ADVERTISEMENT

അമേരിക്കയില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം ടെക്സസ് സംസ്ഥാനം നടപ്പാക്കിയ ഗര്‍ഭച്ഛിദ്ര നിയമത്തെക്കുറിച്ചായിരുന്നു. ടെകസസില്‍ ഗര്‍ഭച്ഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന നിയമം തടയാന്‍ സുപ്രീം കോടതി തയാറായിരുന്നില്ല. ഇതേക്കുറിച്ചായിരുന്നു ഏറെ ചോദ്യങ്ങളും. ഇതിനിടെ, ഒരു പുരുഷ റിപ്പോര്‍ട്ടര്‍ ഉയര്‍ത്തിയ ചോദ്യത്തിന് സാകി നല്‍കിയ മറുപടി ഇപ്പോള്‍ വ്യാപകമായി പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ തരംഗമായതിനൊപ്പം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട് മാധ്യമ 

പ്രവര്‍ത്തകന്റെ ചോദ്യവും സാകി നല്‍കിയ മറുപടിയും. ഗര്‍ഭച്ഛിദ്രം പൂര്‍ണമായി നിരോധിക്കുന്നതിനെ പ്രസിഡന്റ് ജോ ബൈ‍ഡന്‍ പിന്തുണച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശത്തെയും മാനിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തങ്ങളുടെ ശരീരങ്ങളെക്കുറിച്ച് അവസാന വാക്ക് പറയേണ്ടത് സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സെക്രട്ടറിയുടെ വായടപ്പിക്കാന്‍ വേണ്ടി മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യമുയര്‍ത്തിയത്. എന്നത് സാകിയുടെ മറുപടി ഉരുളയ്ക്ക് ഉപ്പേരി പോലെയായിരുന്നു. അതോടെ റിപ്പോര്‍ട്ടറുടെ വായ അടഞ്ഞതിനൊപ്പം ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെയും ജോ ബൈഡന്റെയും നിലപാടും അര്‍ഥ ശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കപ്പെടുകയും ചെയ്തു. 

ഗര്‍ഭച്ഛിദ്രം നടപ്പാക്കുന്നത് ധാര്‍മികമായി തെറ്റാണെന്നാണ് കത്തോലിക്ക മതം പറയുന്നത്. ആ മതത്തില്‍ വിശ്വസിക്കുന്നയാളായിട്ടും എന്തിനാണ് ബൈഡന്‍ ഗര്‍ഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ബുദ്ധിപരമായ ചോദ്യം. ഗര്‍ഭച്ഛിദ്രം വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് സ്ത്രീയാണ്. അതവരുടെ അവകാശത്തില്‍ ഉള്‍പ്പെട്ട വിഷയമാണ്. സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീയല്ലെങ്കില്‍ മറ്റാരാണ് തീരുമാനമെടുക്കേണ്ടത്. ആ അവകാശത്തെ പ്രസിഡന്റും മാനിക്കുന്നു: സാകി വ്യക്തമാക്കി 

അടുത്ത ചോദ്യത്തിലേക്ക് സെക്രട്ടറി കടക്കാന്‍ തുടങ്ങിയെങ്കിലും റിപ്പോര്‍ട്ടര്‍ ഒരു ഉപചോദ്യം കൂടി ചോദിച്ചു. ജനിക്കാനിരിക്കുന്ന കുട്ടിയെ അപ്പോള്‍ ആരു സംരക്ഷിക്കും എന്നാണു പ്രസിഡന്റ് വിശ്വസിക്കുന്നത് ? - റിപ്പോര്‍ട്ടര്‍ ചോദിച്ചു. തീരുമാനങ്ങളെടുക്കേണ്ടത് ഗര്‍ഭിണിയായ സ്ത്രീയാണ്. തന്നെ പരിചരിക്കുന്ന ഡോക്ടറുടെ അഭിപ്രായങ്ങളനുസരിച്ച് ഗര്‍ഭിണിയായ സ്ത്രീ തീരുമാനങ്ങള്‍ കൈക്കൊള്ളണം- സാകി വ്യക്തമാക്കി. ഇതിനു ശേഷമായിരുന്നു സാകിയുടെ യഥാര്‍ഥ പ്രകടനം വന്നതും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത മറുപടി വന്നതും. 

പുരുഷ റിപ്പോര്‍ട്ടറോട് വനിതയായ സാകി പറഞ്ഞു: താങ്കള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നിട്ടില്ലെന്ന് എനിക്കറിയാം. നിങ്ങള്‍ ഇതുവരെ ഗര്‍ഭിണിയായിട്ടില്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍, ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇത്തരം തീരുമാനങ്ങളുടുക്കേണ്ടിവരാറുണ്ട്. അതെത്രമാത്രം പ്രയാസമാണെന്നും ഞങ്ങള്‍ക്കു മാത്രമേ അറിയൂ. സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടണം എന്നാണു പ്രസിഡന്റ് വിശ്വസിക്കുന്നത്. ഇത്രയും പറഞ്ഞുകൊണ്ട് ഈ വിഷയത്തില്‍ ഇനി കൂടുതല്‍ ചോദ്യങ്ങള്‍ക്കു താന്‍ മറുപടി പറയില്ലെന്നും അവര്‍ വ്യക്തമാക്കി. 

ടെക്സസില്‍ ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന നിയമം സ്റ്റേ ചെയ്യാന്‍ തയാറാല്ലെന്ന് 5-4 ഭൂരിപക്ഷത്തോടാണ് സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഭരണഘടനാപരമാണെന്നും അവ മാനിക്കേണ്ടതുണ്ടെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്. അദ്ദേഹം തന്റെ നിലപാട് പല തവണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. 

English Summary: US Press Secretary Epic Reply To Reporter

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com