sections
MORE

വിധവയായതിന്റെ പേരിൽ നേരിട്ടതു കൊടിയ ദുരിതങ്ങൾ: വിധവകൾക്ക് താങ്ങായി നിർമൽ

nirmal-chandel
നിർമൽ ചന്ദേൽ. ചിത്രം∙ ട്വിറ്റർ
SHARE

കാലമെത്ര പുരോഗമിച്ചിട്ടും  തനിച്ചു കഴിയേണ്ടിവരുന്ന സ്ത്രീകളോട് സമൂഹത്തിന്, വിശേഷിച്ചും ഇന്ത്യൻ സമൂഹത്തിനുള്ള കാഴ്ചപ്പാടിൽ കാതലായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. അപ്പോൾ രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വിധവയായി തീർന്ന സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ. സമാനമായ അനുഭവത്തിലൂടെയാണ് ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിലുള്ള നിർമൽ ചാന്ദേൽ എന്ന വനിതയും കടന്നുപോയത്. 

1989 ൽ തന്റെ ഇരുപത്തിനാലാം വയസ്സിലാണ് നിർമലിന്റെ  ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജീവനുതുല്യം സ്നേഹിച്ച ഭർത്താവിന്റെ മരണത്തോടൊപ്പം സമൂഹത്തിന്റെ അവഗണന നേരിട്ടുകഴിയേണ്ടിവന്ന വർഷങ്ങളായിരുന്നു പിന്നീട്. ശരിയായി വെളിച്ചമോ ഒരു ഫാനോ പോലുമില്ലാത്ത മുറിയിലേക്ക്  നിർമലിന്റെ  ജീവിതം ഒതുക്കപ്പെട്ടു. നിറമുള്ള വസ്ത്രം ധരിക്കാനോ  ചടങ്ങുകളിൽ പങ്കെടുക്കാനോ എന്തിന് കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോലും വിലക്കേർപ്പെടുത്തി. എന്തു കാര്യത്തിനും ദുശ്ശകുനം എന്നപേരിൽ  മാറ്റിനിർത്തപ്പെട്ട് കഴിയുന്നതിനിടെയാണ് സഹോദരന്റെ വിവാഹം വന്നെത്തിയത്. സ്വന്തം കമ്മൽ വിറ്റ് സമ്പാദിച്ച പണം കൊണ്ട് സഹോദരന് വിവാഹ വസ്ത്രമാണ് നിർമ്മൽ സമ്മാനമായി വാങ്ങിയത്. എന്നാൽ അതോടെ സമൂഹത്തിനു മുന്നിൽ നിർമ്മൽ നാണംകെട്ടവൾ എന്ന് മുദ്രകുത്തപ്പെടുകയായിരുന്നു. നിർമ്മൽ വാങ്ങിയ വസ്ത്രം ധരിച്ചാൽ സഹോദരന് മരണം വരെ സംഭവിക്കും എന്ന തരത്തിൽ എതിർപ്പുകൾ ഉയർന്നു. എന്നാൽ അന്ന് നിർമലിനു വേണ്ടി ശബ്ദമുയർത്തിയ സഹോദരൻ അതേ വസ്ത്രം ധരിച്ച്  വിവാഹവേദിയിൽ നൃത്തം ചെയ്യുകയും ചെയ്തു. 

സമൂഹത്തിൽ വിധവകൾ അനുഭവിക്കുന്ന ദുരിതങ്ങൾ  എത്രത്തോളമാണെന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴാണ്   മറ്റുള്ളവർക്കുവേണ്ടി നരക ജീവിതം നയിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലേക്ക് എത്തിയത്. എല്ലാ എതിർപ്പുകളെയും  അവഗണിച്ചുകൊണ്ട് സോഷ്യൽ അപ്ലിഫ്റ്റ്മെന്റ് ഫോർ റൂറൽ ആക്ഷൻ (സൂത്ര) എന്ന എൻജിഓയിൽ അംഗമായ നിർമ്മൽ രണ്ടര പതിറ്റാണ്ടുകൾക്കിപ്പുറം 16000-ൽ പരം വിധവകളുടെ ജീവിതത്തിൽ നിറംപകരാനായതിന്റെ ചാരിതാർഥ്യത്തിലാണ്. 

എൻജിഒയിൽ നിന്നും അക്കൗണ്ടൻസിയിൽ പരിശീലനം നേടിയ നിർമൽ 350 രൂപ മാസ ശമ്പളത്തിൽ ജോലി നേടി. വിധവയായ സ്ത്രീ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നത്  ഉൾക്കൊള്ളാനാവാത്ത ഭർത്താവിന്റെ കുടുംബവും സ്വന്തം കുടുംബവും ഇതിനോടകം നിർമ്മലിനെ തഴഞ്ഞ നിലയിലായിരുന്നു. അങ്ങനെയിരിക്കെ 2005 ൽ രാജസ്ഥാനിൽ വച്ച് നടന്ന വിധവകളുടെ സമ്മേളനത്തിൽ സൂത്രയുടെ ഭാഗമായി നിർമ്മൽ പങ്കെടുത്തു. നിറമുള്ള വസ്ത്രങ്ങളും  ആഭരണങ്ങളും ധരിച്ച വിധവകളെ കണ്ടതോടെ തന്റെ നാട്ടിലുള്ളവർക്കും ഇത്തരം ഒരു ജീവിതം സാധ്യമാക്കണമെന്ന ആഗ്രഹം ഉടലെടുത്തു. ഇതിനിടെ നിർമ്മലിനെക്കുറിച്ച് കേട്ടറിഞ്ഞ മാണ്ഡി ജില്ലയിലുള്ള വിധവകളിൽ പലരും സ്വന്തം പ്രശ്നങ്ങളുമായി തേടിയെത്തി തുടങ്ങിയിരുന്നു.

സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് സ്വന്തം കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിനു പോലും വകയില്ലാത്ത നിലയിൽ കഴിയുന്നവരായിരുന്നു  അവരിൽ പലരും. അവർക്ക് തണൽ ഒരുക്കുന്നതിനായി  2005ൽ തന്നെ  ഏകൽ നാരീശക്തി സങ്കേതൻ (ഇഎൻ എസ്എസ് ) എന്ന സ്ഥാപനം ആരംഭിച്ചു. 

അപ്പോഴും എതിർപ്പുകൾക്ക് കുറവുണ്ടായിരുന്നില്ല. മനുഷ്യക്കടത്ത് നടത്തുകയാണ് നിർമലിന്റെ ലക്ഷ്യമെന്ന തരത്തിൽവരെ പ്രചാരണങ്ങളുണ്ടായി. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 120 വിധവകൾ ഒത്തു ചേർന്നുകൊണ്ടായിരുന്നു സംഘടനയുടെ തുടക്കം. സമൂഹത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ സിന്ദൂരവും പൊട്ടും ധരിച്ചാണ് അവർ ഒത്തുകൂടിയത്. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ ശബ്ദമായി മാറി കഴിഞ്ഞു ഇന്ന് ഈ സംഘടന. ഭർത്താക്കൻമാരെ കാണാതായാൽ എഫ്ഐആർ ഫയൽ ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞുകൊടുക്കുന്നതു മുതൽ സ്വയം സഹായ സംഘങ്ങളായി തിരിഞ്ഞ് ചെറിയ ബിസിനസുകൾ ആരംഭിക്കാനും പഞ്ചായത്തുകളിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള സഹായം വരെ ഇഎൻ എസ്എസ്  ചെയ്തുകൊടുക്കുന്നുണ്ട്. 

19 വയസ്സുള്ളവർ മുതൽ 90 വയസ്സായ സ്ത്രീകൾവരെ സംഘടനയിൽ അംഗങ്ങളാണ്. വിധവകളുടെ പെൻഷൻ തുക ഉയർത്തുന്നതിലും സ്വന്തമായി റേഷൻ കാർഡ് നേടിയെടുക്കുന്നതിലുമെല്ലാം കൃത്യമായ പങ്ക് സംഘടന വഹിച്ചിരുന്നു. എന്നാൽ ഇന്നും  ഇത്തരമൊരു സംഘടന നടത്തുന്നതിനും പരമ്പരാഗത രീതികളെ ചോദ്യം ചെയ്യുന്നതിനും  നാനാഭാഗത്തുനിന്നും എതിർപ്പുകൾ  ഉണ്ടാകുന്നതായി നിർമൽ പറയുന്നു. തന്റെ മുപ്പതാം വയസ്സിൽ സഹോദരന്റെ വിവാഹസമയത്ത്  ബന്ധുക്കളോട് മുഴുവൻ എതിർത്തുനിൽക്കാൻ കഴിഞ്ഞ തനിക്ക് അൻപത്തിയാറാം വയസ്സിൽ സമൂഹത്തോട് ഒന്നാകെ പൊരുതി വിധവകൾക്കുവേണ്ടി നിലകൊള്ളാൻ നിഷ്പ്രയാസം സാധിക്കുന്നുണ്ടെന്നാണ് നിർമലിന്റെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ.

English Summary: Inspiring Story Of Nirmal Chandel

...............................................

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA