ADVERTISEMENT

താലിബാൻ അധികാരത്തിലെത്തിയതു മുതൽ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തു വരുന്നത്. വനിതാ പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയും കഴിഞ്ഞ ദിവസം താലിബാൻ രൂപീകരിച്ചിരുന്നു. താലിബാൻ ഭരണത്തിനെതിരെ അഫ്ഗാനിൽ നിന്ന് സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് സ്ത്രീകൾക്കെതിരെ വിവാദ പ്രസ്താവനയുമായി താലിബാൻ വക്താവ് സയദ് സക്കീറുള്ള ഹാഷ്മി എത്തിയത്. മന്ത്രിമാരാകാൻ സ്ത്രീകളുടെ ആവശ്യമില്ല. പ്രസവിക്കാനുള്ളവരാണ് അവർ എന്നായിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ പ്രതികരണം. 

താലിബാൻ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലെന്നതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സയദ് സക്കീറുള്ള ഹാഷ്മിയുടെ പ്രതികരണം. ടോളോ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താലിബാൻ വക്താവിന്റെ പ്രതികരണം. സയദ് സക്കീറുള്ള ഹാഷ്മിയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരു സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ല. കാരണം അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതു പോലെയാണ് അത്. അവർക്ക് അത് താങ്ങാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ മന്ത്രിസഭയിൽ സ്ത്രീകൾ ആവശ്യമില്ല. ഗർഭം ധരിക്കാനും കുഞ്ഞിനുജന്മം നൽകുന്നതിനും മാത്രമാണ് സ്ത്രീകൾ. പ്രതിഷേധം നടത്തുന്നവർ യഥാർഥ അഫ്ഗാൻ വനിതകളുടെ പ്രതിനിധികളല്ല.’– താലിബാൻ വക്താവ് ടോളോ ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

സമൂഹത്തിൽ പകുതിയിലധികവും സ്ത്രീകളാണെന്ന് അഭിമുഖം നടത്തുന്ന വ്യക്തി അഭിപ്രായപ്പെട്ടപ്പോൾ സക്കീറുള്ള ഹാഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞങ്ങൾ അവരെ പകുതിയായി കണക്കാക്കിയിട്ടില്ല. ഏത് അർഥത്തിലാണ് പാതി എന്നു പറയുന്നത്? പാതി എന്നതിനെ പലരും വളച്ചൊടിക്കുകയാണ്. മന്ത്രിസഭയിൽ പാതി എന്നതു മാത്രമാണോ ‘പാതി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതിനപ്പുറം ഒന്നും ഇല്ല. അവരുടെ അവകാശങ്ങൾ ലംഘിക്കുന്നു എന്ന് നിങ്ങൾ പറയുന്നു. 20 വർഷമായി മാധ്യമങ്ങൾ എന്താണു പറഞ്ഞത്? യുഎസിനെയും അവര്‍ നിയന്ത്രിക്കുന്ന അഫ്ഗാനിസ്ഥാനിലെ പാവ സർക്കാരിനെയും വിമർശിച്ചിരുന്നില്ലേ? എന്നാൽ അവർ എന്തു പറഞ്ഞാലും, ഓഫിസിൽ വേശ്യാവൃത്തി അനുവദിച്ചിരുന്നോ?– സയദ് സക്കീറുള്ള ഹാഷ്മി ചോദിക്കുന്നു. 

ജോലിചെയ്യുന്ന എല്ലാ സ്ത്രീകളും വേശ്യകളാണെന്ന താങ്കളുടെ പരാമർശം ശരിയല്ലെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകൻ ചൂണ്ടി കാണിച്ചപ്പോൾ, ഈ പരാമർശത്തിലൂടെ അർഥമാക്കിയത് അഫ്ഗാനിസ്ഥാനിലെ മുഴുവൻ സ്ത്രീകളെയും അല്ലെന്നായിരുന്നു താലിബാൻ വക്താവിന്റെ മറുപടി. ‘നാല് സ്ത്രീകൾ തെരുവിൽ പ്രതിഷേധിച്ചെന്നു കരുതി അവർ മുഴുവന്‍ അഫ്ഗാൻ സ്ത്രീകളുടെയും പ്രതിനിധികളല്ല. അഫ്ാനിസ്ഥാനിലെ സ്ത്രീകൾ രാജ്യത്തിനായി ഭാവി തലമുറയ്ക്ക് ജന്മം നൽകാനുള്ളവരാണ്. ഇസ്ലാമിക ധാർമിക മൂല്യങ്ങൾക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം അവർക്കു നൽകും.’– താലിബാൻ വക്താവ് വ്യക്തമാക്കി. 

സ്ത്രീകളെ എന്തുകൊണ്ട് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് സ്ത്രീകളെക്കൊണ്ട് എന്താണ് സാധിക്കുന്നത്? എന്നായിരുന്നു താലിബാൻ വക്താവിന്റെ മറുചോദ്യം. അവർക്ക് മന്ത്രിസഭയ്ക്കു വേണ്ടി ജോലിചെയ്യാൻ സാധിക്കില്ല. ഉദാഹരണത്തിന് നിങ്ങൾ സ്ത്രീകളുടെ കഴുത്തിൽ ഭാരം വച്ചുനോക്കൂ. അവർക്ക് അത് ചുമക്കാൻ സാധിക്കില്ല. സ്ത്രീകൾക്കു മന്ത്രി പദം നൽകിയാലും ഇതു തന്നെയാണ് അവസ്ഥ.’–സയദ് സക്കീറുള്ള ഹാഷ്മി കൂട്ടിച്ചേർത്തു. 

ആഗോളതലത്തിൽ തന്നെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് താലിബാൻ മന്ത്രിമാരിൽ പ്രധാനികളായി നിയമിച്ചിരിക്കുന്നത്. സ്ത്രീകളെ തൊഴിൽ ചെയ്തു ജീവിക്കുന്നതിൽ നിന്ന് വിലക്കില്ലെന്ന് താലിബാൻ അധികാരത്തിലെത്തുമ്പോൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അഫ്ഗാനിൽ നിന്നും പുറത്തു വരുന്നത് വിപരീത വാർത്തകളാണ്. ഇസ്ലാമിക തത്വങ്ങൾക്ക് അനുസരിച്ച് സ്ത്രീകൾക്ക് തൊഴിൽചെയ്ത് ജീവിക്കാമെന്നായിരുന്നു താലിബാൻ പറഞ്ഞിരുന്നത്. സ്ത്രീകൾക്ക് ബുർഖ ധരിച്ചു മാത്രമാണ് പഠനത്തിനായി യൂണിവഴ്സിറ്റികളിലും തൊഴിലിടങ്ങളിലും എത്താൻ സാധിക്കുക. 

English Summary: "Woman Can't Be A Minister... They Should Give Birth": Taliban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com