ADVERTISEMENT

അവിവാഹിതയാകട്ടെ, വിവാഹേതര ബന്ധത്തിൽ ഗർഭം ധരിച്ചവളാകട്ടെ, ബലാത്സംഗത്തിലെ അതിജീവിതയും അതിന്റെ ബാക്കിപത്രമായി ഗർഭം ധരിച്ചവളുമാകട്ടെ – ഒരു പെണ്ണ് തന്റെ കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ തീരുമാനിച്ചാൽ അവൾക്ക് അതിനുള്ള അവകാശം ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. എന്നിട്ടും കേരളത്തിൽ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിലേക്ക് എത്താൻ കണ്ണീർക്കടലിന്റെ ദൂരം താണ്ടേണ്ടിവന്നു. പ്രളയജലത്തെക്കാൾ കണ്ണീര് ഉള്ളിൽ അണകെട്ടി അനുപമ പോരാട്ടം നടത്തി. ആരുടെയൊക്കെയോ ദുരഭിമാനം കാക്കാൻ തന്നിൽ നിന്നു പറിച്ചെടുത്ത കുഞ്ഞിനു വേണ്ടി അധികാരികളെ മുഴുവൻ അവൾ ചൂണ്ടുവിരലിൽ നിർത്തി. ‘തരികെന്റെ കുഞ്ഞിനെ’ എന്ന അവരുടെ ഉള്ളുചുട്ട നിലവിളി സാംസ്കാരിക ലോകം ഏറ്റെടുത്തു. പക്ഷേ, അപ്പോഴും പൊതുസമൂഹത്തിലെ വലിയൊരു പങ്കും അവൾക്കു പുറംതിരിഞ്ഞ് നിലയുറപ്പിച്ചു, ‘വിവാഹം കഴിക്കാതെ പ്രസവിച്ചവൾ’ എന്ന വഷളൻ ചിരി ചുണ്ടറ്റത്ത് ഒട്ടിച്ചുവച്ചു.

 

എല്ലാ കാര്യത്തിലും പുരോഗമനം പറയുമ്പോഴും നാം വ്യക്തികളുടെ ‘തിരഞ്ഞെടുപ്പ്’ എന്ന അവകാശത്തെ തെല്ലും മാനിക്കാൻ പഠിക്കാത്തവരാണ്, പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ.  താൻ ജീവിതം പങ്കിടേണ്ടത് ആരുടെ കൂടെയാവണമെന്നു തീരുമാനിക്കാൻ പ്രായപൂർത്തിയെത്തിയ ഓരോ വ്യക്തിക്കും അവകാശമുണ്ട്. അങ്ങനെ തിരഞ്ഞെടുക്കാൻ തയാറാകുന്ന പുരുഷനു നേർക്ക് സമൂഹം കുരച്ചു ചാടുന്നില്ല. പക്ഷേ, മറുവശത്തെ സ്ത്രീ അവിവാഹിതയോ വിവാഹമോചിതയോ വിധവയോ ആകട്ടെ, അവളെ സമൂഹം പരസ്യവിചാരണ ചെയ്യും. കേരള ചരിത്രത്തിലെ വൃത്തികെട്ട അധ്യായമായ സ്മാർത്തവിചാരത്തിലെ പോലെ ‘സാധനം’ എന്ന കണ്ണിലാണ് പിന്നീട് അവൾക്ക് ഓരോ ചോദ്യങ്ങളും നേരിടേണ്ടിവരുന്നത്.

 

ഗർഭം വേണോ കരിയർ വേണോ എന്ന ചോദ്യത്തിൽ കരിയർ തിരഞ്ഞെടുത്ത സിനിമാക്കഥയിലെ നായികയെ ജീവന്റെ വിലയും ഗർഭത്തിന്റെ പരിശുദ്ധിയും പഠിപ്പിക്കാനിറങ്ങിയവർ തന്നെ ഇവിടെ അനുപമയോട് ‘വിവാഹം കഴിക്കാതെ ഗർഭമുണ്ടായാൽ അത് അലസിപ്പിക്കണമായിരുന്നു’ എന്ന് കാറിത്തുപ്പി. വിവാഹത്തിലൂടെ ആയാലും വിവാഹത്തിനു പുറത്തായാലും ഗർഭം ധരിക്കുന്ന കുഞ്ഞിന്റെ ജീവന് ഒരേ വിലയെന്ന് ഇവർക്ക് അറിയാതെയാണോ? മാത്രമല്ല, എന്തിനാണ് താനുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത ഒരു വ്യക്തിയുടെ സദാചാരത്തിൽ ഇവരെല്ലാം ഇത്രയേറെ ഉത്കണ്ഠാകുലരാകുന്നത്.

ദുരഭിമാനക്കൊല നടന്നാൽ ജീവൻ നഷ്ടമായ പുരുഷനെ ഓർത്ത്, കഥയിലെ ശോകനായികയെ ഓർത്ത് വിലാപകാവ്യം രചിക്കുന്നവരാണ് അനുപമയ്ക്കു നേരെ ആക്രോശം നടത്തിയത്. തങ്ങളുടെ പെണ്ണളവുകോലുകളിൽ ഒന്നും അവൾ ഒതുങ്ങിയില്ലെന്നത് തന്നെ കാരണം. താൻ വിവാഹം കഴിക്കാതെ ഗർഭം ധരിച്ചെന്ന വിവരം, ആ കുഞ്ഞിനെ തന്നിൽ നിന്ന് തട്ടിയെടുത്തെന്നത്, അവനെ തനിക്ക് തിരികെ വേണമെന്ന് അവൾ ലോകത്തോട് വിളിച്ചുപറഞ്ഞു. മുൻപൊക്കെ ‘ചള്ളുപെണ്ണുങ്ങൾ’ എന്ന ടാഗിൽ കുരുക്കിയിട്ടിരുന്ന ചില സ്ത്രീകൾ കാണിച്ചിരുന്ന തന്റേടമാണ് 21 വയസ്സ് മാത്രം തികഞ്ഞ ആ പെൺകുട്ടി കാഴ്ചവച്ചത്. കുലീനസ്ത്രീ, കുലസ്ത്രീ സങ്കൽപങ്ങളെല്ലാം അവൾ തച്ചുടച്ചു. അതിന്റെ നാട്യങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന പെണ്ണുങ്ങളും അവരുടെ ചരടറ്റം പിടിച്ചിരുന്ന പുരുഷന്മാരും ഒന്നുപോലെ പകച്ചുപോയി. അതോടെ കുടുംബത്തിന്റെ മഹത്വം, പോറ്റമ്മയുടെ കണ്ണീർ എന്നൊക്കെയുള്ള വിറകുകോലുകൾ തിരുകി അവർ അവൾക്കു ചുറ്റും അഗ്നികുണ്ഠം ആളിക്കാൻ ശ്രമിച്ചു. പക്ഷേ, അവൾ തോറ്റുപോയില്ല. തോരാമഴയിലും തീവെയിലിലും അവൾ കുലുങ്ങാതെനിന്നു. ഒടുവിൽ അവൾ കുഞ്ഞിനെ മാറിൽചേർത്ത് വിജയിയുടെ തലയെടുപ്പോടെ കോടതിയിൽ നിന്നു പുറത്തേക്കു വന്നപ്പോൾ എതിർത്തവർ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോയി. 

‘അവിഹിതം’ എന്ന പുച്ഛവാക്കിൽ സ്ത്രീയെ മാത്രം കുടുക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമുള്ള മറുപടിയാണ് അനുപമയുടെ പോരാട്ടം. തന്റെ ജീവിതം തന്റെ തിരഞ്ഞെടുപ്പെന്ന് അവൾ പറയാതെ പറഞ്ഞു. ജയിക്കാൻ വേണ്ട ആയുധങ്ങളോ, അധികാരികളുടെ സംരക്ഷണമോ, പൊതുജന പിന്തുണയോ ഒന്നുമില്ലാതെ അനുപമ ഒറ്റയ്ക്ക് തുടങ്ങിയ പോരാട്ടമായിരുന്നു അത്. പക്ഷേ, അവരുടെ നിലപാടിന് നേരിന്റെ തെളിച്ചമുള്ളതുകൊണ്ട് ഒരുപാട് പേർ അവർക്കൊപ്പം കൈകോർത്തു. ഒടുവിൽ അനുപമമായ നിശ്ചയദാർഢ്യത്തോടെ അവൾ വിജയം വരിച്ചുകഴിഞ്ഞു. കഥ തുടങ്ങിയിട്ടേയുള്ളൂ. ഇനിയുമൊരുപാട് അനുപമമാർ നമുക്കിടയിൽ ഉണ്ടായേക്കാം. തങ്ങളുടെ ശരികൾക്കു വേണ്ടി ഉശിരോടെ പോരാടാൻ തന്റേടമുള്ളവർ. അവരെക്കൂടി ഉൾക്കൊള്ളാൻ തക്കവണ്ണം വിശാലമാകട്ടെ നമ്മുടെ സമൂഹവും മനസ്സുകളും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com