sections
MORE

ഇത്തരം അപകർഷതാ ബോധത്തിന്റെ ആവശ്യമില്ല, ഞങ്ങൾ ഇങ്ങനാണ് ഭായ്!

PINK-ROSE
SHARE

സ്മാർട് ഫോണും സെൽഫിയുമൊക്കെ വന്നിട്ട് വർഷങ്ങളായിട്ടും ജീവിതത്തിൽ ഇതുവരെ ഒരു സെൽഫിപോലുമെടുക്കാത്ത ഒരു കൂട്ടുകാരിയുണ്ടെനിക്ക്. കാരണം ചോദിച്ചാൽ അവൾ പറയും. അവൾക്കു ഫോട്ടോ ഫെയ്സില്ല, ക്ലോസപ്പിൽ മുഖത്തെ ചുളിവും കൺതടങ്ങളിലെ കറുത്തപാടും താടിയിലെ കുഞ്ചിരോമവുമൊക്കെ എടുത്തുകാണുമെന്നൊക്കെ.. (ഓ പിന്നെ.. സെൽഫിയെടുക്കാൻ ഇനി ഐശ്വര്യ റായിയാകണോ!) ലോങ് ഷോട്ട് ക്ലിക്കാണെങ്കിലേ ആ കൂട്ടുകാരി മുഖം തരൂ.. അല്ലെങ്കിൽ ഗ്രൂപ്പ് സെൽഫിയുടെ ഏറ്റവും പിന്നിലേക്കു വലിയും.. മനസ്സുനിറയെ ഈ അപകർഷതാ ബോധമാണെങ്കിൽ മുഖത്ത് ഏതു ഫെയ്സ്ക്രീം പുരട്ടിയാലും നമ്മൾ സുന്ദരിയാകണമെന്നുണ്ടോ ? സൗന്ദര്യം ആദ്യം തോന്നേണ്ടത് നമുക്ക് നമ്മെക്കുറിച്ചുതന്നെയുള്ള കാഴ്ചപ്പാടിലല്ലേ.... 

സെൽഫിയുടെ കാര്യം പറഞ്ഞപ്പോഴാണ് എന്റെ പഴയൊരു ഫോട്ടോയെടുപ്പോർമ മനസ്സിലേക്കു വന്നത്. ന്റെ പുള്ളേ.. പണ്ടൊക്കെ ഒരു ഫോട്ടോയെടുപ്പ് എന്തൊരു സംഭവമായിരുന്നു. ആദ്യത്തെ ഫോട്ടോയെടുപ്പ് ഒരു നാട്ടിൻപുറത്തെ സ്റ്റുഡിയോയിൽ നിന്നാണ്. സ്കൂളിലെ എന്തോ ആവശ്യത്തിന് ഒരു ഫോട്ടോ വേണമത്രേ. വീട്ടിൽ വന്ന പാടെ അടുത്ത ദിവസം സ്റ്റുഡിയോയിൽ പോകുന്ന കാര്യം പപ്പയോടു പറഞ്ഞു ചട്ടംകെട്ടി. കൺതടങ്ങളിൽ ഉറക്കമിളപ്പിന്റെ കരുവാളിപ്പ് വരാതിരിക്കാൻ നേരത്തെ കിടന്നുറങ്ങി. രാവിലെ ഫ്രഷായി എണീറ്റ് കുളിച്ച് സുന്ദരിക്കുട്ടിയായി. പതിവിലുമേറെത്തവണ മുഖം കഴുകി കുട്ടിക്കൂറ ഡബിൾ കോട്ടെടുത്ത് മുഖം വൈറ്റ് വാഷ് ചെയ്തത് ഓർമിക്കുന്നു. ശിങ്കാറും കൺമഷിയുമൊക്കെയായി മുഖത്ത് അൽപം മേയ്ക്കപ്പിന്റെ പരിപാടി. നെറുകയിൽ മുടി വാരിക്കെട്ടി ക്ലിപ്പിട്ടു. വെയിൽ കൊള്ളാതെ കുടചൂടിയാണ് സ്റ്റുഡിയോ വരെ പോയത്. പോണ പോക്കിന് ഒരു കെഎസ്ആർടിസി ബസ് സൈഡൊതുക്കാതെ പാഞ്ഞുപോയതിന്റെ പിന്നാലെ റോഡിൽ ബോംബിട്ട മാതിരി പൊടി..ഹോ..ഞാൻ മുഖംപൊത്തി. റോഡിൽനിന്നു സർക്കസ് കാട്ടാതെ വേഗം നടക്കെന്നു പറഞ്ഞ് പപ്പ തിരക്കുകൂട്ടി. അല്ലെങ്കിലും പപ്പ വല്ലതുമറിയുന്നുണ്ടോ നാലാംക്ലാസുകാരിയുടെ ഫോട്ടോവിചാരങ്ങൾ. 

സ്റ്റുഡിയോയിൽ ചെന്നപ്പോൾ മനസ്സിനൊരു കോൺഫിഡൻസൊക്കെ തോന്നി. നാടകശാലയെ ഓർമിപ്പിക്കുംവിധം കർട്ടനൊക്കെ കെട്ടിത്തൂക്കിയ ഇരുണ്ട മുറി. സുന്ദരനായ ഒരു ചേട്ടൻ തിരശ്ശീലയ്ക്കുപിന്നിൽനിന്നിറങ്ങിവന്ന് പപ്പയോടു സംസാരിച്ചു. അയാളായിരുന്നു ആ സ്റ്റുഡിയോയുടെ മാനേജറും ഫോട്ടോഗ്രാഫറുമെല്ലാം.  അന്നാട്ടിൽ കല്യാണം കഴിഞ്ഞുപോയ ചേച്ചിമാരുടെ പടങ്ങളൊക്കെ ചുമരിൽ ഒട്ടിച്ചുവച്ചിട്ടുണ്ടായിരുന്നു. (അതിൽ ഏതോ ഒരു സുന്ദരിക്കോത ആ ഫോട്ടോഗ്രാഫർ ചേട്ടന്റെ നഷ്ടപ്രണയകഥയിലെ നായികയായിരിക്കുമെന്ന് ഇന്നാണെങ്കിൽ എന്റെ കുൽസിതമനസു ചിന്തിച്ചുകൂട്ടിയേനെ. അന്നത്തെ നാലാംക്ലാസുകാരി ആ പടങ്ങളൊക്കെ കണ്ട് അന്തംവിട്ടുനിന്നതേയുള്ളൂ.) അപ്പോഴേക്കും കർട്ടന്റെ വിടവിനുള്ളിൽനിന്നും ആ ചേട്ടന്റെ മുഖം പുറത്തേക്കു നീണ്ടു. കുട്ടിക്ക് റെഡിയാകണമെങ്കിൽ ആയിക്കോളൂ. ഞാൻ ഉൽസാഹത്തോടെ ചാടിയിറങ്ങി. ഓ ഇതൊക്കെ മതിയെന്നേ.. പപ്പ അപ്പോത്തന്നെ വേണ്ടെന്നു പറഞ്ഞു. ഞാൻ കൊഞ്ഞനം കുത്തിക്കാണിച്ച് മനസ്സില്ലാ മനസ്സോടെ ക്യാമറാമുറിയിലേക്കു പോയി. 

ഒരു കണ്ണാടിയെങ്കിലും നോക്കണമെന്നുണ്ടായിരുന്നു. ക്യാമറാ മുറിയിൽ വലിയ ലൈറ്റ്.. വെള്ളക്കുട ഒരു ജോഡി.. കുഷ്യനിട്ട ഒരു ദിവാൻ.. പിന്നെ ചുമരിൽ കുറെ പൂക്കളുടെയും വള്ളിപ്പടർപ്പിന്റെയും പടം.. ആഹാ.. ആ സെറ്റപ്പ് എന്നെ ഹഠാദാകർഷിച്ചു. എന്നെ പിടിച്ച് ദിവാനിലിരുത്തി ആ ചേട്ടൻ ക്യാമറയ്ക്കു പിന്നിലെ കറുത്ത തുണിക്കുള്ളിലേക്കു കയറി. അയാൾ എന്തിനാണ് പൂച്ച പരുങ്ങുന്നതുപോലെ അതിനുള്ളിൽ കിടന്നു പരുങ്ങുന്നതെന്നു തോന്നി. പക്ഷേ ഞാൻ ഗൗരവം കൈവിട്ടില്ല. ഏതു നിമിഷവും ഫോട്ടോ എടുത്തേക്കാം. ഞാൻ ശ്വാസം പിടിച്ചു നിന്നു. പല്ലുകാണിക്കാതെ വേണം ചിരിക്കാനെന്നു ടീച്ചർ പ്രത്യേകം പറഞ്ഞിരുന്നു.  ഇത്ര മസിലു പിടിക്കണ്ട കുട്ടീ. കുറച്ചുകൂടി ചിരിയാകാം എന്നോ മറ്റോ അയാൾ പറഞ്ഞിരിക്കാമെന്ന് ഞാൻ സങ്കൽപിക്കുന്നു. എന്തായാലും ഫോട്ടോ എടുത്തു. അതു കയ്യോടെ വാങ്ങിക്കൊണ്ടുപോകാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഒരാഴ്ച കഴിഞ്ഞാണ് ഫോട്ടോ കിട്ടിയത്. ഞാൻ വിചാരിച്ചപോലെ അതത്ര ഭംഗിയായുമില്ല. എന്റെ സങ്കൽപത്തിൽ ഞാൻ അതിലും സുന്ദരിയായിരുന്നല്ലോ. എന്റെ ഫോട്ടോ എന്നെ നാണം കെടുത്തും..അതുകൊണ്ടുതന്നെ ക്ലാസിൽ ആരെയും കാണിക്കാതെ ഇരട്ടവരി ബുക്കിന്റെ ഇടയിൽ തിരുകി പാത്തുപാത്ത് സ്റ്റാഫ് റൂമിൽ കൊണ്ടുപോയാണ് ഞാനത് ടീച്ചർക്ക് കൈമാറിയത്. 

ഇപ്പോ എന്താ ഇങ്ങനെയൊക്കെ പറയാനെന്നു വച്ചാൽ, നമ്മളങ്ങനെ വല്യ സുന്ദരിയൊന്നുമാകണമെന്നില്ല.  പക്ഷേ, എപ്പോഴും ആ വിനയവും അപകർഷമനോഭാവവും വച്ച് ഗ്രൂപ്പ് ഫോട്ടോയുടെ പിന്നിൽ പോയി ഒളിക്കേണ്ട കാര്യമില്ല. നമുക്ക് മുൻനിരയിലേക്കു കടന്നുനിന്ന് ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാം. അതാകട്ടെ നമ്മുടെ ബ്യൂട്ടി സീക്രട്ട്. മറ്റുള്ളവരുടെ മുൻപിൽ മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലുമൊക്കെ നമുക്കോരോരുത്തർക്കുമുണ്ടാകും.  നിരതെറ്റി നിൽക്കുന്നൊരു മുടമ്പല്ലോ, മെലിവ് പുറത്തുകാണിക്കുന്ന കഴുത്തെല്ലോ പണ്ടു ചൊറിയോ മറ്റോ വന്നുപോയതിന്റെയൊരു വടുവോ എണ്ണപ്പലഹാരങ്ങളോടുള്ള കൊതി കാരണം കവിളത്തുനിന്നൊഴിയാത്ത മുഖക്കുരുക്കളോ കൊഴിഞ്ഞു കൊഴിഞ്ഞു കോഴിവാലുപോലെയായ മുടിയോ അങ്ങനെയെന്തെങ്കിലും ‘കുറ്റോം കുറവു’മില്ലാത്തവരായി ആരുണ്ട്? എന്നു കരുതി ഇതിന്റെയൊന്നും പേരിൽ നാം നമ്മെത്തന്നെ കുറച്ചുകാണാതിരിക്കുക. കണ്ണാടിയിൽ നോക്കുമ്പോൾ അവിടെ ആദ്യം പ്രതിഫലിക്കേണ്ടത് നമ്മുടെ ആത്മവിശ്വാസം തന്നെയാണ്. കോലംകെട്ടവളെന്ന പരിഹാസസ്വരത്തിൽ കൂട്ടുകാരോ വീട്ടുകാരോ വിളിക്കുന്ന ഇരട്ടപ്പേരുകൾ തിരുത്താൻ വേണ്ടി വെറുതെ പെടാപ്പാടു പെടണോ? ‘ഞങ്ങൾ ഇങ്ങനാണ് ഭായ്’ എന്ന ഹെവി വോൾട്ടേജ് ആറ്റിറ്റ്യൂഡിട്ട് സിനിമയിലെ ഹീറോ എൻട്രി ബിജിഎമ്മുമിട്ട് അങ്ങനുള്ളവരുടെയടുത്തു നിന്ന് അങ്ങു നടന്നുപോന്നേക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA