ADVERTISEMENT

തൃശൂർ ∙ ‘പേരിൽ കൗതുകക്കാരി, പ്രവർത്തിയിൽ കൗമാരക്കാരി’ അതാണ് കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വളപ്പിൽ കൃഷ്ണവിലാസത്തിൽ കൗമാരി. വയസ്സ് 84. കുറച്ച് മുത്തുകളും ഒരു സൂചിയും നൂലും കിട്ടിയാൽ കൗമാരി പിന്നെ കൗതുകം തീർക്കും. ‘എങ്ങനെ പഠിച്ചെന്നോ? അതിനല്ലേ നമ്മുടെ യൂട്യൂബ്’–മോണകാട്ടി കൗമാരക്കാരി ചിരിക്കും! വാനിറ്റി ബാഗ്, പൂക്കൂട, പഴക്കൊട്ട, ടേബിൾ മാറ്റ്, കുഷ്യൻ കവർ തുടങ്ങി പല നിറത്തിലുള്ള മുത്തുകൾ കോർത്ത നിർമിതികൾക്കുമുണ്ട് അതേ പുഞ്ചിരി.

koumari2

അച്ഛന് ടാറ്റ കമ്പനിയിലായിരുന്നു ജോലി. അതോടെ ബാല്യവും കൗമാരവും ജംഷഡ്പൂരിലായി. അവിടെ വച്ച് കരകൗശല നിർമാണവും കർണാടക സംഗീതവും പഠിച്ചു. തിരികെ നാട്ടിലെത്തിയ ശേഷം കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടി തമ്പുരാട്ടിയുടെ കീഴിലെ മഹിളാസമാജത്തിൽ ചേർന്ന് സർട്ടിഫിക്കറ്റോടെ തയ്യലും എംബ്രോയ്ഡറിയും പഠിച്ചു. 63ൽ ചോറ്റാനിക്കര ഉദയംപേരൂരിലെ രാമകൃഷ്ണൻ നായരെ വിവാഹം കഴിച്ച് വീട്ടമ്മയായി കൂടി. 8 മക്കളും 9 പേരക്കുട്ടികളും ആയ ശേഷമാണ് മനസ്സിൽ പഴയ കൗതുകങ്ങൾ കോർത്തത്.

koumari

ലോക്ഡൗൺ സമയത്ത് മൂന്നാമത്തെ മകൾ രമാദേവി യൂട്യൂബ് നോക്കി ഗ്ലാസ് പെയിന്റിങ് പഠിച്ചിരുന്നു. മുത്തുകൊണ്ടുള്ള അലങ്കാരപ്പണികൾ കണ്ടതോടെ കൗമാരിക്കും ഹരംകയറി. മക്കൾ ഇഷ്ടംപോലെ മുത്തുകൾ വാങ്ങി നൽകി. സൂചിയും നൂലും കോർത്തുകിട്ടിയാൽ ശസ്ത്രക്രിയ കഴിഞ്ഞതാണെങ്കിലും കണ്ണ് മുത്തുപോലെ തിളങ്ങും. പിന്നെ 2–3 ദിവസം കുത്തിയിരുന്ന് തുന്നലോടുതുന്നൽ. മകൾ തയ്ക്കുന്ന ചുരിദാറിൽ കൗമാരിയമ്മ കൈകൊണ്ടാണ് ചിത്രത്തുന്നൽ നടത്തുന്നത്. പാചകമാണ് മറ്റൊരു ഇഷ്ടവിനോദം. ‘കൗമാരി’യെ കുറിച്ച് ചോദിച്ചാൽ അമ്മ പറയും: ‘കൊടുങ്ങല്ലൂരമ്മയുടെ പേരാണ്. കുഞ്ഞിനു ഭഗവതിയുടെ പേരു തന്നെയാകട്ടെ എന്നു കരുതി അമ്മയിട്ടതാണ്.’ 

പുതിയ നേരമ്പോക്കിനെ കുറിച്ചാണെങ്കിൽ, ‘ ജോലിക്കൊന്നും പോകണ്ട, കുട്ടികളെ നോക്കിയിരുന്നാ മതിയെന്നാണ് പണ്ട് കുട്ടികളുടെ അച്ഛൻ പറഞ്ഞിരുന്നത്. ഇപ്പോൾ വേറെ പണിയൊന്നുമില്ല. മനസ്സിനൊരു സന്തോഷം. വേറൊരു ചിന്തയുമില്ല. ഉണ്ടാക്കുന്നതൊക്കെ വീട്ടിലുള്ളവർക്കു കൊടുക്കും. ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കാനും ഇഷ്ടാ.’അന്നു കുട്ടികളെ നോക്കിയിരുന്ന കൗമാരിയുടെ വിസ്മയങ്ങൾ, ഇന്ന് കൗതുകത്തോടെ നോക്കിയിരിപ്പാണ് കുട്ടികൾ.

(ചിത്രങ്ങളും വിഡിയോയും ഉണ്ണി കോട്ടയ്ക്കൽ)

English Summary: Story Of Koumaryamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com