sections
MORE

മറക്കാനാകാത്ത ആ പുഞ്ചിരി; പെൺപക്ഷത്തിന്റെ പ്രകാശ ഗോപുരം

kamla-bhasin-1248
കമല ഭാസിൻ
SHARE

ഇത്രയേറെ വ്യക്തതയോടെ ഡൽഹിയിൽ പെൺപക്ഷം പറഞ്ഞിട്ടുള്ളവരുണ്ടാവില്ല. കമല ഭാസീന്റെ പുഞ്ചിരിപോലെ വശ്യമായിരുന്നു നിലപാടുകളിലെ വ്യക്തത. അത് എവിടെയും എപ്പോഴും കമല ഭാസീൻ പറഞ്ഞു. പ്രസംഗങ്ങളും പ്രബന്ധങ്ങളും കവിതകളുമൊക്കെയായി.‘ആസാദി’ എന്ന കവിത കാലോചിതമായി മാറ്റിച്ചൊല്ലിത്തുടങ്ങിയത് കമല ഭാസീനാണ്.

നാഷനൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലുമൊക്കെ പെൺകുട്ടികൾക്കു പ്രവേശനം അനുവദിക്കാൻ കോടതിയിടപെട്ട് തീരുമാനമുണ്ടായി ദിവസങ്ങൾ കഴിഞ്ഞാണ് കമല ഭാസിന്റെ മരണം. അതിനുള്ള കേസിന്റെ ചരിത്രവും സർക്കാരെടുത്ത നിലപാടുകളും കണ്ടാലറിയാം ഏതു ലോകം മാറ്റാണ് കമല ഭസീൻ പോരാടിയതെന്ന്. പഠിക്കാനും ഒപ്പംനിൽക്കാനും പെണ്ണിനും അവകാശമുണ്ടെന്ന വാദം ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയിൽത്തന്നെ ശക്തവും വ്യക്തവുമായി അവതരിപ്പിക്കാൻ കമല ഭാസിനു സാധിച്ചു.

രാജസ്ഥാനിൽ ജനിച്ച  കമല ഭാസിൻ ആൺ–പെൺ ഭേദമറിയാതെയാണ് കളിച്ചുവളർന്നത്. മറ്റുള്ളവരുടെ ലോകവും അങ്ങനെയാകണമെന്ന് ആഗ്രഹിച്ചു, അതിനായി പ്രവർത്തിച്ചു, അവസാന നാളുകൾവരെയും. ജീവിതത്തിലുണ്ടായ നഷ്ടങ്ങളും ദുരന്തങ്ങളും അതിനു തടസമായില്ല. ബോധ്യങ്ങളാണ് നയിച്ചത്. സ്ത്രീയെ ശരീരം മാത്രമാക്കി ഒതുക്കുന്ന മുതലാളിത്ത ലോകത്തിന്റെ രീതികളെയും തന്ത്രങ്ങളെയുംകുറിച്ച് പഠിച്ച കമല ഭാസിന്റെ വാക്കുകളും ചിന്തകളും എത്രയോ പ്രസ്ഥാനങ്ങളുടെ പ്രവർത്തനരീതികളെ ഇപ്പോഴും സ്വാധീനിക്കുന്നു. കമല ഭാസിൻ തയ്യാറാക്കിയ ലഘുലേഖകളെ ലിംഗപഠനത്തിന്റെ ആദ്യപാഠമായി ഉപയോഗിക്കുന്നവർ ഏറെയാണ്.

ആൺകോയ്മെന്ന അരുതായ്കയെ, ഭരണഘടന സ്ത്രീക്കും ഉറപ്പു നൽകുന്ന തുല്യതയ്ക്കും അന്തസുളള ജീവിതത്തിനുമുള്ള അവകാശത്തിന്റെ വെളിച്ചത്തിൽ കമല ഭാസിൻ വ്യാഖാനിച്ചു. മതത്തെ മറയാക്കി ആൺകോയ്മയെ ന്യായീകരിക്കുന്നതും പാരമ്പര്യവും സംസ്കാരവും പറഞ്ഞ് രക്ഷപ്പെടുന്നതുമായ നാട്ടുനടപ്പിനെ എങ്ങനെ ചോദ്യം ചെയ്യണമെന്ന് കമല ഭാസിൻ പറഞ്ഞു. ചോദ്യം ചെയ്യാൻ ചെറുതിൽത്തന്നെ പഠിക്കുന്നതിനു സഹായിക്കുന്ന കവിതകളുമെഴുതി. ഇന്ത്യയിൽ മനോഭാവങ്ങൾക്കു മാറ്റം വരണമെങ്കിൽ വേണ്ടത് സാംസ്കാരിക വിപ്ളവമാണെന്ന് വാദിച്ചു.

ലിംഗനീതിയുടെ വഴിയിലെ പ്രകാശഗോപുരം മറയുന്നുവെന്നു പറഞ്ഞാൽ അതു വെറുംവാക്കല്ല, കമല ഭാസിനെക്കുറിച്ചാകുമ്പോൾ. അടുത്തറിഞ്ഞവരിൽ ആർക്കാണ് ആ പുഞ്ചിരിയും ചൊടിപ്പും ഊർജം തുളുമ്പുന്ന വർത്തമാനവും മറക്കാനാവുക? 

English Summary: Feminist Life Of Kamla Bhasin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA