ഗുരുദ്വാരയ്ക്കു മുന്നിൽ ശിരോവസ്ത്രം അണിയാതെ ഫൊട്ടോഷൂട്ട്; പാക് മോഡലിനെതിരെ വിമർശനം; പിന്നാലെ മാപ്പപേക്ഷ

sauleha
SHARE

ഖർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാരയ്ക്കു മുന്നിൽ ശിരോവസ്ത്രം അണിയാതെ ഫൊട്ടോഷൂട്ട് നടത്തിയ പാക്കിസ്ഥാൻ മോഡലിനു വിമർശനം. സിഖ് ജനതയുടെ മതവികാരം വ്രണപ്പെടുത്തിയെന്ന രീതിയിലാണ് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നത്. പാക് മോഡലായ സൗലേഹയാണ് വിമർശനത്തിന് ഇരയായത്. വിമർശനത്തെ തുടർന്ന് ക്ഷമാപണം നടത്തിയ സ്വലേഹ ചിത്രങ്ങൾ പിൻവലിച്ചു.

മന്നറ്റ് ക്ലോത്തിങ് എന്ന വസ്ത്ര ബ്രാൻഡാണ് കഴിഞ്ഞ ദിവസം ഗുരുദ്വാരയ്ക്ക് മുന്നിലുള്ള സ്വലേഹയുടെ ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. തുടർന്ന് ശിരോമണി അകാലിദൾ വക്താവ് മഞ്ജിന്ദർ സിങ് സിർസ അടക്കമുള്ളവർ മോഡൽ ശിരോവസ്ത്രം ധരിക്കാത്തത് ചൂണ്ടിക്കാട്ടി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സിർസ ആവശ്യപ്പെട്ടു. ‘ഗുരു നാനാക് ദേവന്റെ പവിത്രമായ ഇടത്തിൽ ഇത്തരം ഒരു പ്രവർത്തി അഭിലഷണീയമല്ല. പാക്കിസ്ഥാനിലെ അവരുടെ ദേവാലയങ്ങിലാണെങ്കിൽ ഇത്തരം ഒരു പ്രവർത്തിക്ക് മോഡൽ തയ്യാറാകുമോ? ഖർതാർപൂർ ഗുരുദ്വാര ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമാക്കി മാറ്റുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം’– സിർസ  ആവശ്യപ്പെട്ടു. ശിരോവസ്ത്രം ധരിക്കുക എന്നത് ഗുരുദ്വാരയിൽ നിർബന്ധമുള്ള കാര്യമാണ്. പാക് മോഡലായ സ്വദേഹയുടെ ഈ പ്രവർത്തി സിഖ് ജനതയുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന വിമർശനവും ഉയർന്നു. 

ചിത്രങ്ങൾ വിവാദമായതിനെ തുടർന്ന് സ്വലേഹ ക്ഷമാപണം നടത്തി. ‘അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ഞാൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. എന്നാൽ അത് ഏതെങ്കിലും ഷൂട്ടിന്റെ ഭാഗമല്ല. സിഖ് ജനതയെ കുറിച്ച് കൂടുതൽ അറിയാനും അവരുടെ ചരിത്രം മനസ്സിലാക്കാനും വേണ്ടി ഞാൻ ഖർതാര്‍പൂര്‍ സന്ദർശിച്ചിരുന്നു. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തണമെന്ന് കരുതിയല്ല ആ ചിത്രം പോസ്റ്റ് ചെയ്തത്. അത്തരത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നു.’– സ്വലേഹ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

അതേസമയം സംഭവത്തെ കുറിച്ച് പാക്കിസ്ഥാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മോഡലും ഡിസൈനറും സിഖ് ജനതയോട് മാപ്പു പറയണമെന്ന് പാക്കിസ്ഥാൻ വാർത്താ വിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി. 

English Summary: Pakistani model apologises after her barehead photoshoot at Kartarpur Sahib gurdwara triggers row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA