sections
MORE

‘എച്ചിൽ പാത്രവും അടിവസ്ത്രവും സഹോദര ഭാര്യയെക്കൊണ്ട് കഴുകിക്കും, എന്നിട്ട് ഉത്തരവാദിത്തമെന്ന് ന്യായം പറയും’

anjali-new
SHARE

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വീട്ടിലേക്ക് വന്നു കയറുന്ന പെൺകുട്ടിയെ ശത്രുതാ മനോഭാവത്തോടു കൂടി കാണുന്ന ഭർതൃവീട്ടുകാരെ കുറിച്ച് തുറന്നെഴുതുകയാണ് അഞ്ജലി ചന്ദ്രൻ. തങ്ങളേക്കാൾ എന്തെങ്കിലും കഴിവുകൾ അധികമുള്ളവരെ അസൂയയോടെയും താഴെയുള്ളവരെ പുച്ഛത്തോടെയും കണ്ട് പുതിയ വീട്ടിൽ അവരെ തേജോവധം ചെയ്യുന്ന ഒരു പാടു പേരുണ്ട്. സ്വന്തം എച്ചിൽ പാത്രം വരെ സഹോദരന്റെ ഭാര്യയെ കൊണ്ട് കഴുകിപ്പിക്കുകയും അടിവസ്ത്രം വരെ അലക്കിപ്പിക്കുകയും ചെയ്ത് അത് വളരെ നോർമലായി കാണുന്ന ഒത്തിരിപ്പേരെ നമുക്ക് ചുറ്റും കാണാനാകും. വീട്ടിലെ അടിമപ്പണി മുഴുവൻ തലയിലേക്കിട്ടു കൊടുത്ത് ഇതൊക്കെയാണ് മരുമകളുടെ ഉത്തരവാദിത്തം എന്ന് പറയാതെ പറയുന്നവരെ തിരിച്ചറിയണമെന്നും അഞ്ജലി കുറിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ നാട്ടുരാജ്യ നിയമം സ്വന്തം കുടുംബത്തിനുള്ളിൽ നടപ്പാക്കുന്ന സഹോദരങ്ങളും മാതാപിതാക്കളും അടങ്ങുന്ന കള്ളനാണയങ്ങളെ ഗാർഹിക പീഡനത്തിൽ അക്രമികളായി തന്നെ കാണ്ടേതല്ലേയെന്നും അഞ്ജലി ചോദിക്കുന്നു. 

അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘സഹോദര ബന്ധങ്ങൾ വൈകാരികമായി വളരെ ശക്തവും കുട്ടിക്കാലത്ത് മാത്രമല്ല, ജീവിതകാലം മുഴുവൻ നമ്മളോടൊപ്പം ഉണ്ടാവുന്നതുമായ ബന്ധമാണ്. സഹോദരങ്ങളാണ് ഒരു കുട്ടിയുടെ ആദ്യത്തെ പിയർ ഗ്രൂപ്പ് രൂപീകരിക്കുന്നത്. കുട്ടികൾ സോഷ്യൽ സ്കിൽസ് പഠിക്കുന്നത് പ്രത്യേകിച്ച് സംഘർഷം കൈകാര്യം ചെയ്യുന്നതിന്റെ ആദ്യപടി പഠിക്കുന്നത് സഹോദരീ സഹോദരന്മാരുമായി ഇടപഴകുന്നതിൽ നിന്നാണ്.

സഹോദരങ്ങളുടെ വിവാഹ ജീവിതത്തിൽ സഹോദരീ സഹോദരൻമാരുടെ ഇടപെടലുകൾ പോസിറ്റീവായും നെഗറ്റീവായും പ്രതിഫലിക്കാറുണ്ട്. തങ്ങളിന്നു വരെ ജീവിച്ച ചുറ്റുപാടുകളിലേയ്ക്ക് പുതിയൊരു വ്യക്തി കടന്നു വരുമ്പോൾ അവരെ ആ സാഹചര്യവുമായി ഇഴുകിച്ചേരാനും തങ്ങളുടെ വീട്ടിലെ പുതിയ അതിഥിയെ പുതിയ അന്തരീക്ഷത്തിൽ താൻ സുരക്ഷിതയാണ് എന്ന ചിന്ത ഉറപ്പിക്കാനും ആ വീട്ടിലെ സഹോദരങ്ങൾ മുൻകൈ എടുക്കേണ്ടതാണ്.

പക്ഷേ, നമ്മളുടെ സാമൂഹികാന്തരീക്ഷത്തിൽ പലപ്പോഴും വധുവായെത്തുന്ന പെൺകുട്ടിയെ ഒരു ശത്രുവിനെ പോലെ മത്സര ബുദ്ധിയോടെ കാണുന്നവരുണ്ട്. തങ്ങളേക്കാൾ എന്തെങ്കിലും കഴിവുകൾ അധികമുള്ളവരെ അസൂയയോടെയും താഴെയുള്ളവരെ പുച്ഛത്തോടെയും കണ്ട് പുതിയ വീട്ടിൽ അവരെ തേജോവധം ചെയ്യുന്ന ഒരു പാടു പേരുണ്ട്.

സ്വന്തം എച്ചിൽ പാത്രം വരെ സഹോദരന്റെ ഭാര്യയെ കൊണ്ട് കഴുകിപ്പിക്കുകയും അടിവസ്ത്രം വരെ അലക്കിപ്പിക്കുകയും അത് വളരെ നോർമലായി കണ്ട് ഇതൊക്കെയാണ് മരുമകളുടെ ഉത്തരവാദിത്തം എന്ന് പറയാതെ പറയുന്ന , ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കുന്ന ഒരുപാട് പേർ നമ്മുടെയറിവിൽ തന്നെ കണ്ടേക്കാം. അതിനവർ പറയുന്ന ന്യായം ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം സഹോദരങ്ങളായി കാണാൻ കഴിയുന്നവരാണ് ഉത്തമ സഹോദര ഭാര്യമാർ എന്നാണ്. പക്ഷേ, ഈ സഹോദരഭാര്യയെ സ്വന്തം സഹോദരിയായി കാണാനുള്ള വിശാലമനസ്കത ഇക്കൂട്ടരിൽ മിക്കപ്പോഴും കണി കാണാൻ കിട്ടില്ല.

വിവാഹിതരായ ശേഷവും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ജീവിതത്തിൽ അനാവശ്യമായി കൈകടത്തി തനിക്ക് കിട്ടാത്തതൊന്നും സഹോദര ഭാര്യയ്ക്ക് കിട്ടാൻ താൻ സമ്മതിക്കില്ലെന്ന ദൃഢപ്രതിജ്ഞ എടുത്ത മറ്റൊരു പറ്റം ആളുകളുമുണ്ട്. ഇതിനിവർ ഉപയോഗിക്കുന്ന രീതികൾ പല തരത്തിലുള്ളതാണ്. മാതാപിതാക്കൾ മാത്രം തീരുമാനമെടുക്കുന്ന യാതൊരു ജനാധിപത്യവുമില്ലാത്ത വീടുകളിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും വളരെ കൗശലത്തോടെ ഇവർ നടപ്പാക്കും. ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തിയാണ് പലപ്പോഴും അപ്പുറത്തുള്ള വ്യക്തിയുടെ കുടുംബ ജീവിതം ഇത്തരക്കാർ നശിപ്പിക്കുക.

സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന സഹോദരന്റെ അധ്വാനത്തിന്റെ നല്ലൊരു പങ്ക് യാതൊരു ചങ്കിൽക്കുത്തുമില്ലാതെ സ്വന്തം കുടുംബത്തിലേയ്ക്ക് എത്തിക്കാൻ വളരെ കൗശലത്തോടെ കരുക്കൾ നീക്കുന്ന ആളുകളുണ്ടാവും. തന്റെ പങ്കാളി തന്നെയും മക്കളെയും നല്ല പോലെ നോക്കുന്നില്ല എന്ന് പറഞ്ഞ് സഹോദരനെ വണ്ടിക്കാളയെ പോലെ ഉപയോഗിച്ച് സ്വന്തം കുടുംബം സുരക്ഷിതമാക്കുന്നവരുണ്ട്. സൂക്ഷിച്ച് നോക്കിയാൽ ഇവരിൽ പലർക്കും പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ല. ഇത്തരത്തിലെ സ്വഭാവ വൈകല്യങ്ങൾ പ്രകടിപ്പിക്കുന്ന പലരും സ്വന്തം പങ്കാളി അവരുടെ സഹോദരങ്ങളെ പത്തുമിനിറ്റ് ഒറ്റയ്ക്ക് ഫോൺ ചെയ്യാൻ പോലും സമ്മതിക്കില്ല എന്നതാണ് മറ്റൊരു വസ്തുത. മക്കളിൽ ചേരിതിരിവ് കാണിക്കുന്ന മാതാപിതാക്കൾ ഉള്ള കുടുംബങ്ങളിൽ ഇത്തരത്തിൽ 'ഊറ്റൽ' സ്വഭാവമുള്ള സഹോദരങ്ങൾക്ക് ദിനം പ്രതി തങ്ങളുടെ ടാലന്റ് വളർത്താനുള്ള അവസരവുമുണ്ടാവും. സഹോദരഭാര്യയെ കോർണർ ചെയ്ത് സഹോദരനു കിട്ടേണ്ട സ്വത്ത് വരെ തട്ടിയെടുക്കുന്ന ടീംസ് വരെ പലയിടങ്ങളിലുമുണ്ട്.

പ്രവാസികളായ ഒരുപാട് പേർ ഇങ്ങനെ സഹോദരങ്ങളുടെയും അവരുടെ മക്കളുടെയുമൊക്കെ ജീവിതം നന്നാക്കി നന്നാക്കി സ്വന്തം ജീവിതം ഒന്നുമില്ലാതായി പോയവരാണ്. മറ്റൊരു പ്രത്യേകത ഇങ്ങനെ സഹോദരങ്ങളെ സ്വന്തം ജീവിതസുഖങ്ങൾക്കായി ഉപയോഗിക്കുന്ന മിക്കവർക്കും സ്വയം ജോലി ചെയ്ത് പണം സമ്പാദിക്കാൻ തോന്നാത്ത 'വിയർപ്പിന്റെ അസുഖം ' ഇത്തിരിക്കൂടുതലാവും. തിരികെ നാട്ടിലെത്തുന്ന സഹോദരനിൽ നിന്ന് ഇനി കാര്യമായൊന്നും തരപ്പെടാനില്ല എന്ന തിരിച്ചറിവിൽ അയാളെ കറിവേപ്പിലയാക്കാൻ ഇവർക്കൊരു മടിയും കാണില്ല.

യഥാർത്ഥ സഹോദര സ്നേഹത്തിൽ അവരുടെ പങ്കാളിയെ കൂടി സഹോദര സ്ഥാനത്ത് കാണാനുള്ള ഹൃദയവിശാലത ഉണ്ടാവും. സ്വന്തം സഹോദരന്റെ കുടുംബ ജീവിതത്തിൽ അവർ രണ്ടു പേരും തീരുമാനങ്ങളെടുക്കട്ടെ. അവർക്ക് സന്തോഷമുള്ള കുടുംബാന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കാൻ നിങ്ങളിലെ സഹോദരസ്നേഹം ഉപയോഗിക്കുന്നതല്ലേ നല്ലത്? അവരുടെ സന്തോഷങ്ങളിൽ ഒപ്പം സന്തോഷിച്ചും വിഷമങ്ങളെ ലഘൂകരിച്ചും കൂടപ്പിറപ്പ് എന്ന വാക്കിനെ അന്വർത്ഥമാക്കുകയല്ലേ നമ്മൾ ചെയ്യേണ്ടത് ? ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ നാട്ടുരാജ്യ നിയമം സ്വന്തം കുടുംബങ്ങൾക്കുള്ളിൽ നടപ്പാക്കുന്ന സഹോദരങ്ങളും മാതാപിതാക്കളും അടങ്ങുന്ന കള്ളനാണയങ്ങളെ ഗാർഹിക പീഡനത്തിൽ അക്രമികളായി തന്നെ കാണ്ടേതല്ലേ ?’– അഞ്ജലി ചോദിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA