sections
MORE

കിം കർദാഷിയന് നന്ദി; അഫ്ഗാനിസ്ഥാൻ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങൾ ആശ്വാസ തീരത്ത്

Kim Kardashian Pays For Evacuation Of Afghan Female Footballers
Image Credit: Twitter
SHARE

ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും ദിവസങ്ങൾക്കു ശേഷം, അഫ്ഗാനിസ്ഥാൻ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് ബ്രിട്ടനിൽ സ്വീകരണം. അഫ്ഗാൻ യൂത്ത് ഡവലപ്‌മെന്റ് ഫുട്‌ബോൾ ടീം അംഗങ്ങളും കുടുംബാംഗങ്ങളുമാണ് താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിൽ നിന്നു രക്ഷപ്പെട്ട് ആശ്വാസ തീരത്ത് എത്തിയത്. അപകടകരമായ യാത്രയ്ക്കു ശേഷം സുരക്ഷിത സ്ഥലത്ത് എത്തിയ ടീം അംഗങ്ങൾ നന്ദി പറയുന്നത് ഒരു അമേരിക്കക്കാരിക്കാണ്. റിയാലിറ്റി ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയും ശ്രദ്ധേയയായ കിം കർദാഷിയന്. 

താരങ്ങളെ ചാർട്ടേഡ് വിമാനത്തിൽ ബ്രിട്ടനിൽ എത്തിക്കാനുള്ള എല്ലാം ചെലവുകളും വഹിച്ചത് കർദാഷിയന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയാണ്. താരം ഇതേക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ പ്രതിനിധി യാത്രയ്ക്ക് മേൽനോട്ടം വഹിക്കുകയും കർദാഷിയന്റെ പങ്ക് എടുത്തുപറയുകയും ചെയ്തു. വനിതാ ഫുട്‌ബോൾ ടീമിലെ 35 അംഗങ്ങളും അവരുടെ കുടുാംഗങ്ങളും ഉൾപ്പെട്ട 130 പേരാണ് ലണ്ടനു കിഴക്കുള്ള സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തിയത്. താലിബാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ടീം അംഗങ്ങളും കുടുംബാംഗങ്ങളും 30 ദിവസമായി പാക്കിസ്ഥാനായിലായിരുന്നു. എന്നാൽ ഒരു മാസം മാത്രം പാക്കിസ്ഥാനിൽ കഴിയാനാണ് അവരുടെ വീസ അനുവദിച്ചിരുന്നത്. വീസ കാലാവധി തീർന്നാൽ അഫ്ഗാനിലേക്കു മടങ്ങേണ്ടിവരുമോ എന്നു പേടിച്ചതിനിടെയാണ് കൃത്യസമയത്ത് സഹായവുമായി കർദാഷിയൻ എത്തിയത്.

ബ്രിട്ടനിൽ താരങ്ങൾക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരും. അതുകഴിഞ്ഞാൽ അവർക്ക് മാതൃരാജ്യത്തെ ഭീകര ദിനങ്ങൾ മറന്ന് സാധാരണ ജീവിതം നയിക്കാം. അപകടകരമായ സാഹചര്യങ്ങൾ അതീജീവിച്ചാണ് അഫ്ഗാനിൽ നിന്ന് സംഘം യാത്ര ചെയ്തതും പാക്കിസ്ഥാനിൽ എത്തിയതും. അഫ്ഗാനിൽ കഴിയുന്ന ഓരോ ദിവസവും ഭീകരമായിരുന്നെന്ന് ഇപ്പോഴും നടുക്കത്തോടെ അവർ ഓർമിക്കുന്നു. പിടിക്കപ്പെട്ടാൽ മരണം എന്നതുറപ്പായിരിക്കുകയും സ്വതന്ത്ര ജീവിതം നയിക്കാൻ അവർ പ്രകടിപ്പിച്ച ഇച്ഛാശക്തിയെയും ധൈര്യത്തെയും വാഴ്ത്തുകയുമാണ് ഇപ്പോൾ ലോകം. ഒപ്പം അവരുടെ യാത്രയ്ക്കു വേണ്ടി രഹസ്യമായി പ്രവർത്തിച്ച് യാത്ര സുഗമമാക്കിയ കർദാഷിയന് നന്ദി പറയുകയും ചെയ്യുന്നു. 

ഓഗസ്റ്റ് 15 ന് അഫ്ഗാനിൽ അധികാരത്തിൽ വന്ന താലിബാൻ സർക്കാർ വനിതാ ഫുട്‌ബോൾ നിരോധിച്ചിട്ടില്ല. എന്നാൽ പൊതു സ്‌റ്റേഡിയങ്ങളിൽ കളിക്കാൻ അനുവദിച്ചിട്ടില്ല. ശക്തമായ നിയന്ത്രണങ്ങളും കർശനമായ സുരക്ഷാ നിർദേശങ്ങളുമാണ് പുറത്തിറക്കിയിരിക്കുന്നത്. അവയെല്ലാം അനുസരിച്ച് അന്തസ്സോടെ ഫുട്‌ബോൾ കളിക്കാൻ കഴിയില്ലെന്നു വ്യക്തമായതോടെയാണ് സംഘം മനസ്സില്ലാ മനസ്സോടെ രാജ്യം വിട്ടത്. ടീമിലെ മറ്റ് അംഗങ്ങൾ നേരത്തേതന്നെ പോർച്ചുഗലിലേക്ക് രക്ഷപ്പെട്ടിരുന്നു.രക്ഷപ്പെട്ടെത്തിയ താരങ്ങൾക്ക് ബ്രിട്ടനിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബായ ലീഡ്‌സ് യുണൈറ്റഡ് പരിശീലന സൗകര്യമുൾപ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഘത്തിന് രാജ്യത്ത് കഴിയാൻ അനുവാദം കൊടുത്ത ബ്രിട്ടിഷ് സർക്കാരിനും ലീഡ്‌സ് യുണൈറ്റഡ് നന്ദി പറഞ്ഞിട്ടുണ്ട്.

ഫുട്‌ബോൾ വെറുമൊരു കളിയല്ലെന്നും ഏകാധിപത്യത്തിനെതിരെ പോരാടാനുള്ള ആയുധമാണന്നും കൂടി ഈ സംഭവം തെളിയിക്കുന്നതായി ലീഡ്‌സ് യുണൈറ്റഡ് അധികൃതർ പറഞ്ഞു. കളി വിലക്കിയതോടെ താരങ്ങൾക്കു വേണമെങ്കിൽ ഫുട്‌ബോൾ ഉപേക്ഷിക്കാമായിരുന്നു. മറ്റേതെങ്കിലും ജോലിചെയ്തു സുഖമായി ജീവിക്കാമായിരുന്നു. എന്നാൽ, ഫുട്‌ബോൾ അവരുടെ രക്തത്തിൽ കലർന്ന വികാരമാണ്. അതവരുടെ ജീവശ്വാസമാണ്. അതിനെ ഉപേക്ഷിക്കാൻ അവർ തയാറായില്ല. കുടുംബങ്ങളും അവർക്കൊപ്പം നിന്നു. ഇതൊരു മാതൃകയാണ്. അനുകരണീയമായ മാതൃക- ലീഡ്‌സ് ക്ലബ് അഭിപ്രായപ്പെട്ടു. താരങ്ങൾക്ക് ബ്രിട്ടനിൽ മികച്ച ഭാവി വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിശീലനം പുനരാരംഭിക്കുന്നതോടെ വീണ്ടും ഫുട്‌ബോൾ അവരുടെ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. അതോടെ, നഷ്ടപ്പെട്ട ദിനങ്ങളുടെ സന്തോഷം തിരിച്ചുപിടിക്കുകയുമാവാം.

അഫ്ഗാനിൽ നിന്ന് നേരത്തെ തന്നെ ഒട്ടേറെ പേരാണ് അഭയാർഥികളായി ബ്രിട്ടനിൽ എത്തിയത്. എല്ലാവർക്കും രാജ്യം അഭയം കൊടുത്തു. അവരെ സ്വീകരിക്കുകയും അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇതേ സമീപനമായിരിക്കും താരങ്ങളോടും കൈക്കൊള്ളുക എന്നു ബ്രിട്ടിഷ് സർക്കാരും പറയുന്നു.

1996 മുതൽ 2001 വരെ താലിബാൻ നിയന്ത്രണത്തിലായിരുന്നപ്പോൾ അഫ്ഗാനിൽ വനിതാ ഫുട്‌ബോൾ വിലക്കിയിരുന്നു. വനിതകൾക്ക് ഒരു കായിക ഇനത്തിലും പങ്കെടുക്കാൻ അനുമതി കൊടുത്തിരുന്നില്ല. എന്നാൽ ഇത്തവണ വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ നിയന്ത്രണം കുറച്ചിട്ടുണ്ടെങ്കിലും സ്വതന്ത്രമായ ഫുട്‌ബോൾ അനുവദിച്ചിട്ടില്ല.

English Summary: Kim Kardashian Pays For Evacuation Of Afghan Female Footballers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA