15ലക്ഷത്തിന്റെ കാർ, 75 പവൻ; ഇല്ലാത്ത സ്ത്രീധനത്തിന്റെ പേരി‍ൽ വഴക്ക്; ഒടുവിൽ ‘സിങ്കപ്പെണ്ണാ’യി മാറിയവൾ

lis
SHARE

പന്തലിലെത്തും മുൻപുതന്നെ പാതിവഴിയിൽ  മുടങ്ങിപ്പോകുന്ന കല്യാണക്കഥകൾ ധാരാളം കേട്ടവരാണ് നമ്മൾ. ആ കഥയിൽ കണ്ണീർ പലപ്പോഴും പെൺകുട്ടിക്കായിരിക്കും. ആലോചിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് കൂസലില്ലാതെ പിൻമറിയവർക്ക് കണക്കിനു മറുപടി നൽകിയ ഒരു ‘സിങ്കപ്പെണ്ണി’ന്റെ കഥ പറയുകയാണ് ലിസ് ലോന. സൗകര്യവും സ്വാർത്ഥതയും നോക്കി കല്യാണത്തോട് ഗുഡ്ബൈ പറഞ്ഞവരെ ഉശിരോടെ നേരിട്ട പെണ്ണിന്റെ കഥ സോഷ്യൽ മീഡിയയിലൂടെയാണ് ലിസ് പങ്കുവച്ചത്.

സോഷ്യൽ മീഡിയയിൽ ലിസ് പങ്കുവച്ച കുറിപ്പിൽ  പറയുന്നത് ഇങ്ങനെ "ചേച്ചി..അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ ഞങ്ങൾ പെട്ടെന്ന് നാട്ടിൽപോകും". കഴിഞ്ഞ മെയ് മാസത്തിലാണ് വീടിനു തൊട്ടടുത്തു താമസിക്കുന്ന ആലിയ എന്നെ വൈകുന്നേരം വഴിയിൽ കണ്ടപ്പോൾ സന്തോഷത്തോടെ അറിയിച്ചത്.വിവാഹം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് കരിയർ സ്വപ്‌നങ്ങൾ പടുത്തുയർത്തുന്ന മിടുക്കിയാണ് അനിയത്തികുട്ടി. സുന്ദരി. എത്രെയോ നല്ല ആലോചനകൾ വന്നിട്ടും ഇപ്പോൾ വേണ്ടെന്ന അവളുടെ നിലപാടിന് ഉപ്പയും സപ്പോർട്ടാണ്.

"നിങ്ങളെന്ത് മറിമായം ചെയ്തു ഇപ്പോഴവൾ സമ്മതിക്കാൻ .."ചിരിയോടെയുള്ള എന്റെ ചോദ്യത്തിന് പെട്ടെന്നായിരുന്നു ആലിയയുടെ ഉത്തരം."ഞങ്ങൾക്ക് അറിയാവുന്നൊരു കുടുംബം വഴി വന്നൊരു ആലോചനയാണ് ചേച്ചി. അവൾക്കും ഇഷ്ടപ്പെട്ടു. അവൾ സമ്മതം അറിയിച്ചതുകൊണ്ട് മാത്രമാണ് ഇതിവിടെ വരെ എത്തിയത്.." "പിന്നെന്ത് വേണം.. ഉമ്മയുടെ ടെന്‍ഷന് അല്‍പം സമാധാനമായി അല്ലേ..എന്നത്തേക്കാണ് നിങ്ങൾ പോകുന്നതെന്ന് അറിയിക്കണേ.." അൽപനേരം അവളോട് സംസാരിച്ച് യാത്ര പറഞ്ഞ് നീങ്ങുമ്പോൾ ഞാനോർത്തത് അവരെക്കുറിച്ചായിരുന്നു.

നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോൺ വിളിച്ചും വിശേഷങ്ങൾ പരസ്പരം കൈമാറിയും ചിരപരിചിതരാണ് കുടുംബങ്ങൾ. ഇളയ മകൾക്ക് 24 വയസ്സ് കഴിഞ്ഞല്ലോ വിവാഹമൊന്നും ആയില്ലേയെന്ന് കുടുംബക്കാരുടെ കുശലാന്വേഷണത്തിൽ മാനസികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് ആ ഉമ്മയായിരുന്നു. അല്ലെങ്കിലും മക്കൾ പ്രായപൂർത്തിയാകുന്നതിലും വിവാഹം നടത്താൻ വൈകുന്നതിലും നമ്മളെക്കാൾ ടെൻഷൻ എടുക്കുന്നത് ബന്ധുക്കളും നാട്ടുകാരുമാണല്ലോ. ചെറുക്കൻ യുകെയിൽ ആണെന്നാണ് ആലിയ പറഞ്ഞത്. അനിയത്തിയെ കൊണ്ടുപോകാനുള്ള പ്ലാൻ ഉള്ളതുകൊണ്ട് ഐഇഎൽടിഎസ് എടുക്കാൻ അവളോട് നിർദ്ദേശിച്ചിട്ടുണ്ട് അയാൾ.

കോവിഡ് പ്രശ്നം കാരണം എയർപോർട്ട് ബുദ്ധിമുട്ടുകളുണ്ട് അതൊന്ന് ശരിയായാൽ വൈകിക്കില്ല ഉടനടി ലീവെടുത്ത് വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ അവളോട് ജോലി തൽക്കാലം രാജി വച്ച് അങ്ങോട്ടേക്കു വരാനുള്ള കാര്യങ്ങൾ ശരിയാക്കാൻ പറഞ്ഞിട്ടുണ്ടെന്ന്. ചെറുക്കൻ എത്തിയില്ലെങ്കിലും വീട്ടുകാർ തമ്മിൽ സംസാരിച്ച് ധാരണയായി വിവാഹമുറപ്പിച്ചതിന്റെ പിറ്റേന്ന് അഞ്ചക്ക ശമ്പളമുള്ള ജോലിയവൾ രാജിവെച്ച് കോഴ്സിന് ചേർന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം ആലിയ വിശദമായി അനിയത്തിയെ കെട്ടാൻ പോകുന്ന ചെറുക്കനെക്കുറിച്ചും അയാളുടെ വീട്ടുകാരെക്കുറിച്ചും വാ തോരാതെ സംസാരിക്കുമായിരുന്നു. അഞ്ചുപൈസ സ്ത്രീധനമായി പെൺകുട്ടികൾക്ക് കൊടുക്കില്ലായെന്ന ഉപ്പയുടെ വാശിയറിഞ്ഞപോലെ വന്ന ബന്ധുതയാണ്. അവർക്ക് പെൺകുട്ടിയെ മാത്രം മതിയെന്ന്.

വിവാഹിതരാകാൻ പോകുന്നവർക്ക് പരസ്പരം അറിയാനും സംസാരിക്കാനും അല്‍പം സമയം കിട്ടണമെന്ന പക്ഷക്കാരിയായതുകൊണ്ട് രണ്ടുപേരും സ്ഥിരം വിളിക്കാറുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും അറിഞ്ഞ് എനിക്കും സന്തോഷമായി. യാത്രാവിലക്കുകൾ മാറി വിമാനം പറന്നുതുടങ്ങി. മണവാട്ടി ഐഇഎൽടിഎസ് നല്ല റിസൽറ്റോടെ പൂർത്തിയാക്കി. പക്ഷേ, പയ്യന് ലീവ് കിട്ടാത്തതുകൊണ്ട് എല്ലാവരും വിഷമത്തിലാണ്.സെപ്റ്റംബറിൽ പയ്യന് ലീവ് കിട്ടിയെന്നും അവൻ വരുന്നതിന് മുൻപേ എൻഗേജ്മെന്റ്റ് നടത്താൻ പോകുകയാണെന്നും ആലിയ വിളിച്ചപ്പോൾ പറഞ്ഞിരുന്നു..

മാസാവസാനത്തെ വെള്ളിയാഴ്ച പുലർച്ചെ ഫ്ലൈറ്റിന് അവളും മക്കളും നാട്ടിലേക്ക് തിരിച്ചു. എൻഗേജ്മെന്റിനു ഉടുക്കാൻ ഡിസൈനർ വസ്ത്രങ്ങൾ ഇവിടുന്നെ വാങ്ങിയാണ് അവർ പോയത്. നിശ്ചയത്തിന്റെ തലേന്ന് ഞാനവരുടെ വീട്ടിലേക്ക് വിഡിയോ കോളിൽ വിളിച്ചപ്പോൾ എല്ലാവരുടെയും മുഖത്തൊരു മ്ലാനതയുണ്ടായിരുന്നു. എന്ത്പറ്റിയാവോ എന്ന് മനസ്സിൽ തോന്നിയെങ്കിലും ചിലപ്പോൾ ചടങ്ങിന് വേണ്ടി ഓടിനടന്ന് ക്ഷീണിച്ചതാകുമെന്ന് വിശ്വസിച്ച് മിണ്ടാതെയിരുന്നു.തലേദിവസത്തെ ടെൻഷൻ കണ്ടിരുന്നതുകൊണ്ട് പിറ്റേന്ന് വൈകുന്നേരം ഞാൻ ആലിയക്ക് വെറുതെയൊരു മെസേജയച്ചു..

"all okey ?"

"അല്ല ചേച്ചി കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ടായി അത് ദേ ഇപ്പോഴാണ് എല്ലാം ക്ലിയർ ആയത്. ശ്വാസം നേരെ വീണ് എല്ലാവരും സന്തോഷിച്ചു തുടങ്ങിയേ ഉള്ളൂ."എല്ലാം ശരിയായല്ലോ ഇനിയെന്താണെന്ന് ചോദിക്കേണ്ടെന്ന് കരുതിയെങ്കിലും അവളിങ്ങോട്ട് പറഞ്ഞു. ഏതോ അടുത്ത ബന്ധു വഴിയാണല്ലോ വിവാഹാലോചന വന്നത്. അവർ ഉമ്മയെ വിളിച്ച് ചോദിച്ചെന്ന് ,കാർ നിങ്ങൾ വിവാഹത്തിനാണോ കൈമാറുന്നതെന്ന്. ഇതുവരെയും കാറും കോളും ഇല്ലായിരുന്നിടത്തേക്ക് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട കാർ എല്ലാവരെയും കൺഫ്യൂഷനിലാക്കി.. ഉപ്പ വിളിച്ച് ചെറുക്കന്റെ വീട്ടിൽ സംസാരിച്ചപ്പോൾ അവരങ്ങനെയൊരു കാര്യം ചോദിച്ചില്ലെന്നും ബന്ധു ചിലപ്പോൾ സ്വന്തമായി സങ്കല്‍പിച്ചു ചോദിച്ചതാകുമെന്നും മറുപടി കിട്ടി.

അഞ്ചാറ് മാസമായി സംസാരിച്ചിട്ടും ഇങ്ങനെയൊന്നും ചോദിച്ചുകേട്ടില്ലാലോയെന്ന് മണവാട്ടി ചെറുക്കനോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ അവനൊന്നും അറിഞ്ഞില്ലെന്നും. അത് കാര്യമാക്കണ്ടായെന്നും ,പുള്ളി പുറപ്പെടാനുള്ള ഒരുക്കത്തിലായതുകൊണ്ട് പിന്നെ വിളിക്കാമെന്നും അറിയിച്ചതുകൊണ്ട്‌ നിശ്ചയം ഗംഭീരമായി കഴിഞ്ഞു. ഫോട്ടോകൾ പെട്ടെന്ന് അയച്ചുതരാമെന്നും കോവിഡ് പ്രോട്ടോകോൾ ഉള്ളതുകൊണ്ട് ആളുകളെ അധികം വിളിക്കാൻ കഴിഞ്ഞില്ലെന്നും ഇനി കല്യാണത്തിന് പെർമിഷൻ എടുത്ത് പരമാവധി പേരെ പങ്കെടുപ്പിക്കണമെന്നുമൊക്കെ ഓരോ വിശേഷങ്ങൾ പിന്നെയും മെസേജുണ്ടായിരുന്നു. ചെറുക്കനെത്തി. വിവാഹത്തിന് കൃത്യം അഞ്ചുദിവസം മുൻപേ. പിന്നെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്..

നേരത്തെ കാറിന്റെ കാര്യം വിളിച്ചുചോദിച്ച ബന്ധുവും ചെറുക്കന്റെ അമ്മാവനും കൂടി വീട്ടിലെത്തി വിവാഹാലോചന നടക്കുന്ന സമയത്ത് പതിനഞ്ചു ലക്ഷത്തിന്റെ കാറും മുപ്പത്തഞ്ചു ലക്ഷവും 75 പവനും സ്ത്രീധനമായി കൊടുക്കാമെന്ന് ഉപ്പ സമ്മതിച്ചിരുന്നല്ലോ പിന്നെയെന്താണ് വാക്ക് മാറ്റിയതെന്ന് ചോദിച്ചു. അങ്ങനൊരു സംസാരമേ നടന്നിട്ടില്ലെന്നും അവൾക്ക് അവകാശപ്പെട്ടത് എപ്പോഴായാലും കൊടുക്കുമെന്നും സ്ത്രീധനം ചോദിച്ചുവരുന്നവർക്ക് കൊടുക്കാൻ ഇവിടെ പെണ്ണില്ലെന്നുമായിരുന്നു തുടക്കത്തിലേ തന്റെ നിലപാടെന്ന് ,ഉപ്പയും..വാക്കുതർക്കം വഴി മാറി അസഭ്യവും ഉന്തുംതള്ളുമാകാൻ അധികസമയം വേണ്ടിവന്നില്ല.

ഇവിടുന്ന് കുറച്ച്പേർ കൂടി അവരുടെ വീട്ടിൽ ചെന്നെങ്കിലും അവർ കാണാൻ വിസമ്മതിച്ചു. വാക്കിന് സ്ഥിരതയില്ലാത്തവരുമായുള്ള ബന്ധം വേണമോയെന്ന് അവർക്ക് ഒന്നുകൂടി ആലോചിക്കണമെന്നും വിവരം അറിയിക്കാമെന്നും ആദ്യം പറഞ്ഞെങ്കിലും, വിവാഹഒരുക്കങ്ങൾ അവസാനനിമിഷത്തിലെക്ക് എത്തിയതുകൊണ്ട് വാക്ക് പറഞ്ഞത് കൊടുത്താൽ നിക്കാഹ് നടത്താമെന്നും അവരറിയിച്ചു. നാല് ദിവസമേയുള്ളൂ നിക്കാഹിന്.. മണ്ഡപവും സ്വർണവും വസ്ത്രങ്ങളും കാറ്റെറിംഗും എല്ലാം റെഡിയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ വിദേശത്തുനിന്നുപോലും വേണ്ടപ്പെട്ടവർ പണം ചിലവാക്കി എത്തിയിട്ടുണ്ട്. അവസാനനിമിഷത്തിൽ കൈവിട്ടെന്ന ചിന്ത മകൾക്കുണ്ടാകരുതെന്ന് കരുതി വേണ്ടുന്ന ഒരുക്കങ്ങൾ നടത്തി പറഞ്ഞപ്രകാരം കല്യാണം നടത്താൻ തയ്യാറാണെന്ന് സമ്മതം അറിയിച്ച് ഉപ്പ വീട്ടിലേക്ക് മടങ്ങിവന്നു. ഉപ്പ വീട്ടിലെത്തിയതും അതുവരെ ചെറുക്കന്റെ ഫോണിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ കേട്ടിരുന്ന സ്വിച്ചോഫ് മെസേജ് മാറി റിങ്ടോൺ കേൾക്കാൻ തുടങ്ങി..

തുടർച്ചയായി അയാളെ വിളിച്ചിട്ടും എടുക്കാതിരുന്നതിനും ഇത്തരം കാര്യങ്ങൾ വീട്ടുകാരാണ് തീരുമാനിക്കുന്നതെന്നും തന്നോട് മുഷിയരുതെന്നുമുള്ള നീണ്ടൊരു മെസേജോടൊപ്പം ആത്മാർത്ഥത കുത്തിനിറച്ചൊരു മാപ്പും അവളെ തേടിയെത്തി. ഇത്രെയും സംഭവങ്ങൾ നടന്നതിന് ശേഷം തന്നോട് ചോദിക്കാതെ വിവാഹത്തിന് എന്തിന് സമ്മതം കൊടുത്തെന്നവള്‍ ചോദിച്ചപ്പോൾ വീട്ടിൽ ആർക്കും മറുപടിയുണ്ടായിരുന്നില്ല. ഉപ്പയോട് തന്റെ കൂടെ ഒരിടം വരണമെന്ന് ആവശ്യപ്പെട്ട അവൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു.

എൻഗേജ്മെന്റിന്, വിവാഹഒരുക്കങ്ങൾക്ക്. ആലോചന ഉറപ്പിച്ചതുമുതലുള്ള ഫോൺവിളികൾക്ക്. ആറുമാസമായി ജോലിയുണ്ടായിരുന്നെങ്കിൽ കിട്ടുമായിരുന്ന ശമ്പളത്തിന്റെ തുകക്ക്. അയാളാവശ്യപ്പെട്ടതുകൊണ്ട് മാത്രം ചേർന്ന കോഴ്സിന്റെ ഫീസിന്. മാനസിക പീഡനത്തിന്. അവസാനനിമിഷം വിവാഹത്തിൽ നിന്നും പിന്മാറിയതുമൂലമുള്ള മാനനഷ്ടത്തിന്. അങ്ങനെ എണ്ണിയെണ്ണി ചിലവഴിച്ച ഓരോ പണത്തിനും ചേർത്ത് അവളെഴുതികൊടുത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതിയുടെ കോപ്പി കൈപ്പറ്റി.  ചെറുക്കനും അവന്റെ വാപ്പയും ഉമ്മയും പോലീസ് സ്റ്റേഷനിൽ ഇരുന്ന് വിയർക്കുന്നത് നോക്കി അവൾ തലയെടുപ്പോടെ നിൽക്കുന്നുണ്ടായിരുന്നെന്ന് ആലിയ വിളിച്ചുപറഞ്ഞത് കേട്ട് എന്റെയും ശിരസ്സുയർന്നു അഭിമാനത്താൽ. അതെ അഭിമാനമുള്ള പെൺകുട്ടിയാണവൾ അവന് കൊടുക്കേണ്ട മറുപടി ഇതുതന്നെയാണെന്ന് ഞാൻ ആലിയക്ക് മറുപടി കൊടുക്കുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു. വിവാഹം മുടങ്ങിയതിന്റെ സങ്കടത്താലല്ല ഉശിരുള്ള പെൺകുട്ടികളിലൊരുവൾ ഒരു സിങ്കപെണ്ണ് എന്റെയും കൂടി അനിയത്തിയാണല്ലോയെന്ന ആനന്ദത്താൽ.

പയ്യന് ജോലിക്ക് മടങ്ങിപ്പോകണം കേസ് പിൻവലിക്കാൻ കെഞ്ചി.. അവർ വാഗ്ദാനം ചെയ്ത തുക വേണ്ടെന്നു പറഞ്ഞ്, അവളർഹിക്കുന്ന നഷ്ടപരിഹാരത്തുക അണാപൈസ കുറയാതെ പോലീസ്‌ സ്റ്റേഷനിൽ വച്ച് തന്നെ വാങ്ങിച്ചെടുത്ത് കേസ് പിൻവലിച്ച് ഇറങ്ങുമ്പോൾ, ഇനിയൊരു പെണ്ണിനോടും കുടുംബത്തോടും ഇത്തരത്തിൽ ചെയ്യാനുള്ള ധൈര്യമില്ലാതെ നാടുവിടാനുള്ള ടിക്കെറ്റെടുക്കാൻ ധൃതിപിടിച്ചുള്ള ഫോൺ വിളിയിലായിരുന്നു പയ്യൻ.’– സിന്‍സി കുറിക്കുന്നു. 

English Summary: Viral Social Media Post About Dowry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA