ADVERTISEMENT

കോട്ടയം∙ ഹൃദയം കൊണ്ടു കേൾക്കും, മുറിഞ്ഞ വാക്കുകൾ കൊണ്ട് ആശ്വാസം പകരും. പരിമിതികളെ ചെറുപുഞ്ചിരിയിലൊതുക്കി ഭിന്നശേഷിക്കാർക്ക് ആത്മധൈര്യം നൽകി മുന്നോട്ടു നയിക്കുന്നതിനൊപ്പം മാതൃകയായി മാറുകയാണ് രശ്മി മോഹൻ. മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള കേന്ദ്ര സമൂഹിക നീതി വകുപ്പിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ  നിന്ന് ഏറ്റുവാങ്ങിയ രശ്മിയുടെ  നേട്ടങ്ങൾ  ശ്രവണ പരിമിതിയെ മറികടന്നാണ്. ‘ഹൗ ഓൾഡ് ആർ യു’ സിനിമയിലെ മഞ്ജു വാരിയരെ പോലെയായിരുന്നു പുരസ്കാരം സ്വീകരിക്കാനായി ഡൽഹിയിൽ എത്തിയപ്പോൾ രശ്മിയും. അത്ഭുതവും അമ്പരപ്പും സന്തോഷവും മനസ്സിൽ നിറഞ്ഞു. 

 

‘ഇതു ഭിന്നശേഷിക്കാർക്കും പഞ്ചായത്ത് വകുപ്പിനുമുള്ള അംഗീകാരമാണ്.  പരിമിതികളിൽ തണലായവർക്ക് പുരസ്ക്കാരം സമർപ്പിക്കുന്നു’:–രശ്മി പറഞ്ഞു. രാജ്യതലസ്ഥാനം കാണണമെന്ന ചെറുപ്പം മുതലേയുള്ള ആഗ്രഹം സഫലീകരിക്കാൻ പുരസ്കാരനേട്ടം തുണയായി. ഭിന്നശേഷികാർക്ക് വേണ്ടി രശ്മി നടത്തിയ സേവനങ്ങളും  പഞ്ചായത്ത് വകുപ്പിനായി ചെയ്ത പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡിന് പരിഗണിച്ചത്.  സർക്കാർ സർവീസിൽ എത്തുന്ന ഭിന്നശേഷികാർക്ക്  ജോലിയിലെ ബുദ്ധിമുട്ടുകൾ മറികടക്കാനുള്ള മാർഗങ്ങൾ രശ്മി പങ്കിടാറുണ്ട്. 

 

പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർക്ക് ആംഗ്യഭാഷയിൽ പരിശീലനം നൽകണമെന്നു  മുഖ്യമന്ത്രിയോടു  ഭിന്നശേഷി സംവാദത്തിൽ രശ്മി പറഞ്ഞിരുന്നു. കില വഴി നടത്തുന്ന എല്ലാ പരിശീലനവും ആംഗ്യഭാഷയിൽ പൂർത്തിയായിട്ടുണ്ട്. പദ്ധതി ഉടൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അയർക്കുന്നം പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ടായ രശ്മി ആളുകളുടെ ചുണ്ടനക്കം നോക്കിയാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ ആശയവിനിമയം ബുദ്ധിമുട്ടിലായി. സഹപ്രവർത്തകരുടെ സഹായത്തോടെയും എഴുതിയുമാണ് ഇപ്പോൾ ആശയവിനിമയം. അവാർഡ് കിട്ടിയതോടെ ഉത്തരവാദിത്തം ഏറിയെന്നും ഒട്ടേറെ കാര്യങ്ങൾ  ചെയ്യാനുണ്ടെന്നും ദൃഢനിശ്ചയത്തോടെ രശ്മി പറയുന്നു. ഭർത്താവ് അനിൽ കുമാർ മാധ്യമ പ്രവർത്തകനാണ്. വിദ്യാർഥികളായ പാർവതി, ശിവാനി എന്നിവരാണ് മക്കൾ.
English Summary: Life Story Of Reshmi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com