‘സ്വന്തം വീട്ടിൽ ഒരു മുറിപോലും ഉണ്ടാകില്ല; വിവാഹത്തോടെ അന്ധരും ബധിരരും ആകുന്ന പെൺകുട്ടികൾ’

women-domestic-violence
പ്രതീകാത്മക ചിത്രം
SHARE

സ്വന്തം വീട്ടിലും ഭർതൃവീട്ടിലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന വാർത്തകളാണ് അടുത്തിടെ മാധ്യമങ്ങളിൽ നിറയുന്നത്. ഗാർഹിക പീഡനത്തെ തുടർന്ന് പെൺകുട്ടികള്‍ക്ക് ജീവൻ നഷ്ടമാകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഉത്തരയും വിസ്മയയും ഏറ്റവും ഒടുവിൽ ജീവനൊടുക്കിയ മോഫിയ പർവിനടക്കം നിരവധി പെൺകുട്ടികൾ ഗാർഹിക പീഡനങ്ങളുടെ ഇരകളാണ്. ഇത്തരം ഗാർഹിക പീഡനങ്ങളെ നേരിടേണ്ട ആവശ്യകതയെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പു പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ. ജീവിതം അവസാനിപ്പിക്കാനുള്ളതല്ലെനന്നും ജീവിച്ചു കാണിക്കാനുള്ളതാണെന്നും അഞ്ജലി പറയുന്നു. 

അഞ്ജലിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘നിയമ വിദ്യാർത്ഥിയായ ഒരു ഇരുപത്തിയൊന്നുകാരി കൂടി ഗാർഹിക പീഡനം സഹിക്കാതെ ഇന്ന് ജീവിതമവസാനിപ്പിച്ചിട്ടുണ്ട്.  എന്തു കൊണ്ടാണ് വിവാഹം കഴിഞ്ഞ് ഗാർഹിക പീഡനങ്ങൾ സഹിക്കുന്ന ഒരുപാട് പെൺകുട്ടികൾ ജീവിതമവസാനിപ്പിക്കുന്നതെന്ന് നിങ്ങൾ  ചിന്തിച്ചിട്ടുണ്ടോ? ആത്മഹത്യ ചെയ്യാതെ തിരികെ വരുന്ന പെൺകുട്ടികൾ പലപ്പോഴും നേരിടുന്നതെന്താണെന്നറിയാമോ?

പ്രശ്നഭരിതമായ ഒരു ജീവിതത്തിലൂടെ കടന്നു പോവുന്ന മകളോ സഹോദരിയോ ഉണ്ടെങ്കിൽ പലപ്പോഴും നമ്മളവളോട് തുടക്കം മുതലേ പറയുക ഒന്ന് അഡ്ജസ്റ്റ് ചെയ്യാനാണ്. വിവാഹം കഴിഞ്ഞാൽ,  തിരികെ വരുമ്പോൾ പലപ്പോഴും സ്വന്തം വീട്ടിൽ ഒരു മുറി പോലും ഇല്ലാതായി പോവുന്ന പെൺകുട്ടികളുള്ള നാടാണിത്. വിവാഹബന്ധം ഉപേക്ഷിക്കുന്ന സഹോദരി തനിക്ക് ഒരു ബാധ്യതയാവുമോ എന്ന പേടിയിൽ അവളെ തിരികെ പറഞ്ഞയയ്ക്കാൻ നിർബന്ധിക്കുന്ന സഹോദരങ്ങളുണ്ട്. മകളുടെ ബുദ്ധിമുട്ട് മനസ്സിലായാലും നാട്ടുകാർ തങ്ങളുടെ വളർത്തു ദോഷമെന്ന് കുറ്റപ്പെടുത്തുമോ എന്ന് ഭയന്ന് അവളെ തിരികെ കൊണ്ടു വിടുന്ന 'ഇനി അതാണ് നിന്റെ വീട്' എന്നു പറയുന്ന മാതാപിതാക്കളുണ്ട്. പെൺകുട്ടി ജനിക്കുന്ന നിമിഷം മുതൽ അവളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുന്നതിനു പകരം മറ്റൊരു വീട്ടിലേയ്ക്ക് പോവാനായി സ്വർണവും പണവും സൂക്ഷിച്ചു വെക്കുന്നവരുണ്ട്. നിയമ സഹായം നേടാൻ പോവുമ്പോൾ പെൺകുട്ടി എത്ര കണ്ട് താഴണം എന്നു പഠിപ്പിക്കുന്ന മറ്റൊരു പാരലൽ വേൾഡുണ്ട്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുമായി സ്വന്തം വീട്ടിൽ അഭയം തേടുന്ന പെൺകുട്ടികളെ കുത്തി നോവിക്കുന്ന ബന്ധുക്കളും അയൽവാസികളുമുണ്ട്. തരം കിട്ടിയാൽ അവളെ മാനസികരോഗിയായി ചിത്രീകരിച്ചേക്കാം.

തിരികെ വരാൻ യാതൊരു മാർഗ്ഗവുമില്ലാത്ത തരത്തിൽ അവരെ ഒറ്റപ്പെടുത്തുന്നത് നമ്മളൊക്കെ തന്നെയാണ്. വിവാഹത്തോടെ അന്ധരും ബധിരരുമായി മാറുന്ന എത്ര പെൺജീവിതങ്ങളുണ്ട് ചുറ്റിലുമെന്നറിയാമോ?ഗാർഹിക പീഡന നിയമങ്ങൾ നിലനിൽക്കെ  പരാതിയുമായി വരുന്ന പെൺകുട്ടികൾക്ക് താങ്ങാവേണ്ടവർ തന്നെ അവരെ ജീവിതമവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ എവിടെയാണ് നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാവുക? കടലാസുകളിൽ ഒതുങ്ങേണ്ടതാണോ നമ്മുടെ നിയമങ്ങൾ? കയറുകളിലും ദുപ്പട്ടകളിലും അവസാനിക്കേണ്ടതാണോ പെൺജീവിതങ്ങൾ ? സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ നിലനിൽക്കെ തന്നെ സ്ത്രീയെന്നാൽ സഹനത്തിന്റെ പര്യായമായി ചിത്രീകരിക്കുന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറേണ്ടതു തന്നെയല്ലേ? 

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ദുർഘടാവസ്ഥയിൽ പെൺകുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതെന്തെന്ന് ചിന്തിച്ചാൽ നമ്മളടങ്ങുന്ന സമൂഹത്തിന്റെ പങ്ക് വ്യക്തമാവും. വിവാഹ ജീവിതമൊഴിവാക്കി തിരികെ വന്ന പെൺകുട്ടികളുടെ നേരെ വരുന്ന  വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കല്യാണ, മരണ വീടുകളിലെ വില്ലന്‍ കഥാപാത്രമായി അവൾ മാറാന്‍ ഉള്ള ഏക കാരണം മിക്കവാറും ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നടക്കുന്നതാവും. മരിച്ചു വന്നാല്‍ മാത്രം വില കിട്ടുന്ന ഒരു പ്രത്യേക ജീവികളാണ് പലപ്പോഴും പെണ്‍കുട്ടികള്‍ .

ഞങ്ങളവളെ ഒന്നു തൊട്ടു വേദനിപ്പിച്ചിട്ടില്ല എന്നു പറഞ്ഞു നടക്കുന്ന ഭർതൃവീട്ടുകാർ.  വീട്ടിലെ മരുമകള്‍ക്ക് കൊടുക്കുന്ന മെന്റല്‍ ടോര്‍ച്ചര്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. അടിയുടെയും കുത്തിന്റെയും പൊള്ളലിന്റെയും തീവ്രത മാത്രമല്ലേ നമുക്ക് പുറത്തേയ്ക്ക് കാണാന്‍ പറ്റൂ. സുഹൃത്തുക്കളെ ഫോണ്‍ ചെയ്യാന്‍, ഒരാഴ്ച സ്വന്തം വീട്ടില്‍ നില്‍ക്കാന്‍, ബന്ധുക്കളുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒക്കെ വിലക്ക് നേരിടുന്ന പലരെയും അറിയാം.സമൂഹത്തിനു മുന്‍പില്‍ പ്രായം കൊണ്ട് സഹതാപത്തിന്റെ കോളത്തില്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങി എല്ലാ പ്രശ്‌നങ്ങളും പെൺകുട്ടികളുടെയും അവളുടെ മാതാപിതാക്കളുടെയും തലയിലാക്കാന്‍ പ്രത്യേക സിദ്ധി ആര്‍ജ്ജിച്ചവരാണ് ഇത്തരക്കാർ. വളർത്തു ദോഷമെന്ന് കുറ്റം പറഞ്ഞ് അവളെ വിചാരണ ചെയ്യുന്നവർ സ്വന്തം മകൾക്ക് ഇങ്ങനെ ഒരവസ്ഥ വരുന്നതിന് മുൻപ് അവളെ സുരക്ഷിതയാക്കാൻ മിടുക്കരായിരിക്കും.

വിവാഹ മോചിതയായ പെണ്‍കുട്ടി  സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചാല്‍  ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്.  അവളെ അഹങ്കാരിയായി അധിക പ്രസംഗിയായി മുദ്രകുത്താൻ വിവാഹ മോചനം നടന്നത് അവളുടെ ഭാഗത്തുള്ള തെറ്റ് തന്നെയാണെന്ന് വരുത്തിത്തീർക്കാൻ വ്യഗ്രതയുള്ളവരുണ്ട്. അവളുടെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ അവളേതെങ്കിലും പുരുഷ സുഹൃത്തിനൊപ്പം പ്രത്യക്ഷ്യപ്പെട്ടാൽ ഉടനെ അവനെ കണ്ടെത്തി, അവനുമായി അവിഹിതമുള്ളതു കൊണ്ടാണ് അവൾ വിവാഹ മോചനം നേടിയതെന്നു പറയുന്നവരുണ്ട്. വിവാഹ മോചനത്തോടെ സോഷ്യൽ ഓഡിറ്റിങ്ങിനെ ഭയന്ന് സകല സൗഹൃദങ്ങളുടെയും വേരറുക്കേണ്ടി വരുന്നവരുണ്ട്. ഇനി വിവാഹമേ വേണ്ടെന്നു പറയുന്നവരെ, ആ ട്രോമയിൽ നിന്നും പുറത്തു കടക്കാത്തവരെ അടുത്ത വിവാഹത്തിനു നിർബന്ധിക്കുന്ന മറ്റൊരു കൂട്ടരുണ്ട്.

ചിലരാവട്ടെ സമയാസമയം അനുകമ്പ, കാരുണ്യം എന്നിവയൊക്കെ വാരി വിതറുമെങ്കിലും പെൺകുട്ടി ഇല്ലാത്ത സ്ഥലങ്ങളിൽ അവളെ പ്രശ്നക്കാരിയാക്കി ചിത്രീകരിക്കും.. 

പ്രിയ പെണ്‍കുട്ടികളേ നിങ്ങള്‍ക്കു വേണ്ടി പകല്‍ വെളിച്ചത്തില്‍ പൊരുതാതെ , നിങ്ങളെ ചേര്‍ത്തു നിര്‍ത്താതെ, കാണുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ മാത്രം നിങ്ങളെ ഓര്‍ത്ത് ആധി കയറുന്ന ഒരാളെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. നേരിട്ടു മുഖത്തു നോക്കി കുറ്റം പറയുന്നവരിലും വിഷമാണ് ചില മനുഷ്യ ജന്മങ്ങൾ. ഒരാളും നിങ്ങൾക്ക് തരുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യം വെച്ചല്ല നിങ്ങള്‍ അരി വാങ്ങാന്‍ പോവുന്നത് എന്ന ഒറ്റ തിരിച്ചറിവില്‍ ഇവരെയൊക്കെ നൈസായി അവഗണിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ജീവിതത്തില്‍ നിങ്ങള്‍ വിജയിച്ചു തുടങ്ങി. ജീവിതമവസാനിപ്പിക്കാനുള്ളതല്ല , ജീവിച്ചു കാണിക്കാനുള്ളതാണ്.’– അഞ്ജലി കുറിക്കുന്നു. 

English Summary: Anjali Chandran's Viral post

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA