ADVERTISEMENT

സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങളുടെ ഒട്ടേറെ ചിത്രങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഫൊട്ടോഗ്രഫര്‍മാര്‍ പകര്‍ത്തിയിരുന്നു. ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ ആ ചിത്രങ്ങള്‍ പ്രാധാന്യത്തോടെ അച്ചടിച്ചുവന്നു. ടെലിവിഷനുകള്‍ വാര്‍ത്തകളിലും വിശകലനങ്ങളിലും അവ ആവര്‍ത്തിച്ചു കാണിച്ചു. എന്നാല്‍, കൂട്ടപ്രതിഷേധ പ്രകടനങ്ങളുടേതല്ലാത്ത ഒരു ചിത്രമാണ് ഇപ്പോള്‍ സംസാര വിഷയമായിരിക്കുന്നത്. 

സ്ത്രീകളുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്താണു തിരിച്ചടിച്ചത്. പല തവണ അവര്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. കൂട്ടം കൂടിയ സ്ത്രീകള്‍ പിരിഞ്ഞുപോകാന്‍ വേണ്ടി. പക്കിസ്ഥാന്‍ എംബസിക്കു മുന്നിലും സ്ത്രീകള്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചിരുന്നു. തങ്ങളുടെ രാജ്യത്തെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം അനധികൃതമായി ഇടപെടുന്നതിനെതിരെ കൂടിയാണ് അവര്‍ പ്രതിഷേധിച്ചത്. എന്നാല്‍, അത്ര പെട്ടെന്ന് അവരെ ഭയപ്പെടുത്താനോ നിയന്ത്രിക്കാനോ സാധിക്കുമായിരുന്നില്ല. അത്രമാത്രം ആവേശത്തോടെയാണ് പലരും. തെരുവിലിറങ്ങി താലിബാനെ വെല്ലുവിളിച്ചതും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയതും. അതിനിടെയാണ് തോക്കു ചൂണ്ടിയ ഒരു താലിബാന്‍ ഭീകരനു മുന്നില്‍ ഭയലേശമില്ലാതെ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രം പുറത്തുവന്നത്. താലിബാന്‍ നിയന്ത്രണത്തിലാക്കിയ അഫ്ഗാനിലെ അവശേഷിക്കുന്ന സ്ത്രീകളുടെ പോരാട്ട മനസ്സിന്റെ അടയാളമായാണ് ഈ ചിത്രം ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്.

മരണത്തിന്റെ മുന്നിലും കൂസാതെ നില്‍ക്കുന്ന സ്ത്രീ. അവരുടെ മുഖത്തെ നിശ്ചയദാര്‍ഢ്യവും തോല്‍ക്കാന്‍ തയാറില്ലെന്ന ഭാവവും മരണത്തെപ്പോലും പേടിയില്ലെന്ന മനോഭാവവുമാണ് ലോകം ശ്രദ്ധിച്ചത്. 1989 ല്‍ ടിയാനമെന്‍ സ്ക്വയറില്‍ ചൈനയുടെ ടാങ്കുകളെ കൈ കൊണ്ട് പ്രതിരോധിക്കുന്ന വിദ്യാര്‍ഥിയുടെ പ്രശസ്തമായ ചിത്രമാണ് അഫ്ഗാനില്‍ നിന്നുള്ള ചിത്രം ചിലരുടെയെങ്കിലും ഓര്‍മയില്‍ കൊണ്ടുവന്നത്. സാറ റെഹ്മി എന്നയാളാണ് അഫ്ഗാനില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു പേര്‍ ചിത്രത്തിനു താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നു. 

സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കും ദയാശൂന്യമായ പെരുമാറ്റത്തിനും പേരു കേട്ടവരാണ് താലിബാന്‍ ഭീകരർ. നേരിയ പ്രതിഷേധത്തെപ്പോലും അടിച്ചമര്‍ത്തിയാണ് അവര്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതും. ജീവനില്‍ ഭയമുള്ള ആയിരങ്ങളാണ് ഇതിനോടകം താലിബാന്‍ വിട്ട് മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിച്ചത്. എന്നാല്‍, ഇതൊന്നും ഇപ്പോഴും അഫ്ഗാനില്‍ അവശേഷിക്കുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹത്തെ കെടുത്താന്‍ പര്യാപ്തമല്ല എന്നാണു സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. 

ആയുധ സന്നദ്ധരായ താലിബാന്‍ ഭീകരർ നോക്കിനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം നൂറു കണക്കിനു സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അഫ്ഗാനിന്റെ നിരത്തുകളിലൂടെ മാര്‍ച്ച് ചെയ്തത്. മുന്‍പ് താലിബാന്‍ ഭരിച്ചപ്പോള്‍ സ്റ്റേഡിയങ്ങളിലും മറ്റും പരസ്യമായി വധശിക്ഷ പോലും നടത്തിയുരുന്നു. ഇത്തവണയും ക്രൂരതകള്‍ക്കു കുറവുണ്ടാകില്ലെന്നാണു പലരും ഭയക്കുന്നത്. സ്ത്രീകളുടെ ചിത്രമെടുത്ത മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ തട്ടിയെടുക്കുകയും നശിപ്പിക്കുകയും ഒക്കെ ചെയ്തു താലിബാന്‍കാര്‍. എന്നാല്‍, ചില ചിത്രങ്ങള്‍ മാത്രം രഹസ്യമായി പുറം ലോകത്തെത്തിക്കാന്‍ കഴിഞ്ഞു. അവയില്‍ നിന്നാണ് രാജ്യത്ത് നടക്കുന്ന സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ച് ലോകം അറിഞ്ഞത്. 14 മാധ്യമ പ്രവര്‍ത്തകരെ താലിബാന്‍ ഭീകരർ തടഞ്ഞുവയ്ക്കുകയുമുണ്ടായി. 

സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ താലിബാന്‍ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചതുപോലെ സര്‍ക്കാരില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഒരാള്‍ പോലുമില്ല. ഭയക്കുന്നതു സംഭവിച്ചിരിക്കുന്നു എന്നാണ് ഇതിനോട് പല സ്ത്രീകളും പ്രതികരിക്കുന്നത്. എന്നാല്‍, എല്ലാ പീഡനങ്ങളും ക്രൂരതകളും തങ്ങള്‍ നിശ്ശബ്ദമായി സഹിക്കില്ലെന്നാണ് ഇക്കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ പറയാതെ പറയുന്നത്. അത് താലിബാനുള്ള മുന്നറിയിപ്പാണ്. ഒപ്പം, ഏന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടായാലും അവകാശ സമരത്തെ ഒരു ശക്തിക്കും പൂര്‍ണമായി അടിച്ചമര്‍ത്താനാവില്ലെന്ന വിളംബരവും. 

English Summary: Afghan Woman Infront Of Taliban Terrorist Gun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com