sections
MORE

കാലചക്രം കടന്ന് കൽപകം, ഇനി കാലത്തിന്റെ പാഠപുസ്തകം

kalpakam-yechuri
അമ്മ കൽപകത്തിനൊപ്പം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (ഫയൽച്ചിത്രം)
SHARE

കമ്യൂണിസ്റ്റിന്റെ, കോൺഗ്രസ് മനസുള്ള അമ്മയായിരുന്നു കൽപകം യച്ചൂരി. സിപിഎമ്മിൽ ചേരുംവരെ സീതാറാം യച്ചൂരി നല്ല കുട്ടിയായിരുന്നു എന്നു തുറന്നു പറഞ്ഞ്, അതേ ശ്വാസത്തിൽ ചിരിക്കുന്ന അമ്മ. മക്കളെ കമ്യൂണിസ്റ്റാക്കാൻ ശ്രമിക്കരുതെന്നായിരുന്നു മകനോട് അമ്മയുടെ അഭ്യർഥന.

അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായിരുന്ന യച്ചൂരി അച്ഛൻ സോമയാജലുവിനെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കുന്ന ദിവസമാണ് അറസ്റ്റിലാകുന്നത്. പിറ്റേന്ന് മകന് ഭക്ഷണവും പൊതിഞ്ഞുകെട്ടി കൽപകമാണ് പൊലീസ് സ്റ്റേഷനിലേക്കു പോകുന്നത്. ഇത്തരക്കാരാണ് ഭാവിയിൽ വലിയ നേതാക്കളാകുന്നതെന്നൊക്കെ യച്ചൂരിയെക്കുറിച്ച് പൊലീസുകാർ അന്ന് കൽപകത്തെ ആശ്വസിപ്പിച്ചു.

ഏതാനും വർഷം മുൻപ് ‘മലയാള മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ കൽപകം പറഞ്ഞു: ‘‘എന്റെയും ഭർത്താവിന്റെയും കുടുംബം കോൺഗ്രസുകാരാണ്. കമ്യൂണിസ്റ്റുകാർ ഒന്നാമത്തെ ശത്രു എന്ന് സി.രാജഗോപാലാചാരി പറഞ്ഞതു കേട്ടവർ. സ്വാതന്ത്ര്യസമരകാലം ആയതിനാൽ കുടുംബത്തിനു കോൺഗ്രസ് മനസ് ഉണ്ടായതു സ്വാഭാവികം. അവൻ (യച്ചൂരി) കമ്യൂണിസ്റ്റായതിനെ ഞങ്ങൾ എതിർത്തിട്ടില്ല. പി.സുന്ദരയ്യ ഉൾപ്പെടെ പാർട്ടിയിലെ എത്രയോ പേർക്കു ഞാൻ വച്ചുവിളമ്പി.’’

‘‘അവൻ കമ്യൂണിസ്റ്റ് ആയതിലല്ല, നല്ലൊരു ജീവിതമുണ്ടായില്ലെന്നതിലാണ് എനിക്കു ദുഃഖം. നല്ല ജോലി, നല്ല ശമ്പളം, കാർ, വലിയ വീട്.. അതൊക്കെ സാധിക്കുമായിരുന്നു. ഡോക്ടറല്ലെങ്കിൽ ഐഎഎസോ ഐഎഫ്എസോ... അതൊക്കെ വേണ്ടെന്നു വച്ചത് എന്തിനാണ്? എപ്പോഴും ഞാൻ പറയും: വല്ലപ്പോഴുമൊക്കെ വീട്ടിൽ വരണം, ഞാനുണ്ടാക്കുന്നതു കഴിക്കണം.’’ പാർട്ടിയിലെ ജീവിതവും അതിന്റെ അലച്ചിലുമാണ് മകന് ഇഷ്ടമെന്നും, അതാണ് അവന്റെ സന്തോഷമെങ്കിൽ തനിക്കും സന്തോഷമെന്നും അമ്മ അന്നു പറഞ്ഞു.

ആന്ധ്ര പ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന കന്ധ ഭീമ ശങ്കര റാമിന്റെ മകളായ കൽപകം ചെറുപ്പകാലത്ത് മികച്ച ഭരതനാട്യം നർത്തകിയായിരുന്നു. യച്ചൂരിയെ ഗർഭംധരിച്ചിരിക്കെയാണ് ചെന്നൈ സ്റ്റെല്ലാ മാരീസ് കോളജിൽ ബിഎ ഇക്കണോമിക്സ അവസാന വർഷ പരീക്ഷയെഴുതുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലും ഒാസ്മാനിയ സർവകലാശാലയിലും ഉപരിപഠനം. ഇന്ത്യയും യുഎൻ രക്ഷാസമിതിയുമെന്നതായിരുന്നു എംഫിൽ വിഷയം. തുടങ്ങിവച്ച പിഎച്ച്ഡി പഠനം ഭർത്താവ് സോമയാജലുവിന്റെ ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ കാരണം തടസപ്പെട്ടു. പിന്നീട് ഒാൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ പ്രവർത്തക എന്ന നിലയിൽ സാമൂഹിക സേവന മേഖലകളിൽ സജീവമായി; വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി കേരളത്തിലുൾപ്പെടെ യാത്ര ചെയ്തു. മികച്ച സേവനപ്രവർത്തനത്തിന് ഡോ.ദുർഗാഭായ് ദേശ്മുഖ് പുരസ്കാരവും നേടി.

ആത്മീയകാര്യങ്ങളിൽ ഒരു മുടക്കവും വരുത്താതെയുള്ള ജീവിതമായിരുന്നു. എങ്കിലും ഒസ്യത്തിൽ വ്യക്തമാക്കിയത് തന്റെ ശരീരം വിദ്യാർഥികൾക്കു പഠനത്തിനായി മെഡിക്കൽ കോളജിനു നൽകണമെന്നാണ്. പരമാവധി പേർക്ക് അതുകൊണ്ടു പ്രയോജനമുണ്ടാകണമെന്നും കൽപകം താൽപര്യപ്പെട്ടു. അതിലുമൊരു അമ്മ മനസുണ്ട്. 

English Summary: Story About Sitaram Yechury's Mother Kalpakam Yechury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA