ADVERTISEMENT

24 പാർഗാനസ് ജില്ലയിൽ ഹാബ്ര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ഒരു ചായക്കടയുടെ കീർത്തി സംസ്ഥാനവും, രാജ്യവും കടന്നിരിക്കുകയാണ്. എം എ ഇംഗ്ലീഷ് ചായ്‌വാലി എന്നാണ് കടയുടെ പേര്. കട നടത്തുന്നത് 26കാരിയായ തുക്തൂകി ദാസ് എന്ന യുവതി. തന്റെ ബിരുദാനന്തര ബിരുദം കടയുടെ പേരിൽ ചേർത്തുവച്ചത്തോടെയാണ് തുക്തൂകി പ്രശസ്തയായത്. 

 

‘സ്വന്തമായി ബിസിനസ്‌ എന്നതായിരുന്നു എന്റെ എന്നത്തേയും സ്വപ്നം. ഇപ്പോഴാണ് സ്വപ്നം സഫലമായത് എന്ന് മാത്രം.’ - യുവതി പറയുന്നു. ഡിഗ്രി കൂടി കടയോട് ചേർത്തുവച്ചതോടെ കട സൂപ്പർഹിറ്റ്. വേറെ ജോലി കിട്ടാത്തത് കൊണ്ടല്ല തുക്തൂകി കട തുടങ്ങിയത്. ‘എല്ലാവരും മക്കളെ പഠിപ്പിച്ചു ജോലിക്കാരാക്കാൻ നോക്കുകയാണ്. അല്ലെങ്കിൽ വിവാഹം. എനിക്കു സ്വന്തം കാലിൽ നിൽക്കണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് ബിസിനസ്‌ തുടങ്ങിയത്- തുക്തൂകി പറയുന്നു. 

 

ഒരു വർഷം മുൻപ് രബീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. നേരത്തെ തന്നെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ടായിരുന്നു. അങ്ങനെ കുറച്ചു പണം സമ്പാദിച്ചു. 10000 രൂപ മുടക്കു മുതൽ ആയതോടെ കടയും തുടങ്ങി. ഇപ്പോൾ കടയിൽ വരുന്നവർ ചായയ്ക്കൊപ്പം സെൽഫി എടുക്കാനും ആഗ്രഹിക്കുന്നു. എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സ് ഉണ്ടെന്നാണ് തുക്തൂകി വിശ്വസിക്കുന്നത്. ചായക്കട നടത്തുന്നത് മോശം ജോലി ആണെന്നും കരുതുന്നില്ല. ജനങ്ങളുടെ കാഴ്ചപ്പാട് ഇനിയും മാറേണ്ടിയിരിക്കുന്നു എന്നും തുക്തൂകി പറയുന്നു. കട തുടങ്ങാൻ 3 സ്ഥലങ്ങൾ കണ്ടു വച്ചിരുന്നു. കോളജ് ആയിരുന്നു ആദ്യത്തേത്. കോവിഡ് കാലത്ത് കോളജ് അടച്ചതോടെ ആ മോഹം പൊലിഞ്ഞു. ആശുപത്രി നോക്കിയെങ്കിലും പരിസരത്ത്  സ്ഥലം കിട്ടിയില്ല. അതോടെ റെയിൽവേ സ്റ്റേഷൻ എന്നത് ഉറപ്പിച്ചു. മൂന്നു കുട്ടികളിൽ ഇളയവളായ തുക്തൂകി സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചതിൽ ആശ്വാസമുണ്ടെന്നാണ് മാതാപിതാക്കൾ പറയുന്നത്.  

 

വിവാഹത്തിനു മുൻപു തന്നെ സ്വന്തമായി ജീവിക്കാൻ കഴിയണം എന്നും തുക്തൂകി ആഗ്രഹിച്ചിരുന്നു. ‘പലരും സഹായിക്കാൻ തയാറാണ്. എന്നാൽ ആരുടെയും സഹായം സ്വീകരിക്കാൻ തയാറല്ല. എനിക്ക് എന്റെ സ്വന്തം വഴി’ - തുക്തൂകി വ്യക്തമാക്കി. ഒരു സ്ത്രീ വിചാരിച്ചാലും മാറ്റങ്ങൾകൊണ്ടുവരാം എന്നു തെളിയിച്ചിരിക്കുകയാണ് ഈ യുവതി. കടയിൽ ക്രമേണ കൂടുതൽ സാധനങ്ങൾ വിൽക്കണം. ഒത്താൽ കൊൽക്കൊത്ത ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ കട തുടങ്ങണമെന്നും തുക്തൂകിക്ക് ആഗ്രഹമുണ്ട്. 

English Summary: 'MA English Chaiwali': Inspiring story of Tuktuki Das who opened tea shop, runs a YouTube channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com