sections
MORE

ബാറ്റ്സ്മാൻ ‘ബാറ്റർ’ ആയി; ലിംഗഭേദം ഇല്ലാതാക്കാൻ മാറുമോ തേഡ്‌മാനും?

un-woman
SHARE

ബാറ്റ്സ്മാൻ ബാറ്റർ ആയെങ്കിലും തേഡ്ംമാന് മാറ്റമില്ലല്ലോ എന്ന് ട്വീറ്റ് ചെയ്തത് ഒരു പ്രമുഖ മാധ്യമ പ്രവർത്തകനാണ്. മാർലിബൻ ക്രിക്കറ്റ് ക്ലബ് എന്ന എംസിസിയാണ് ബാറ്റ്സ്മാൻ എന്ന പദം ഒഴിവാക്കാനും പകരം ബാറ്റർ എന്ന പദം സ്വീകരിക്കാനുള്ള തീരുമാനമെടുത്തത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ പ്രബല സ്ഥാനത്തുള്ളവരാണ് ലണ്ടനിലെ എംസിസി. ഭാഷാപ്രയോഗത്തിൽ ലിംഗഭേദം ഒഴിവാക്കാനുള്ള അവരുടെ തീരുമാനം വനിതാ ക്രിക്കറ്റിന്റെ വർധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്തുകൊണ്ടാണ് എന്നാണ് വ്യക്തമാക്കിയത്.

സമൂഹങ്ങളിലും സംസ്കാരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന ലിംഗഭേദ ചിന്തകളെ പൊതുവേ ചൂണ്ടിക്കാണിക്കുകയും അവ ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്യുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടിക്കൂടി വരികയാണ്. അതിന്റെ ഭാഗമാണ് ഭാഷാ പ്രയോഗങ്ങളിലെ ലിംഗഭേദങ്ങൾ സംബന്ധിച്ച വീണ്ടുവിചാരവും. ഫെമിനിസ്റ്റ് ചിന്തയുടെ വളർച്ചയും ഒപ്പം ഭിന്നലൈംഗിക വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളും ഈ ചിന്താഗതിയുടെ വളർച്ചയ്ക്കു ശക്തി പകരുന്നു. ആഗോള തലത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ ഇംഗ്ലിഷ് ഭാഷയെ നേരിട്ടു ബാധിക്കുന്നത് സ്വാഭാവികം മാത്രം. ബാറ്റ്സ്മാൻ ബാറ്റർ ആയതു പോലെ തേഡ്മാൻ തേഡ്സ്പോട്ട് എന്നോ തേഡ്ഫീൽഡർ എന്നോ മാറാനും അധികം കാലതാമസമുണ്ടാവില്ല.

യുഎൻ വിമൻ പറഞ്ഞത്:

യുണൈറ്റ‍ഡ് നേഷൻസിന്റെ ഭാഗമായ യുഎൻ വിമൻ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കാൻ സ്ഥാപിക്കപ്പെട്ടതാണ്. ലിംഗവിവേചനവും ലിംഗഅസമത്വവും അവസാനിപ്പിക്കുന്നതിൽ ഭാഷയ്ക്കുള്ള പങ്ക് യുഎൻ വിമൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലിംഗപരിമിതിയില്ലാത്ത ഭാഷ എന്നാൽ സ്ത്രീയെയും പുരുഷനെയും തുല്യനിലയിൽ അഭിസംബോധന ചെയ്യുന്ന ഭാഷ എന്നാണ് അവർ വ്യക്തമാക്കുന്നത്. ഭാഷാ പ്രയോഗത്തിൽ ലിംഗഭേദചിന്തകൾ പ്രത്യക്ഷത്തിൽ അറിയിക്കുന്ന രീതി ഒഴിവാക്കുക എന്നതിനും അവർ പ്രാധാന്യം കൽപിക്കുന്നു. ഇതനുസരിച്ചുള്ള മാർഗനിർദേശങ്ങൾ യുഎൻ വിമൻ പുറപ്പെടുവിച്ചിട്ടുമുണ്ട്.

2020 മേയ് 18ന് യുഎൻ വിമൻ നൽകിയ ഒരു ട്വീറ്റിൽ ഇതു വ്യക്തമായ രീതിയിൽ ചിത്രീകരിക്കുകയുണ്ടായി. ലിംഗഭേദചിന്ത വെളിവാക്കുന്ന രീതിയിൽ പൊതുവേ പ്രയോഗത്തിലുള്ള ഏതാനും ഇംഗ്ലിഷ് വാക്കുകൾക്കു പകരം ലിംഗഭേദമില്ലാത്ത (ജൻഡർ ന്യൂട്രൽ) വാക്കുകളാണ് അവർ നിർദേശിച്ചത്. കൂടുതൽ സമത്വമാർന്ന ലോകത്തിനായി ലിംഗഭേദമില്ലാത്ത ഭാഷ ഉപയോഗിക്കാൻ ശ്രമിക്കുക എന്നു തുടങ്ങുന്നതാണ് ട്വീറ്റ്. ട്വീറ്റിൽ ആദ്യം കൊടുത്ത മാൻകൈൻഡ് (മനുഷ്യർ) എന്ന വാക്കിനു പകരം അവർ നിർദേശിച്ച വാക്ക് ഹ്യൂമൻകൈൻഡ് എന്നാണ്. ചെയർമാൻ എന്നതിനു പകരം ചെയർ എന്നു മാത്രം. ഇതേ രീതിയിൽ മറ്റു വാക്കുകളും. ഒഴിവാക്കേണ്ട വാക്കിനു മുകളിൽ നീല വര കൊണ്ട് വെട്ടിയ ശേഷം തൊട്ടു വലതു വശത്തായി പുതിയ വാക്ക് എഴുതിയ രീതിയിലായിരുന്നു ആ ട്വീറ്റ്. 

മാർഗനിർദേശങ്ങൾ:

ലിംഗഭേദം പ്രകടിപ്പിക്കാത്ത രീതിയിൽ ആശയവിനിമയം നടത്താൻ യുഎൻ ഉദ്യോഗസ്ഥർക്ക് സഹായകമാകുന്ന മാർഗനിർദേശങ്ങൾ യുഎൻ വിമൻ പുറത്തിറക്കിയിട്ടുണ്ട്. സംസാരഭാഷയിലൂടെയോ എഴുത്തിലൂടെയോ ആശയവിനിമയം നടത്തുമ്പോൾ, അത് ഔപചാരികമായാലും അനൗപചാരികമായാലും, ഏതു വിധത്തിൽപെട്ടവരോടായാലും ഈ നിർദേശങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാം എന്നാണ് യുഎൻ വിമൻ ഉദ്ബോധിപ്പിക്കുന്നത്. ഈ നിർദേശങ്ങൾ പൊതു സമൂഹത്തിനും പ്രാവർത്തികമാക്കാവുന്നവ തന്നെ:

ഏതാനും നിർദേശങ്ങൾ: (ഇംഗ്ലിഷ് ഭാഷാ പ്രയോഗവുമായി ബന്ധപ്പെട്ടുള്ളവ)

∙ വിവേചന സ്വഭാവമില്ലാത്ത ഭാഷ: സ്ത്രീയെയും പുരുഷനെയും ഒരേ സമയം അഭിസംബോധന ചെയ്യേണ്ടിവരുമ്പോൾ രണ്ടു പേർക്കും തുല്യരീതിയിലുള്ള വിശേഷണം ചേർക്കണം. ഉദാ: അതിഥിയുടെ പേര് പ്രഫസർ എന്നു ചേർത്താണു വിളിക്കുന്നതെങ്കിൽ ഒപ്പമുള്ള സ്ത്രീയെയും അവരുടെ പദവിനാമം ചേർത്തു വിളിക്കണം.

∙ മിസ്, മിസിസ് എന്നീ പ്രയോഗങ്ങൾ കരുതി ഉപയോഗിക്കണം.

∙ അവൻ, അവൾ എന്നീ പ്രയോഗങ്ങൾ അത്യാവശ്യമില്ലാത്ത ഘട്ടങ്ങളിലെല്ലാം ഒഴിവാക്കാം.

∙ അവൻ, അവന്റെ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി പകരം അവർ, അവരുടെ എന്നിവ ഉപയോഗിക്കാം.

∙ ലിംഗഭേദം സൂചിപ്പിക്കേണ്ട ആവശ്യമില്ലാത്ത ഇടങ്ങളിലെല്ലാം അത് ഒഴിവാക്കാം.

English Summary: Now Batsman Became Batter; What is Next?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA