ADVERTISEMENT

അൾത്താരയിൽ കുർബാന നടത്തുന്ന വൈദികർക്ക് സഹായവുമായി Rev.Dn.sr. ലിസി സ്നേഹലത കൂടെയുണ്ട്. സിഎസ്ഐ സഭയിലെ മൂന്നാമത്തെ വൈദിക ആകാനുള്ള ഒരുക്ക ശുശ്രൂഷയിലാണ് അവർ. റവ. മരതക ഡേവിഡും റവ. ഓമന വിക്ടറും തുറന്ന പൗരോഹിത്യ വഴിയിലൂടെ ഇനി സ്നേഹലത സിസ്റ്റർ സഞ്ചരിക്കും. പാലക്കാട് പുത്തൻ പുരക്കൽ വീട്ടിൽ ഐ.പി. ജോണിന്റെയും നയോമിയുടെയും മകളായി 1967 ഓഗസ്റ്റ് 6 ന് ജനിച്ചു. മേൽപ്പറമ്പ് ഇടവക അംഗമായിരുന്നു. നഴ്സിങ് അസിസ്റ്റന്റായ അമ്മയുടെ പ്രവർത്തനമാണ് സേവന ജീവിതത്തിലേക്കു നയിച്ചത്. സിസ്റ്ററിന്റെ ശെമ്മാശ പട്ടം കഴിഞ്ഞു. പ്രസ്ബിറ്റർ പട്ടം സ്വീകരിക്കുന്നതോടെ വൈദിക പദവിയിലെത്തും. സിസ്റ്റർ  വൈദികയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. Rev.Dn.sr. ലിസി സ്നേഹലത സംസാരിക്കുന്നു.

വൈദിക പദവി പ്രതീക്ഷിച്ചിരുന്നോ ?

ദൈവം എന്നെ സ്നേഹിച്ചു എന്നതിന്റെ തെളിവാണ് ഈ പദവി. ഒരിക്കൽ പോലും മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ല. എനിക്ക് മുൻപുള്ള വനിതാ വൈദികരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായില്ല. കൊച്ചിൻ മഹായിടവകയിലെ ബിഷപ് റവ. ഡോ. ബി.എൻ. ഫെനാണ് എന്നോട് വൈദിക ആവണമെന്ന് ആവശ്യപ്പെട്ടത്. ബിഷപിന്റെ ഭാര്യയും കൂടെയുള്ളവരും ധൈര്യവും പിന്തുണയും നൽകി. 

സന്യാസ ജീവിതം തിരഞ്ഞെടുത്തത് ?

അമ്മ പ്രായമുള്ളവരെയും മറ്റും ശുശ്രൂഷിക്കുന്നത് ചെറുപ്പം മുതൽ എന്നെ സ്വാധീനിച്ചു. എന്നാൽ സിസ്റ്റർ ആവണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ആശ്രമങ്ങളിൽ ഇടയ്ക്ക് പോകുമ്പോൾ പ്രായമായവരെ ശുശ്രൂഷിക്കുന്ന സിസ്റ്റേഴ്സ് എന്നിൽ സ്വാധീനം ചെലുത്തി. ഈ സിസ്റ്റർമാരുടെ കാലം കഴിഞ്ഞാൽ സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും പ്രായമായവരെയും ആര് ശുശ്രൂഷിക്കും എന്ന വേദന ഉള്ളിൽ ഉണ്ടായി. അങ്ങനെയാണ് സിസ്റ്ററാവാൻ തീരുമാനിച്ചത്.

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ പൗരോഹിത്യത്തിൽനിന്നു മാറ്റി നിർത്തുന്ന പ്രവണത ശരിയാണോ?

ദൈവം സ്ത്രീയ്ക്ക് നൽകുന്ന അനുഗ്രഹമാണ് ആർത്തവം. മക്കളെ പ്രസവിക്കാൻ കഴിയുക എന്നത് ഭാഗ്യമാണ്. വിയർപ്പ് അശുദ്ധമായി കാണുന്നില്ലല്ലോ? അതുപോലെതന്നെയാണ് ആർത്തവവും. എന്നാൽ സ്ത്രീകൾ പോലും ഇത് മനസ്സിലാക്കുന്നില്ല എന്ന് തോന്നുന്നുണ്ട്. ആർത്തവത്തിന്റെ പേരും പറഞ്ഞ് സ്ത്രീകൾ മാറി നിൽക്കുകയോ സ്ത്രീകളെ മാറ്റി നിർത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. വിശുദ്ധി ജീവിതത്തിലും പ്രവർത്തനങ്ങളിലുമാണ് ആവശ്യം.

സ്ത്രീകൾക്കു പൗരോഹിത്യം നൽകാൻ മടിക്കുന്നതിനു പിന്നിൽ പുരുഷാധിപത്യ മനോഭാവമാണോ?

വർഷങ്ങളായി പിന്തുടരുന്ന പാരമ്പര്യത്തിൽ നിന്നു മാറാൻ പലരും തയാറാവുന്നില്ല. കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണ്. എല്ലാ മതങ്ങളിലും പൗരോഹിത്യത്തിൽ പുരുഷ്യാധിപത്യം നിലനിൽക്കുന്നുണ്ട്. പണ്ടുകാലം മുതലെ ശുശ്രൂഷകൾ ചെയ്ത സ്ത്രീകളും ധാരാളമുണ്ട്. എന്നാൽ ഇടയ്ക്ക് വച്ച് സ്ത്രീകളെ ഇവിടെ നിന്നും കാണാതാവുകയാണ് ചെയ്യുന്നത്. പൗരോഹിത്യം പുരുഷന്റേത് മാത്രമല്ല. സ്ത്രീകൾക്ക് കൂടുതലായി ഈ പദവി നൽകുന്നത് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. 

സ്ത്രീകൾക്കു തന്നെ അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും ബുദ്ധിമുട്ടുകളും തുറന്ന് പറയാൻ കഴിയുന്നത് സ്ത്രീകളോടാണ്. അത് അവർക്ക് വലിയ ഒരു ആശ്വാസമാകും. എന്നാൽ സ്ത്രീകൾ തന്നെ പലപ്പോഴും ഒതുങ്ങിക്കൂടുന്നവരും ഇടുങ്ങിയ ചിന്താഗതി ഉള്ളവരും ആണെന്നു തോന്നിയിട്ടുണ്ട്. പലരും ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയാറാവുന്നില്ല. സ്ത്രീകൾ വൈദിക പദവിലേക്ക് എത്തുന്നതിനെ അൽപം ബുദ്ധിമുട്ടോടെ തന്നെയാണ് പലരും ഉൾക്കൊള്ളുന്നത്.

ഇതുവരെയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു?

പാലക്കാട് ഹോളി ട്രിനിറ്റി ക്രഷ്, കൊടക്കൽ മിഷൻ ഹോസ്പിറ്റൽ, കണ്ണൂർ ബഥാനിയ, ബത്തേരി ബഥേൽ ആശ്രമം, തൃശൂർ ബഥേൽ ആശ്രമം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014ൽ സിസ്റ്റർ ഹുഡിലെ കമ്മിഷനിങ് നടന്നു. ഇപ്പോൾ തൃശൂർ ബഥേൽ ആശ്രമത്തിൽ മദർ ആയി പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com