sections
MORE

ചിത്രകലയുടെ കൂട്ടുപിടിച്ച് സംരംഭകത്വത്തിലേക്ക് : ഖത്തറിലെ  കലാകാരന്മാരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന മലയാളി വനിത

elizabath
SHARE

കാലമേറെ മാറിയിട്ടും കലാപരമായ കഴിവുകളെ ഒരു ഹോബി എന്നതിലുപരി ജീവിതോപാധിയായി തിരഞ്ഞെടുക്കാൻ  മനസ്സുകാണിക്കുന്നവർ ഇപ്പോഴും ചുരുക്കമാണ്. പ്രൊഫഷണലായി കല പഠിക്കാത്തവരുടെ  കാര്യം പറയുകയും വേണ്ട.  കൊച്ചി സ്വദേശിയായ എലിസബത്ത് സക്കറിയാ എന്ന ഏലിയയുടെ കാര്യവും  ഏതാനും വർഷങ്ങൾക്ക് മുൻപുവരെ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. ചിത്രകലയിൽ ജന്മസിദ്ധമായ കഴിവുണ്ടായിരുന്നിട്ടും ആ ഇഷ്ടങ്ങളെല്ലാം മാറ്റിവെച്ച് മറ്റ് തൊഴിൽസാധ്യതകൾ തേടിപോയ ഏലിയ പക്ഷേ ഇന്ന് ഖത്തറിലെ മികച്ച കലാകാരന്മാർ ഒത്തുചേർന്ന ഒരു വലിയ കൂട്ടായ്മയുടെ സാരഥിയാണ്. 

elizabath1

ഉന്നതപഠനത്തിനായി ഗ്രാഫിക് ഡിസൈനിങ് തിരഞ്ഞെടുത്ത ശേഷം  ഫുൾ ടൈം പാർട്ട് ടൈം ജോലികളുമായാണ് ഏലിയ ഖത്തറിൽ ജീവിച്ചിരുന്നത്. പിന്നീട്  കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവിടുന്നതിനു വേണ്ടി ഒരു ഘട്ടത്തിൽ ജോലി ഉപേക്ഷിച്ചു. എന്നാൽ ആ സമയത്ത് വർഷങ്ങൾക്കു മുൻപേ കലാകാരിയായി അറിയപ്പെടണം എന്ന് മനസ്സിൽ ഉദിച്ചിരുന്ന മോഹം പൊടിതട്ടിയെടുത്ത് അതിനായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് 'ദോഹ ആർട്ടിസ്റ്റ് കളക്ടീവ്' എന്ന കൂട്ടായ്മ. 

വഴിത്തിരിവ്

ചിത്രകല പ്രൊഫഷനായി മാറ്റണമെന്ന് മുൻപേ ചിന്തിച്ചിരുന്നുവെങ്കിലും  അത് മറ്റുള്ളവർക്ക് എത്രത്തോളം അംഗീകരിക്കാനാവുമെന്ന്  ഭയപ്പെട്ടതിനാലാണ് മറ്റു മേഖലകൾ തേടിയത്. ഒരു അവധിക്കാലത്ത് യുകെയിലേക്കു നടത്തിയ യാത്രയ്ക്കിടെ ഒരു  ആർട്ട് വർക്ക്ഷോപ്പ് സന്ദർശിച്ചതാണ് ഏലിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അങ്ങനെ വർഷങ്ങൾക്കുശേഷം  വീണ്ടും ഏലിയ ബ്രഷും പെയിന്റുമെടുത്ത് ഒരു ചിത്രം വരച്ചു. താൻ പഠിച്ച ഊട്ടിയിലെ ബോർഡിംഗ് സ്കൂളാണ് വരയിൽ പകർത്തിയത് . അതിന് പ്രതീക്ഷിക്കാത്ത തരത്തിൽ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരു സുഹൃത്തുമായി ചേർന്ന് കലാകാരന്മാർക്കായി ഒരു കൂട്ടായ്മ തുടങ്ങിയത്. 

സുഹൃത്ത് സംഘത്തിൽ തന്നെയുള്ള കലാകാരന്മാർ ഒത്തുചേർന്ന് ആഴ്ചയിലൊരിക്കലെങ്കിലും  ഒരു ചിത്രം വരയ്ക്കുക എന്ന നിലയിലാണ് അഞ്ചുവർഷം മുൻപ് കൂട്ടായ്മ ആരംഭിച്ചത്.   ഇന്നിപ്പോൾ കൂട്ടായ്മയ്ക്കു വേണ്ടി മുഴുവൻസമയം പ്രവർത്തിക്കുന്ന 20 അംഗങ്ങളാണ് ഉള്ളത്. കളക്ടീവിന് ആരാധകർ ഏറി വന്നതോടെ  ലോഗോ ഡിസൈൻ ചെയ്ത് ഒരു ഇൻസ്റ്റാഗ്രാം പേജും ആരംഭിച്ചു. ഇതോടെ പ്രൊഫഷണൽ കലാകാരന്മാരടക്കം പിന്തുണയുമായെത്തി ഒന്നിച്ചുകൂടി ചിത്രരചന നടത്തിത്തുടങ്ങി. ഒടുവിൽ  അംഗങ്ങൾ വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ നടത്തുന്ന നിലയിലേക്ക് കൂട്ടായ്മ വളർന്നു. ചെറിയ പ്രായത്തിലുള്ള മക്കളെ  പരിപാലിക്കുന്നതിനൊപ്പം കൂട്ടായ്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് ഏലിയ പറയുന്നു. 

elizabath2

സംരംഭകത്വം രക്തത്തിൽ അലിഞ്ഞത്. 

തനിക്ക് ഇഷ്ടപ്പെട്ട മേഖലയിൽ പേരെടുത്ത സംരംഭകയാകാൻ സഹായിച്ച മികച്ച മാതൃകകൾ കുടുംബത്തിൽ തന്നെ ഏലിയയ്ക്കുണ്ട്. പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിന്റെ ഉടമയായ ജോൺ പോൾ കുറ്റുക്കാരനാണ്  ഏലിയയുടെ പിതാവ്. സഹോദരനും അടുത്ത ബന്ധുക്കളുമെല്ലാം ഇതേ  മേഖലയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ മക്കൾ ബിസിനസ് രംഗത്തേക്കുതന്നെ  ഇറങ്ങണമെന്ന നിർബന്ധമില്ലാതെ ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാൻ എന്നും അച്ഛൻ പ്രചോദനം നൽകിയിരുന്നതായി  ഏലിയ പറയുന്നു. 

elizabath3

ഖത്തറിലെ വേൾഡ് കപ്പ് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭർത്താവ് സക്കറിയ കോട്ടയം സ്വദേശിയാണ്.  ഏലിയയ്ക്ക് തന്റെ ഇഷ്ടപ്പെട്ട മേഖലയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ  സാധിച്ചതിൽ കുടുംബാംഗങ്ങളെല്ലാം  സന്തോഷത്തിലാണ്. രണ്ടു മക്കളും മുതിർന്നതോടെ കൂട്ടായ്മയ്ക്കു വേണ്ടിയുള്ള പ്രവർത്തനം നടത്താൻ ഇപ്പോൾ കൂടുതൽ സമയവും ലഭിക്കുന്നുണ്ട്. എങ്കിലും കേരളത്തിലായിരുന്നെങ്കിൽ കുടുംബത്തിന്റെ പിന്തുണയോടെ പ്രവർത്തനം കൂടുതൽ സുഖകരമായി നടത്താൻ സാധിക്കുമായിരുന്നു എന്ന് ഏലിയ പറയുന്നു. 

കോവിഡ് കാലത്തെ പ്രവർത്തനം 

കോവിഡ് വ്യാപനം എല്ലാ മേഖലകളേയും ബാധിച്ചതുപോലെ കൂട്ടായ്മയുടെ പ്രവർത്തനത്തെയും സാരമായി തന്നെ ബാധിച്ചിരുന്നു.  എന്നാൽ അപ്പോഴും ഇൻസ്റ്റഗ്രാമിലൂടെ കൂട്ടായ്മ സജീവമായി നിലനിന്നു . ഏതാനും മാസങ്ങൾ ഒത്തുചേർന്ന് ചിത്രരചന നടത്താനാവാതെ വന്നതോടെ പല കലാകാരന്മാർക്കും രണ്ടാമത്തെ തുടക്കം ബുദ്ധിമുട്ടായിരുന്നു.  ഇപ്പോൾ സ്ഥിതിഗതികൾ മാറി തുടങ്ങിയിട്ടുണ്ട്. 

elizabath4

ഇൻസ്റ്റാഗ്രാം പേജിനു  പ്രചാരം വർദ്ധിച്ചതിനെ തുടർന്ന് ആഗോളതലത്തിൽ നിന്നും  ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറി വരുന്നുണ്ട്. വാട്ടർ കളർ ഉപയോഗിച്ച് കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് കൂടുതലായും ഏലിയ വരയ്ക്കുന്നത്. ലണ്ടൻ, കാനഡ, സ്ലോവാക്യ, ന്യൂസിലൻഡ്, പോളണ്ട് എന്നിങ്ങനെ  പല രാജ്യങ്ങളിലേയ്ക്കും ചിത്രങ്ങൾ  അയച്ചു കൊടുത്തിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഉള്ളവരെ ഓൺലൈനായി ചിത്രകല പഠിപ്പിക്കുകയും ചെയ്യുന്നു. 

ചിത്രകല എന്നത് ഹൃദയത്തിന്റെ ഭാഷ 

ചിത്രരചന ഒരു കലാവാസന എന്നതിലുപരി ഒരു ഭാഷയാണെന്ന് കരുതാനാണ് ഏലിയയ്ക്ക് ഇഷ്ടം. ലിപികളും ഭാഷയും ഉണ്ടാവുന്നതിനു മുൻപ് തന്നെ ആളുകൾ സംവദിക്കാൻ ചിത്രകല മാധ്യമമായി ഉപയോഗിച്ചിരുന്നു. ചുറ്റുമുള്ള എന്തിനെയും നിരീക്ഷിച്ച് അടുത്തറിയാൻ ചിത്രകല പഠിപ്പിക്കും എന്നതാണ് ഏലിയയുടെ അഭിപ്രായം. 

elizabath5

തന്റെ ഇഷ്ട മേഖലയിലേക്ക് എത്താൻ  വർഷങ്ങളുടെ പ്രയത്നമാണ് ഏലിയയ്ക്ക് വേണ്ടി വന്നത്. തൊഴിൽ മേഖലയ്ക്കും കഴിവുകൾക്കും മുകളിൽ കുടുംബത്തിന് പ്രാധാന്യം നൽകി ജീവിക്കുന്നവർക്കു പ്രചോദനമാണ് ഏലിയയുടെ ജീവിതം. എന്നാൽ തന്റെ ഇഷ്ടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ എല്ലാ ഭാഗത്തുനിന്നും പൂർണ്ണപിന്തുണ ഉണ്ടായിരുന്നതിനാലാണ് ഇവ സാധ്യമായത് എന്ന് ഏലിയ പറയുന്നു. എല്ലാവരുടെയും കാര്യം ഇങ്ങനെ ആവണമെന്നില്ല. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടുന്നവർക്ക് ഇത്രയധികം സമയം ചിലവഴിച്ച് ഇഷ്ട മേഖലയിൽ ഒരിടം ഉണ്ടാക്കിയെടുക്കാൻ സാധിക്കുക എന്നത് പ്രയാസകരമാണ്. എങ്കിലും ഓരോരുത്തരും ഒരു വ്യക്തി എന്ന നിലയിൽ സ്വയം പരിഗണിക്കണം. മറ്റെല്ലാം നാം  അറിയാതെ തന്നെ ഒപ്പം കൂടുമെന്നാണ് ഏലിയയുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ .

English Summary: The Keralite connoisseur who knitted art with entrepreneurship in Doha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA