ഗർഭം അലസിപ്പോയത് 19 തവണ; ഒടുവിൽ ലഭിച്ച കുഞ്ഞിന് ഭാരം 6 കിലോഗ്രാം

Arizona Woman Gives Birth To 6 Kg Baby After Suffering Several Miscarriages
Image Credit: Facebook/Cary Patonai
SHARE

ഈ മാസം ആദ്യമാണ് അരിസോന സ്വദേശിനിയായ കാരി പറ്റൊണൈ എന്ന യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞ് ജനിച്ചു വീണ ശേഷം അവനു ചേരുന്ന ഡയപ്പറുകളും പുതപ്പുകളും ഒക്കെ ഒരുക്കാനുള്ള ഓട്ടത്തിലായിരുന്നു ആശുപത്രി ജീവനക്കാർ. കാരണം കുഞ്ഞിന്റെ വലുപ്പം തന്നെ. 6.4 കിലോഗ്രാമായിരുന്നു കുഞ്ഞിന്റെ ഭാരം. ആശുപത്രിയിൽ സ്റ്റോക്ക് ഉണ്ടായിരുന്ന ഡയപ്പറുകളൊന്നും കുഞ്ഞിന് പാകമാകുമായിരുന്നില്ല.

ഫിൻലി എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്ന സമയത്ത്  ഡോക്ടർമാരും ചുറ്റുമുണ്ടായിരുന്ന നഴ്സുമാരും അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയതായി കാരി പറയുന്നു. നവജാതശിശുക്കൾക്ക്  മൂന്നര കിലോഗ്രാം വരെയാണ് സാധാരണഗതിയിൽ ഭാരം ഉണ്ടാകുന്നത്. ഗൈനക്കോളജിസ്റ്റായി ജോലി ആരംഭിച്ച ശേഷം കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലുപ്പമുള്ള നവജാതശിശുവിനെ താൻ കാണുന്നതെന്നായിരുന്നു  ഡോക്ടറിന്റെ പ്രതികരണം.

23.75 ഇഞ്ച് ഉയരമാണ് ഫിൻലിയ്ക്ക് ജനനസമയത്ത് ഉണ്ടായിരുന്നത്. കുഞ്ഞിനായി കരുതിവച്ച വസ്ത്രങ്ങളിൽ ഒന്നു പോലും പാകമാകാത്ത അവസ്ഥ. ഒടുവിൽ ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് വേണ്ട തരത്തിലുള്ള വസ്ത്രങ്ങളും ഡയപ്പറുകളുമാണ് ഫിൻലിക്കായി എത്തിച്ചത്. ആശുപത്രിയുടെ ചരിത്രത്തിൽ റെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു കുഞ്ഞിന്റെ ജനനം.

ഗർഭകാലത്ത് സാധാരണയിൽ അധികം അസ്വസ്ഥതകളിലൂടെയാണ് താൻ കടന്നു പോയത് എന്ന് കാരി പറയുന്നു. എങ്കിലും അതെല്ലാം സഹിക്കാൻ കാരി തയാറായിരുന്നു. കാരണം ഇതിനുമുൻപ് 19 തവണയാണ് ഗർഭാവസ്ഥയിൽ വച്ചുതന്നെ കാരിക്ക് കുഞ്ഞുങ്ങളെ നഷ്ടമായിട്ടുള്ളത്. ഫൈബ്രോയ്ഡുകളും രക്തം കട്ടപിടിക്കുന്ന അവസ്ഥയും മൂലമായിരുന്നു അത്. 10 വയസ്സും രണ്ടു വയസ്സും പ്രായമുള്ള രണ്ടു മക്കൾക്കൂടി കാരിയ്ക്കുണ്ട്. എന്തായാലും കാത്തിരുന്നു കിട്ടിയ കൺമണി ജനിച്ചു വീണപ്പോൾ മുതൽ സെലിബ്രിറ്റിയായ സന്തോഷത്തിലാണ് കാരി.

English Summary: US: Arizona Woman Gives Birth To 6 Kg Baby After Suffering Several Miscarriages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA