കൈക്കുഞ്ഞുമായി പാർലമെന്റിലെ ചർച്ചയിൽ; പിന്നാലെ വനിതാ എംപിക്ക് ശാസന

stella
സ്റ്റെല്ലാ ക്രീസി പാർലമെന്റിൽ. ചിത്രം∙ ട്വിറ്റർ
SHARE

ബ്രിട്ടിഷ് പാർലമെന്റിൽ നവജാത ശിശുവുമായെത്തിയതിന് ശാസന നേരിട്ട ലേബർ പാർട്ടി അംഗം അധികൃതരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ എംപി സ്‌റ്റെല്ലാ ക്രീസിയുടെ നെഞ്ചിൽ കൈക്കുഞ്ഞും ഉണ്ടായിരുന്നു. നേരത്തേ പല തവണ താൻ കുട്ടികളുമായി പാർലമെന്റിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ അപ്പൊഴൊന്നും ഒരു നിയമ ലംഘനവും ചൂണ്ടിക്കാട്ടാതിരുന്നവർ ഇത്തവണ അടിയന്തര സാഹചര്യത്തിൽ കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ ശാസിച്ചതായും സ്‌റ്റെല്ല പറയുന്നു. പാർലമെന്റിൽ  കുട്ടികളുമായി എത്തുന്നതിന് വനിതാ എംപിമാർക്ക് വിലക്കില്ലെങ്കിലും സഭയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടികളെ എടുക്കുന്നതിലും ലാളിക്കുന്നതിനും വിലക്കുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് സഭാ സ്പീക്കർ സ്റ്റെല്ലയെ ശാസിച്ചത്. എന്നാൽ മുൻപ് കുട്ടികളെ കൂടെ ഇരുത്തിയപ്പോൾ ഒരാൾ പോലും ശ്രദ്ധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് എംപി പറയുന്നു. സ്റ്റെല്ലയ്ക്ക് രണ്ടു കുട്ടികളാണുള്ളത്. രണ്ടുപേരെയും അവർ നേരത്തെ നിരവധി തവണ സഭയിൽ കൊണ്ടുവന്നിട്ടുണ്ട്.

വെസ്റ്റ് മിനിസ്റ്റർ ഹാളിൽ ചൊവ്വാഴ്ച ചൂടുപിടിച്ച ചർച്ച നടക്കുമ്പോഴായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ഉപഭോക്തൃ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുകയും പണം പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നു നൽകുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ ഇടപെട്ട് സ്റ്റെല്ലയും സംസാരിച്ചിരുന്നു. എംപി മാർക്ക് അവർക്കു താൽപര്യമുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ അവസരം നൽകിയപ്പോഴായിരുന്നു ഇത്. എന്നാൽ സഭ തീർന്നയുടൻ അധികൃതരിൽ നിന്ന് തനിക്ക് ലഭിച്ച ഇമെയിൽ സന്ദേശം അവർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

‘ഇന്ന് വെസ്റ്റ് മിനിസ്റ്റർ ഹാളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തപ്പോൾ നിങ്ങൾക്കൊപ്പം കുഞ്ഞും ഉണ്ടായിരുന്നെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഏറ്റവും പുതിയ നിയമ ഭേദഗതി അനുസരിച്ച് ചർച്ചയിൽ പങ്കെടുക്കുമ്പോൾ കുട്ടികളെ കൂടെ കൂട്ടാൻ പാടില്ല. എന്നാൽ നിങ്ങൾ നിയമം ലംഘിച്ചിരിക്കുന്നു. ഇതേപ്പറ്റി കൂടുതൽ ചർച്ച വേണമെന്നു തോന്നുന്നുണ്ടെങ്കിൽ സ്പീക്കറുമായി ബന്ധപ്പെടാം.’– എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.  കത്ത് പോസ്റ്റ് ചെയ്തുകൊണ്ട് സ്‌റ്റെല്ല പങ്കുവച്ച കുറിപ്പിൽ നിയമം ചോദ്യം ചെയ്യുന്നുമുണ്ട്. ‘പാർലമെന്റിൽ മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ച് പ്രത്യേക നിയമം ഒന്നും ഉള്ളതായി എനിക്ക് അറിയില്ല. അതുപോലെ തന്നെ മൂന്നു മാസം മാത്രം പ്രായമായ കുട്ടിയെ എന്നിൽ നിന്ന് അകറ്റുന്നതും ക്രൂരതയാണെന്ന് മാത്രമേ എനിക്കു പറയാനുള്ളൂ.’– വനിതാ എംപിമാർക്ക് കുട്ടികളുമായി പാർലമെന്റിൽ വരുന്നതിൽ വിലക്കില്ലെന്നും, ആവശ്യമെങ്കിൽ കുട്ടികളുടെ കൈ പിടിച്ച് ലോബിയിലൂടെ വോട്ടു ചെയ്യാൻ പോകാമെന്നും പറയുന്നുണ്ട്. എന്നാൽ സീറ്റിൽ ഇരിക്കുമ്പോൾ കുട്ടികൾ അടുത്തു കാണാൻ പാടില്ല. ചർച്ചയിൽ പങ്കെടുക്കുമ്പോഴും കുട്ടികളെ കൂടെ കൂട്ടരുത്. ഈ നിയമമാണ് അധികൃതർ എംപിയെ ഓർമിപ്പിച്ചിരിക്കുന്നത്.

എന്നാൽ നേരത്തേ കുട്ടികളുമായി സീറ്റിൽ എത്തിയപ്പോൾ തന്നെ എന്തുകൊണ്ട് ഇക്കാര്യം ഓർമിപ്പിച്ചില്ല എന്ന സ്റ്റെല്ലയുടെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞിട്ടില്ല.ജനിച്ചു ദിവസങ്ങൾ മാത്രമായ കുട്ടിയുമായി സെപ്റ്റംബർ 23 ന് സ്റ്റെല്ല പാർലമെന്റിൽ എത്തുകയും ചോദ്യം ചോദിക്കുകയും ചെയ്തിരുന്നു. എംപിയുടെ പോസ്റ്റ് പുറത്തുവന്നതിനെത്തുടർന്ന് മറ്റ് ബ്രിട്ടിഷ് എംപിമാരും പ്രശ്‌നത്തിൽ ഇടപെടുകയും തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ പല തവണ കുട്ടികളുള്ള എംപിമാരുടെ അവകാശങ്ങൾക്കും അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും സ്റ്റെല്ല പാർലമെന്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങൾ എല്ലാം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോൾ അതേ പ്രശ്‌നത്തിന്റെ ഇരയായി മാറിയിരിക്കുകയാണ് അവർ. ഒന്നുകിൽ മൂന്നു മാസം മാത്രം പ്രായമുള്ള കുട്ടിയുമായി വീട്ടിൽ ഇരിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ അത്യാവശ്യ സാഹചര്യങ്ങളിൽ കുട്ടികളുമായി എത്തി പാർലമെന്റിൽ സംസാരിക്കാനുള്ള അനുവാദം നൽകുക. ഇതിൽ ഏതെങ്കിലും ഒരു വ്യവസ്ഥ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.സ്റ്റെല്ലയ്ക്ക് ശകാരം കിട്ടിയെങ്കിലും സംഭവം ബ്രിട്ടനിൽ ചർച്ചയായിരിക്കുകയാണ്. കുട്ടികളുള്ള വനിതാ എംപിമാരുടെ കഷ്ടപ്പാടുകളെക്കുറിച്ചും ചൂടുപിടിച്ച ചർച്ച തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം സമീപ ഭാവിയിലെങ്കിലും അനുകൂല നിയമ നിർമാണത്തിനു കാരണമാകുമന്ന പ്രതീക്ഷിയിലാണ് സ്റ്റെല്ല ക്രീസി. ഒപ്പം മറ്റു വനിതാ എംപിമാരും.

English Summary: Stella Creasy surprised after reprimand for bringing infant into Commons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA