ADVERTISEMENT

ഡോക്ടർ ത്രിനേത്ര ഹാൽദർ ഗുമ്മാർജു പല മേഖലകളിൽ കഴിവു തെളിയിച്ച യുവതിയാണ്. ട്രാൻസ്‌ജെൻഡർ പ്രവർത്തകയാണ്. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിനു പേർ പിന്തുടരുന്ന വ്യക്തിയാണ്. നേട്ടങ്ങൾ ഒട്ടേറെ സ്വന്തമാക്കിയിട്ടുമുണ്ട്. എന്നാൽ എല്ലാറ്റിലും ഉപരി അവർ വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വസ്തുതയുണ്ട്.

എന്നും ഞാൻ ഒരു സ്ത്രീയാണ്. എന്നെന്നും.

 

ത്രിനേത്രയുടെ പ്രശ്‌നം സ്ത്രീയായിട്ടും അവരെ അതായി ആരും അംഗീകരിച്ചില്ല എന്നതാണ്. പകരം നാലാം വയസ്സു മുതൽ പരിഹാസവും പുച്ഛവും മാത്രമാണ് ലഭിച്ചത്. കുട്ടിയായിരിക്കുമ്പോഴേ, ത്രിനേത്ര അമ്മയുടെ സാരി അണിയാൻ ശ്രമിക്കുമായിരുന്നു. ഹൈ ഹീൽ ചെരിപ്പ് ധരിക്കാൻ ശ്രമിക്കുമായിരുന്നു. സ്‌ത്രൈണമായ എല്ലാറ്റിലേക്കും ആകർഷിക്കപ്പെടുമായിരുന്നു. എന്നാൽ, ആൺകുട്ടിയാണെന്ന് അവരെ എല്ലാവരും ഓർമിപ്പിക്കാൻ ശ്രമിച്ചു. അതിനു വിരുദ്ധമായി എന്തു കണ്ടാലും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും പരിഹസിക്കുകയും പതിവായിരുന്നു.അച്ഛനും അമ്മയും എന്നെ ആൺകുട്ടിയായാണ് കണ്ടത്. അങ്ങനെ വളർത്താനാണ് അവർ ശ്രമിച്ചതും- മണിപ്പാൽ കെഎംസി കോളജിൽ ഡോക്ടറായി പരിശീലനം നേടുന്ന ത്രിനേത്ര പറയുന്നു.

 

മുതിർന്ന ആൺകുട്ടികൾ പലപ്പോഴും പീഡിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. മനഃശാസ്ത്രജ്ഞർ വീട്ടുകാരെ ഉപദേശിച്ചത് കുട്ടിയെ ആൺകുട്ടികൾക്കൊപ്പം വളർത്താനും ശ്രദ്ധിക്കാനുമായിരുന്നു.ഒരാൾ പോലും ത്രിനേത്ര ട്രാൻസ്‌ജെൻഡർ ആണെന്ന് അംഗീകരിച്ചില്ല. ട്രാൻസ്‌ജെൻഡർ ആയ വ്യക്തികളെ അപകടകാരികളായാണ് ഈ രാജ്യത്ത് കണ്ടിരുന്നത്. അവരെ അപമാനിക്കാൻ എല്ലാവരും വെമ്പൽ കൊണ്ടു. ഈ അന്തരീക്ഷത്തിലാണ് അവർ വളർന്നുവന്നത്. പലർക്കും ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടിവന്നു. മറ്റു ചിലർക്കു ലൈംഗിക തൊഴിലിലേക്കു തിരിയേണ്ടിയും വന്നു. കൗമാര പ്രായമെത്തിയപ്പോഴേക്കും ത്രിനേത്രയ്ക്ക് സ്വന്തം ശരീരത്തോടു തന്നെ വെറുപ്പ് തോന്നിത്തുടങ്ങി. സ്വയം അപകടപ്പെടുത്താൻ പോലും ശ്രമിച്ചു. എന്നാൽ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചതോടെ അവരുടെ തലവര മാറി. അതുവരെ അപമാനിച്ചവർ പോലും ബഹുമാനിക്കാൻ തുടങ്ങി. അംഗീകരിക്കാനും ഒരു വ്യക്തിയായി മനസ്സിലാക്കാനും ശ്രമിച്ചു.

 

ഒരു തെറാപിസ്റ്റിന്റെ സഹായവും ത്രിനേത്രയ്ക്കു ലഭിച്ചു. സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കാനും ഉൾക്കൊള്ളാനും ക്രമേണ അവർ തയാറാവുകയായിരുന്നു. അതേ കാലത്തു തന്നെ സമൂഹ മാധ്യമത്തിലും അവർ സജീവമായി. സ്വന്തം ചിന്തകളും ആലോചനകളും പ്രതീക്ഷകളും മോഹങ്ങളും വ്യാമോഹങ്ങളും പങ്കുവയ്ക്കാൻ ഒരിടം. ഇന്ന് 22,000 പേർ ത്രിനേത്രയെ പിന്തുടരുന്നു. എന്നാൽ ആദ്യകാലത്ത് അവരുടെ പോസ്റ്റുകളെ പ്രഫസർമാർ ഉൾപ്പെടെ സമൂഹത്തിലെ അന്തസ്സുള്ളവർ പോലും അവഗണിക്കുകയും പരിഹസിക്കുകയുമായിരുന്നു. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ത്രിനേത്ര ഒരു ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു. ഇപ്പോഴത്തെ കുടുംബത്തിലും അവർ സ്വീകരിക്കപ്പെട്ടു. സമൂഹ മാധ്യമലോകത്തും അംഗീകരിക്കപ്പെട്ടു.

 

2018 ൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപിക്ക് അവർ വിധേയയായി. തൊട്ടടുത്ത വർഷം ലിംഗമാറ്റ ശസ്ത്രക്രിയയും. ഒരു മാസത്തോളം കിടക്കയിൽ തന്നെയായിരുന്നു. പേരു പോലും മാറ്റി പഴയ ജീവിതം പാടേ മറന്ന് പുതിയൊരു വ്യക്തിയായി ത്രിനേത്ര ഉയർന്നുവരുന്നതുപോലെയാണ് അവർക്ക് തോന്നിയത്. അത് ത്രിനേത്രയുടെ പുനർജന്മമായിരുന്നു.

സമൂഹത്തിൽ പുതിയ വ്യക്തിയായി. അതോടെ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം പോലും അവർ തിരിച്ചറിഞ്ഞു. എന്നാൽ സ്ത്രീയുടെ വ്യക്തിത്വം സ്വീകരിച്ചതോടെ നേരത്തേ തിരിച്ചറിയാത്ത ചില പ്രശ്‌നങ്ങളും നേരിടേണ്ടിവന്നു. ആരാധകർ കൂടി. കമന്റടിക്കുന്നവരുടെ എണ്ണവും കൂടി. ചില സെൽഫികൾ പോസ്റ്റ് ചെയ്തതോടെ ബലാൽസംഗം ചെയ്യുമെന്ന ഭീഷണി കത്തുകളും ലഭിക്കാൻ തുടങ്ങി.

 

2017 ൽ സ്ത്രീകളുടെ ശുചിമുറി ഉപയോഗിക്കുന്നതിൽ നിന്ന് സുരക്ഷ ഭടൻ ത്രിനേത്രയെ വിലക്കുകയുണ്ടായി. അതോടെ വെള്ളം കുടിക്കുന്നതു കുറച്ചു. അങ്ങനെ മൂത്ര സംബന്ധമായ അസുഖങ്ങളും അവരെ പിടികൂടി. ഇതെല്ലാം ഇത്തരക്കാർ നേരിടുന്ന പ്രശ്‌നങ്ങളിൽ ചിലതു മാത്രമാണ്. എന്നാൽ ഇന്ന്, പഴയ കാലം പിന്നിലാക്കിയ ത്രിനേത്ര പറയുന്നത്, മനുഷ്യരുടെ കഴിവിൽ വിശ്വസിക്കാനാണ്. ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. അതുപയോഗിക്കണം എന്നേയുള്ളൂ. തന്റെ ജീവിതകഥ മറ്റുള്ളവർക്കും ഒരു പാഠമാകണം എന്നാണ് ത്രിനേത്രയുടെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com