്മാനങ്ങൾ. മക്കൾ ഇതു ജോലി സ്ഥലത്തും മറ്റുമുള്ള ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സമ്മാനമായി നൽകാൻ തുടങ്ങിയതോടെ പത്മിനിയമ്മയുടെ ചിത്രങ്ങൾ വിവിധ രാജ്യങ്ങളിലുമെത്തി.

craft3

ഒരു ദിവസമിങ്ങനെ

രാവിലെ എഴുന്നേറ്റ് ചായയൊക്കെ കുടിച്ചു കഴിയുമ്പോൾ തന്നെ ചിത്രപ്പണികൾ തുടങ്ങും പത്മിനിയമ്മ. ഉച്ചയ്ക്ക് 12 മണി വരെയൊക്കെ തന്റെ ഈ വിനോദം തുടരും. ഉച്ചയ്ക്കു ശേഷവും രണ്ടോ മൂന്നോ മണിക്കൂർ ചിത്രപ്പണികൾ ചെയ്യാറുണ്ട്. പാട്ടുകൾ പാടാറുള്ള പത്മിനിയമ്മ വാട്സാപ് അന്താക്ഷരിക്കുമൊക്കെ മുൻപന്തിയിലുണ്ടെന്നു പറയുന്നു സഹോദരന്റെ മകൾ മിനി. 

craft2

ഇക്കഴിഞ്ഞ 25നായിരുന്നു പത്മിനിയമ്മയുടെ 90–ാം പിറന്നാൾ. ഇക്കഴിഞ്ഞ 6 വർഷം കൊണ്ട് 100 ചിത്രങ്ങൾ പൂർത്തിയാക്കി. 101–ാമത്തെ കഥകളിചിത്രത്തിന്റെ പണിപ്പുരയിലാണു പത്മിനിയമ്മ ഇപ്പോൾ. 

English Summary: Craft Work OF 90 Years Old Padmini Amma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com