ADVERTISEMENT

ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരിൽ നിന്ന് സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവന്ന ലൈംഗിക പീഡനങ്ങൾക്ക് മാപ്പ് ചോദിച്ച് കാനഡ. പ്രതിരോധ മന്ത്രി അനിത ആനന്ദാണ് 40 മിനിറ്റ് നീണ്ടു നിന്ന പ്രഭാഷണത്തിൽ തെറ്റുകൾ ഒന്നൊന്നായി ഏറ്റുപറഞ്ഞതും ഇനി ആവർത്തിക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയതും.

 

ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്തു മാത്രമല്ല കാനഡയിൽ ജനങ്ങൾക്ക് പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നത്. തുടരെത്തുടരെയുള്ള സർക്കാരുകൾ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഔദ്യോഗികമായിത്തന്നെ വനിത കൂടിയായ പ്രതിരോധ മന്ത്രി തന്നെ മാപ്പു പറയുന്നതിന് നേതൃത്വം നൽകുന്നത്. ദേശീയ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അനിത ആനന്ദ് നടത്തിയ ക്ഷമാപണം തത്സമയം ഓൺലൈനിൽ കാണിച്ചപ്പോൾ ആയിരക്കണക്കിനു പേരാണ് കണ്ടത്.

 

സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ സ്വന്തം കടമ നിറവേറ്റാത്തതുകൊണ്ടുമാത്രം ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്ന ആയിരക്കണക്കിനു കാനഡക്കാരോട് ഞാൻ മാപ്പ് ചോദിക്കുന്നു. നീതിയും സംരക്ഷണവും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാനും ഞങ്ങൾക്കു കഴിഞ്ഞില്ല- ഓൺലൈൻ പ്രഭാഷണത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.

 

"ലൈംഗിക ആക്രമണം, സ്ത്രീകളോടുള്ള വിവേചനം, ചൂഷണം എന്നിവയെല്ലാം സൈനികരുടെ ഭാഗത്തു നിന്നുണ്ടായിട്ടും വേണ്ടത്ര സമയമോ പണമോ സൗകര്യങ്ങളോ ഇരകളായ ജനങ്ങൾക്കു വേണ്ടി നീക്കിവയ്ക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു എന്ന കാര്യം ഇവിടെ ഏറ്റുപറയുന്നു". പ്രതിരോധ മന്ത്രി വ്യക്തമാക്കി. സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പെരുമാറ്റം അവസാനിപ്പിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന മുൻ പ്രതിരോധ മന്ത്രി ഹർജിത് സജ്ജനു പകരം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് അനിത പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തത്.

 

സാഹചര്യങ്ങൾ മാറുകയാണ്. ഇനിയും മാറും. തീർച്ചയായും നല്ല നിലയിലുള്ള മാറ്റങ്ങളുണ്ടാകും- അനിത കാനഡയിലെ ജനങ്ങൾക്ക് ഉറപ്പ് കൊടുത്തു.

 

ഇപ്പോഴത്തെ സൈനിക നേതൃത്വത്തെയും ഉന്നത സൈനികരെയും പ്രശംസിച്ച മന്ത്രി മാറ്റം വരുമെന്നു പറഞ്ഞെങ്കിലും എങ്ങനെ മാറ്റം കൊണ്ടുവരും എന്നതിനെക്കുറിച്ച് വിശദീകരിച്ചില്ല. ലൈംഗികാക്രമണത്തിന്റെ ജീവച്ചിരിക്കുന്ന ഇരയും, ചൂഷണം അനുഭവിച്ചവർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ സഹ സ്ഥാപകയുമായ സാം സാംപ്ലോണിയസ് മന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ആത്മാർഥമായിട്ടാണെങ്കിൽ നടപടി ശരിയായ ദിശയിലുള്ളതാണെന്നും ഇത്തരം നടപടികൾ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.

 

ക്ഷമാപണം നടത്താൻ എന്തുകൊണ്ട് മുന്നോട്ടുവന്നില്ല എന്ന ചോദ്യത്തെ ഗൗരവമായെടുത്തില്ലെങ്കിലും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത് അനിത ആനന്ദിന്റെ നടപടി ശരിയായ ദിശയിലുള്ളതാണെന്നും വൈകിയെത്തിയ നീതിയാണ് ഈ പ്രവൃത്തിയിലൂടെ സ്ത്രീകൾക്കു ലഭിച്ചതെന്നുമാണ്. കുറ്റം ഏറ്റുപറയുകയും സംഭവിച്ചത് തെറ്റായിപ്പോയി എന്നു സമ്മതിക്കുകയും ചെയ്തതിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരാനും സർക്കാരിനെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള പ്രചോദനം നൽകാനുമാണ് മന്ത്രി ശ്രമിച്ചിരിക്കുന്നത്.

 

English Summary: Canadian political and military leaders delivered an apology to victims of military sexual misconduct.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com