ADVERTISEMENT

ആവശ്യങ്ങളുമായി മുന്നിലെത്തുന്ന ഓരോരുത്തരോടും മാന്യമായി പെരുമാറുന്നവരാണ് മിക്ക സർക്കാർ ഉദ്യേഗസ്ഥരും. പക്ഷേ ചിലപ്പോഴെങ്കിലും മറിച്ചുള്ള അനുഭവവും ഉണ്ടാകാറുണ്ട്. ജോലിക്കൂടുതലോ മറ്റെന്തെങ്കിലും സമ്മർദമോ കാരണമായി പറഞ്ഞാലും അത്തരം പെരുമാറ്റം ജനത്തെ ബുദ്ധിമുട്ടിക്കും. അത്തരമൊരു അനുഭവത്തെപ്പറ്റി പറയുകയാണ് ശ്രുതി കെ.എസ്. സ്പീഡ് പോസ്റ്റിലെ മോൽവിലാസം മാറിപ്പോയതു തിരുത്താൻ പോസ്റ്റ് ഓഫിസിൽ ചെന്നപ്പോഴുള്ള അനുഭവം സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ശ്രുതി പങ്കുവച്ചത്. 

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറപ്പിന്റെ പൂർണരൂപം

ഓരോ സർക്കാർ ഉദ്യോഗസ്ഥരോടുമാണ് ചോദ്യം!  ഒരു കുപ്രസിദ്ധ പോസ്റ്റോഫീസ് സന്ദർശന കഥ

'അധികാരം, ഉദ്യോഗസ്ഥർ'...! ഈ രണ്ടു പദങ്ങൾ തമ്മിൽ എത്രമാത്രം ബന്ധമുണ്ട്? പലപ്പോഴായി നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്നുള്ള ചോദ്യമാണിത്. ഉദ്യോഗസ്ഥർ എന്നത് 'സർക്കാർ' (അത് കേന്ദ്രമായാലും സംസ്ഥാനമായാലും) എന്ന ലേബലിൽ വരുമ്പോഴാണ് കുറച്ചൂടെ അധികാരവുമായി ചേർന്നിരിക്കുന്നത് എന്നു തോന്നുന്നു. ഇതിപ്പോ പറയാൻ കാരണം ഇന്നലെ ഉണ്ടായ ഒരനുഭവമാണ്. 

ഒരു സ്പീഡ് പോസ്റ്റ് അയക്കാൻ നവംബർ 3ന് ഉച്ചയ്ക്ക് 2.30ക്ക് ഒരു പോസ്റ്റ് ഓഫീസിൽ പോകേണ്ടി വന്നു. 3 മണി വരെ സ്പീഡ് പോസ്റ്റ് സ്വീകരിക്കൂ എന്ന ധാരണ ഉള്ളത് കൊണ്ടും പിറ്റേന്ന് ദീപാവലി അവധി ആയത് കൊണ്ടും തിടുക്കപ്പെട്ട് പ്രിന്റ് എടുത്ത് വണ്ടി ഓടിച്ചാണ് അപ്പോൾ അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് വഴിയൊക്കെ തിരക്കി പുറപ്പെട്ടത്. ബ്രാഞ്ച് ആയത് കൊണ്ട് ആകെ മൂന്നു സ്ത്രീകൾ മാത്രമേ ഉദ്യോഗസ്ഥരായി അവിടെ ഉണ്ടായിരുന്നുള്ളൂ. അഴിച്ചിട്ട നീളൻ മുടിയുടെ തുമ്പിൽ കേട്ടിട്ട് മധ്യവയസ്‌ക്കയായ പോസ്റ്റ് മാസ്റ്റർ. ഞാൻ മാത്രമേ കസ്റ്റമർ ആയി ഉണ്ടായിരുന്നൊള്ളൂ. സ്പീഡ് പോസ്റ്റ് അയച്ചു തിരികെ പോന്നു. 

മൊബൈൽ എടുത്ത് നോക്കിയപ്പോഴാണ് ട്വിസ്റ്റ്. ഞാനയച്ച അഡ്രസിൽ 'തൃശൂർ' എന്നതിന് പകരം 'തിരുവനന്തപുരം' എന്നാക്കണം പറഞ്ഞു മെസേജ് വന്നിരിക്കുന്നു. പിൻകോഡും മാറ്റണമല്ലോ. പേപ്പർ വാല്യൂവേഷൻ ക്യാമ്പിൽ പോയ ഒരു സുഹൃത്തിനെ സഹായിക്കാൻ ഏറ്റെടുത്ത പണിയാണ്. അവൾക്ക് കിട്ടിയ അഡ്രസിൽ മാറിപോയിരുന്നു സോറി എന്നും പറഞ്ഞു മെസേജ് വന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. എന്നാലും മെയിൽ പോയിട്ടില്ല എങ്കിൽ മാറ്റി അയക്കാനുള്ള സാധ്യത തിരക്കി അപ്പൊ തന്നെ വീണ്ടും അതേ പോസ്റ്റ് ഓഫീസിലേക്ക് പുറപ്പെട്ടു.

നേരം വൈകി ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ആ മൂന്നു ഉദ്യോഗസ്ഥരെ കണ്ടപ്പോ സത്യം പറഞ്ഞാൽ സ്നേഹം തോന്നി. പണികൾ കൂടുതൽ ഉണ്ടായിക്കാണും എന്ന് മനസ്സിൽ കരുതി കാര്യം പറഞ്ഞിട്ട് പതുക്കെ കഴിച്ചു കഴിഞ്ഞു മതിയെന്നും ഇനി ഇന്നത്തെ മെയിലിൽ പോയില്ലെങ്കിലും കുഴപ്പമില്ല, കാത്തിരിക്കാം എന്നൊക്കെ പറഞ്ഞു ഭക്ഷണം കഴിക്കുമ്പോഴത്തെ പ്രൈവസി കളയാതിരിക്കാൻ പുറത്തിറങ്ങി നിന്നു. പിന്നെല്ലാം പെട്ടെന്നായിരുന്നു. അതുവരെ ഉണ്ടായിരുന്ന ശാന്തമായ അവരുടെ നീളൻ മുടിയുടെ കെട്ടിയിട്ട തുമ്പ് അഴിഞ്ഞു വീണ് അന്തരീക്ഷമാകെ ആടിയുലയാൻ തുടങ്ങി. പിറുപിറുക്കലിൽ തുടങ്ങിയ ദേഷ്യം ഉച്ചത്തിലായി. സത്യം പറഞ്ഞാൽ എന്നെയാണ് പറയുന്നതെന്ന് മനസിലാവാതെ ഞാൻ അവർ കഴിക്കുന്നതും കാത്തു നിന്നു. 

മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോ മറ്റൊരു സ്ത്രീ വന്ന് അക്കൗണ്ട് തുടങ്ങാൻ ആണെന്ന് പറഞ്ഞതും ഈ നേരത്താണോ എഴുന്നുള്ളി എത്തുന്നത് എന്നും പറഞ്ഞ് അവർക്ക് നേരെ ഒരു ചാട്ടം കേട്ടു. അസമയം ഏതാണെന്ന് മൊബൈലിൽ നോക്കിയപ്പോൾ ഉച്ച മൂന്നേ മുക്കാൽ ആണ്. ഞാൻ അകത്തേക്ക് കയറി വന്ന കാര്യം വീണ്ടും അവതരിപ്പിച്ചു. "ഓരോരുത്തർ ഇങ്ങനെ കയറി വന്നോളും മനുഷ്യനെ മെനക്കെടുത്താൻ.." എന്ന ഒരൊറ്റ ഡയലോഗ്‌ മാത്രം 22 വട്ടം ഞാനെണ്ണി. പിന്നെയും കലി തീരാതെ അവരെന്നെ പ്രാകികൊണ്ടിരുന്നു. സ്പീഡ് പോസ്റ്റ് അവർ ഫോർവേഡ് ചെയ്തിരുന്നില്ല. അങ്ങനെ ചെയ്തെങ്കിൽ ക്യാൻസൽ ചെയ്യാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഇവരുടെ പ്രശ്നം അത് ഫോർവേഡ് ചെയ്തില്ലല്ലോ എന്നതാണ്. ഭക്ഷണം കഴിക്കും മുൻപ് ചെയ്താൽ മതിയായിരുന്നു എന്നാ പിന്നെ ക്യാൻസൽ ചെയ്ത് എന്നെ സഹായിക്കേണ്ട ഗതികേട് അവർക്ക് വരുമായിരുന്നില്ല എന്ന്. അവർക്ക് പറയാൻ ഉള്ളത് മുഴുവൻ പറയാനുള്ള അവസരം ഞാൻ കൊടുത്തു. 

ആദ്യം പറഞ്ഞു മുദ്രപേപ്പർ വാങ്ങി വന്ന് അവർക്ക് അപേക്ഷ നൽകണം സ്പീഡ് പോസ്റ്റ് ക്യാൻസൽ ചെയ്യാൻ എന്ന്. ചെയ്യാമെന്ന് പറഞ്ഞപ്പോൾ അത് ഇഷ്ടപ്പെടാതെ പിന്നേം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ ചിരി അടക്കി പിടിച്ചത് പാട് പെട്ടാണ്. അതിനിടയിൽ രണ്ടു മൂന്നു വട്ടം ആരെയൊക്കെയോ ഫോൺ വിളിച്ചു നേരത്തെ പറഞ്ഞ അതേ ഡയലോഡ് ആവർത്തിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ആദ്യമായി കാണുന്ന എന്നെ അവർ ശത്രുവായി പ്രഖ്യാപിച്ചു. പഴയ ജോലി സ്ഥലങ്ങളിൽ ഇതുപോലെ ഒരു നികൃഷ്ട സംഭവം ഉണ്ടായിട്ടെ ഇല്ല എന്നൊക്കെ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. കമ്പ്യുട്ടർ പരിജ്ഞാനം ഇല്ലാത്തതാണ് അവരെ ചൊടിപ്പിക്കുന്ന മറ്റൊരു കാര്യം എന്ന് തോന്നി. കാരണം ഫോൺ ചെയ്ത് ആരോടോ ചോദിക്കുന്നുണ്ടെങ്കിലും അവർക്ക് 'ക്യാൻസൽ' എന്ന ഓപ്ഷൻ സ്ക്രീനിൽ കാണുന്നില്ല എന്ന് പറയുന്നത് കേട്ടു. എങ്കിൽ ഒന്ന് സഹായിച്ചു കളയാം കരുതി ഞാൻ കമ്പ്യുട്ടറിൽ നോക്കണോ എന്നു അറിയാതെ ചോദിച്ചതെ ഓർമയുള്ളൂ. 2 മിനുറ്റ് നേരം എന്നെത്തന്നെ കണ്ണുരുട്ടി നോക്കിയിരുന്നു. പിന്നൊരു പുച്ഛവും. ഇത്ര വലിയ പാപമാണ് പോസ്റ്റ് ചെയ്തത് തിരികെ ചോദിക്കുന്നത് എന്ന സത്യം ഞാനിന്നാലെയാണ് മനസിലാക്കിയത്. വാ വിട്ട വാക്കും കൈവിട്ട ആയുധവും മാത്രമല്ല, കൈവിട്ട തപാലും മാരകമാണ് എന്ന വലിയൊരു അറിവ് നിങ്ങൾക്കായി ഇവിടെ പങ്ക് വെക്കുന്നു. 

അവസാനം ക്യാൻസൽ ഓപ്ഷൻ കണ്ട് പിടിച്ച് എനിക്ക് നേരെ പാക്കറ്റ് നീട്ടിയിട്ട് ഇനി ഇതെവിടെ വേണേലും കൊണ്ട് പോസ്റ്റ് ചെയ്‌തോളാൻ നന്മനിറഞ്ഞ അവർ ആക്രോശിച്ചു. അവർ ഇനി അത് കൈ കൊണ്ട് തൊടില്ല പോലും. എന്തായാലും സംഭവം തിരിച്ചു കിട്ടി. ഇത്ര നേരം മിണ്ടാതെ ഇരുന്നത് കൊണ്ടും പോരും മുൻപ് ചിലത് പറയണം എന്ന് തോന്നിയത് കൊണ്ടും ഇത്രയും പറഞ്ഞു.

"ഞാനും നിലവിൽ ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. നമുക്ക് മുന്നിൽ എത്തുന്നവർക്ക് എല്ലാം അറിഞ്ഞു കൊള്ളണം എന്നില്ല. തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. ആരും വേണമെന്ന് കരുതി കൈയിലെ കാശു മുടക്കി തെറ്റായ അഡ്രസിലേക്ക് ഡോക്യൂമെന്റ്സ് അയക്കില്ലല്ലോ. അതു തിരുത്താൻ വേണ്ടിയാണ് നിങ്ങളെ പോലുള്ളവർക്ക് സർക്കാർ ശമ്പളം നൽകി ഇരുത്തിയിട്ടുള്ളത്. എല്ലാവർക്കും എല്ലാം കറക്റ്റ് ആക്കി ചെയ്യാമെങ്കിൽ ഒരു കമ്പ്യുട്ടറിന്റെ അവശ്യമല്ലേ ഉള്ളൂ ഓഫീസിൽ. കലക്ട്രേറ്റിൽ ഒരു ദിവസം ആയിരക്കണക്കിന് ആളുകൾ വന്ന് പോകുന്നുണ്ട്. എല്ലാം ശരിയാകുന്നുണ്ടോ എന്നറിയില്ല. പക്ഷെ ഇത്രേം മോശമായി ഞങ്ങൾ ആരോടും ഇന്ന് വരെ പെരുമാറിയിട്ടില്ല. സഹായിക്കുക എന്നത് മാത്രമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി." 

ഇത്രയും കേട്ടതോടെ അവരൊന്ന് മയപ്പെട്ടു. അത് വരെ പറഞ്ഞതൊക്കെ മറന്ന പോലെ ഇരിക്കാൻ പറഞ്ഞു കസേര ഇട്ടു തന്നു. സ്പീഡ് പോസ്റ്റിന്റെ സമയം കഴിഞ്ഞത് കൊണ്ടാണെന്നും റിട്ടേൺ ചെയ്യുമ്പോൾ അവരുടെ കണക്കുകൾ ടാലി ആകാതെ വരുമെന്നുമൊക്കെ ന്യായം പറഞ്ഞു. പക്ഷെ ഇത്രനേരം അവർ സംസാരിച്ച ഭാഷ ഇതൊന്നും ആയിരുന്നില്ല. ഇനി എന്താ വേണ്ടത് എന്ന ചോദ്യത്തിന് അവരെക്കൊണ്ട് തന്നെ same documents തിരുവനന്തപുരത്തെ അഡ്രസിലേക്ക് സ്പീഡ് പോസ്റ്റ് അയപ്പിച്ചു. അങ്ങനെ എങ്കിലും ചെയ്യണം തോന്നി. പക്ഷെ, സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം കിട്ടേണ്ട ഒന്നാണോ ബഹുമാനം? അതിന് ഏറ്റവും കൂടുതൽ അവകാശം മാസാവസാനം കൈനീട്ടി വാങ്ങുന്ന ശമ്പളം നൽകുന്ന പൊതുജനമല്ലേ..? 

NB: എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഇങ്ങനെയല്ല. സഹായ മനസ്കത ഉള്ളവരെ തന്നെയാണ് ഏറ്റവുമധികം കണ്ടിട്ടുള്ളതും. സ്ഥിരമായി ചാവക്കാട് പോസ്റ്റ് ഓഫീസിൽ പോകുന്ന ഒരാളാണ് ഞാൻ. ഇന്ന് വരെ ഒരു മോശം അനുഭവം ഉണ്ടായിട്ടുമില്ല. എങ്കിലും ഇങ്ങനെ ഒരാൾ ഉണ്ടായാൽ പോലും അവർക്ക് മുന്നിൽ എത്തപ്പെടുന്ന ആയിരങ്ങളുടെ അവസ്ഥ എന്തായിരിക്കും... അധികാര ധാർഷ്ട്യം എന്നത് സാധാരണക്കാരന് നേരെ മാത്രമല്ല, കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരോട് പോലും കാണിക്കുന്ന വൈകല്യമുള്ള മനുഷ്യരുണ്ട് നമ്മുടെ നാട്ടിൽ.

English Summary: Social Media Post About Sruthi Prasanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com