ADVERTISEMENT

ചിലങ്കകളോടായിരുന്നു അവൾക്കേറ്റവും ഇഷ്ടം. പക്ഷേ, വർഷങ്ങൾക്കിപ്പുറം വിധി അവളോടു ചോദിച്ചുവാങ്ങിയതും അവയെത്തന്നെയാണ്. നൃത്തച്ചുവടുകളിൽ തുമ്പിയെപ്പോലെ പാറണമെന്നു കൊതിച്ചവൾ ചക്രക്കസേരയിലേക്കു വാടിവീണു. ശരീരപേശികളെ ഒന്നൊന്നായി തളർത്തുന്ന സ്പൈനൽ മസ്കുലർ അട്രോഫി(എസ്എംഎ) എന്ന വില്ലൻ രോഗം  ചിലങ്കകളുടെ നാദത്തെ ചവിട്ടിയരച്ചു കടന്നുവരികയായിരുന്നു. 

22ാം വയസ്സിൽ  ഒരു കസേരവലയത്തിൽ ഒതുങ്ങിപ്പോയ ജീവിതത്തിൽ നിന്ന് അകന്നുപോയ സ്വപ്നങ്ങൾ. അവയെ അൽപമെങ്കിലും ഒന്നെത്തിത്തൊടണ്ടേ? ആ സന്തോഷത്തിന്റെ, മനോഹരമായൊരു ഫോട്ടോഷൂട്ടിന്റെ കഥ പറയുന്നു, കൊല്ലം പത്തനാപുരം കുണ്ടയം കാരമ്മൂട് സ്വദേശിനിയായ ലക്ഷ്മി എസ്.നായർ.  ചുവന്ന പട്ടുടുത്ത്, ആഭരണങ്ങളണിഞ്ഞ്, ചക്രക്കസേരയിലിരുന്നു തന്നെയാണു ചിത്രങ്ങൾ  പകർത്തിയത്. അണിഞ്ഞൊരുങ്ങാനും നൃത്തം ചെയ്യാനും കഴിഞ്ഞിരുന്ന കാലത്തിലേക്കൊരു മടക്കം.  ചിത്രങ്ങളിലൂടെ അവൾ പറഞ്ഞത് ഇങ്ങനെ: ‘സ്വപ്നങ്ങളെ മടക്കിക്കൂട്ടി മൂലയ്ക്ക് ഒതുക്കിവയ്ക്കാൻ ഞങ്ങളൊരുക്കമല്ല.’ മസ്കുലർ ഡിസ്ട്രോഫി, അട്രോഫി ബാധിതരുടെ സംഘടനയായ മൈൻഡ് ട്രസ്റ്റ് പങ്കുവച്ച ആ പോസ്റ്റ് ഇഷ്ടമേറെ നേടി, തളർന്നുപോകുന്നവർക്കു പ്രതീക്ഷയായി.  അഷ്ടമി രോഹിണി ദിനത്തിൽ രാധയായി ഒരുങ്ങിയ ലക്ഷ്മിയുടെ ചിത്രങ്ങൾക്കും അഭിനന്ദനമേറെ ലഭിച്ചു.  

എസ്എംഎ, ദുർവിധിയുടെ നിഴൽ

കാരമ്മൂട് ലക്ഷ്മിഭവനിലേക്ക് എസ്എംഎ രോഗം വിളിക്കാതെ കയറിവന്നത് ആദ്യമായല്ല. അനാഥാശ്രമത്തിൽ സുരക്ഷാ ജീവനക്കാരനായിരുന്ന ഉണ്ണിക്കൃഷ്ണൻ നായരും ഭാര്യ സുധർമയും ആദ്യം ആ ക്രൂരവിധി തിരിച്ചറിഞ്ഞത് തങ്ങളുടെ മൂത്ത മകൾ സൗമ്യയുടെ കാൽച്ചുവടുകളിലാണ്. തനിയെ നിൽക്കാനാവാതെ കുഞ്ഞ് പ്രയാസപ്പെടുന്നതു കണ്ടപ്പോൾ അവർ വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടി. എസ്എംഎ രോഗത്തെ ആ കുടുംബം വേദനയോടെ തിരിച്ചറിയുന്നത് അങ്ങനെയാണ്. ഇന്ന്, 28 വയസ്സുള്ള സൗമ്യ ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണു ചക്രക്കസേരയിലേക്ക് ഒതുങ്ങുന്നത്. കോളജിലേക്കുള്ള പടവുകൾ ജീവിതം പോലെ വലിയ കടമ്പയായപ്പോൾ ഡിഗ്രി വിദ്യാഭ്യാസം നിലച്ചു. ഇപ്പോൾ ഗ്രാഫിക് ഡിസൈനറാണ്.

വീണ്ടും രോഗം

രണ്ടാമത്തെ മകൾ സൂര്യയെ വെറുതെവിട്ട രോഗം അടങ്ങിയിരുന്നില്ല; ഏറ്റവും ഇളയ കുട്ടിയായ ലക്ഷ്മിയെ പിടികൂടി. കുട്ടിക്കാലത്തു നൃത്തംവച്ചു പൂമ്പാറ്റയെപ്പോലെ നടന്ന ലക്ഷ്മി, കൗമാരം കടന്നപ്പോഴേ രോഗത്തിന്റെ പിടിയിലായി. ഡിഗ്രി ക്ലാസുകളിൽ വരെ കൂട്ടുകാർക്കൊപ്പം നടന്നുപോകാമായിരുന്നു. പടികൾ കൂട്ടുകാരുടെ സഹായത്തോടെ പിടിച്ചുകയറിയാണു പത്തനാപുരം യുഐടിയിൽ എത്തിയതും പഠിച്ചതും.  പതിയെ ജീവിതത്തിലൂടെ നടന്നെങ്കിലും അവളെക്കാത്തു രോഗം വഴിയിൽ ചക്രക്കസേരയുമായി കാത്തുനിൽപ്പുണ്ടായിരുന്നു. എന്നിട്ടും തോറ്റില്ല, ഇപ്പോൾ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ വിദൂരവിദ്യാഭ്യാസത്തിന്റെ ഭാഗമായി എംബിഎയ്ക്കു പഠിക്കുകയാണ്.

പ്രതിസന്ധികളേറെ കടന്നതിന്റെ നോവുണ്ട്, ലക്ഷ്മിയുടെ വാക്കുകളിൽ. മക്കൾക്കൊപ്പം വൻമതിൽപോലെനിന്ന അച്ഛൻ ഉണ്ണിക്കൃഷ്ണനു പക്ഷാഘാതം വന്നതു കുടുംബത്തെയാകെ ഉലച്ചു. അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുവരുന്നതിന്റെ ആശ്വാസമുണ്ട് ഇപ്പോൾ. എസ്എംഎ ബാധിതരായ രണ്ടു മക്കളെയും തന്റെ അവശതകൾ മറന്നു പരിചരിക്കുന്ന അമ്മയും എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്ന നഴ്സായ സഹോദരി സൂര്യയും അവരുടെ ഭർത്താവ് അനന്തുവും ഈ സഹോദരിമാർക്കു ബലമാകുന്നു. 

പ്രകാശമാകണം!

നാലുചുവരുകളിലെ ഇരുളല്ല, ഇടയ്ക്കൊക്കെ എത്തുന്ന പ്രകാശമാണു ജീവിതമെന്നു തോന്നുന്നത്, ചെറിയ സ്വപ്നങ്ങളെങ്കിലും യാഥാർഥ്യമാകുമ്പോഴാണെന്നു ലക്ഷ്മി പറയുന്നു.സുഹൃത്തുക്കളായ ശ്രുതിയും വിപിനുമാണ് ഫോട്ടോഷൂട്ട് എന്ന ആഗ്രഹത്തിനൊപ്പം നിന്നത്.  സിനിമാദൃശ്യങ്ങൾക്കു ഡബ് ചെയ്യുന്നതാണു  മറ്റൊരിഷ്ടം. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ അഭിനന്ദനങ്ങളും ഈ വിഡിയോകൾക്കു കിട്ടിയിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് ആകണം, അമ്പെയ്ത്തു പരിശീലിക്കണം, സ്വന്തമായി ജോലി നേടണം, ജീവിതമൊന്നു നിവർന്നുനിൽക്കണം... സ്വപ്നങ്ങൾ ഏറെയുണ്ട്. ഫെയ്സ്ബുക് പോസ്റ്റിൽ ലക്ഷ്മി ഇങ്ങനെ കുറിക്കുന്നു; ‘അനുകമ്പയോ ഒറ്റപ്പെടുത്തലോ അല്ല, നിങ്ങളിൽ ഒരാളായി കണ്ട്, ഒപ്പം നിന്നു കൈപിടിച്ചുയർത്തുന്ന പ്രോത്സാഹനമാണു വേണ്ടത്.

English Summary: Life Story Of Lakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com