‘ആത്മവിശ്വാസം കൊണ്ട് നരകത്തിലും അവൾ സ്വസ്ഥയാണ്, സുന്ദരിയാണ്, മനുഷ്യർ അവളെ ഇഷ്ടപ്പെടുന്നു’

smitha
SHARE

തൊലി ചുളിയുന്നത്, മുടി നരയ്ക്കുന്നത് നമ്മെ സങ്കടപ്പെടുത്തുമെങ്കിലും മനോഭാവം കൊണ്ട് ഇത്തരം വിഷമങ്ങളെ മറികടക്കണമെന്ന് സ്ത്രീകളോട് പറയയുകയാണ് അഭിഭാഷകയായ സ്മിത ഗിരീഷ്. സ്ത്രീകളോളം പ്രത്യേകതയുള്ളവരായി ആരുണ്ട് ഈ സമൂഹത്തിലെന്നു കരുതി മുന്നോട്ടു പോകണം. സ്വന്തം അമ്മ ഉൾപ്പെടെയുള്ളവരെ മുൻനിർത്തിയാണ് സ്മിതയുടെ കുറിപ്പ്. 

സ്മിത കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ചില പെണ്ണുങ്ങളെപ്പറ്റിയാണ്. ആറ്റിറ്റ്യൂഡിനെപ്പറ്റിയാണ്. അവർ Spread ചെയ്യുന്ന തരം എനർജികളെപറ്റിയാണ്. വീട്ടിൽ ഒരാളുണ്ട്. അറുപത്തിയഞ്ച് കഴിഞ്ഞിട്ടുണ്ടാവും. അമ്മയാണ്. അവരെപ്പോലെ ഉല്ലാസവതിയായ ഒരാളെ ഒരിടത്തും കണ്ടിട്ടില്ല. ജീവിതത്തിൽ നേരിടാത്ത ട്രാജഡികളില്ല. പക്ഷേ, ഒന്നിലും പരാതിയില്ല. മറ്റാരോടും മത്സരമില്ല. സദാ ചുറുചുറുക്കാണ്. വൃത്തിയായി വേഷം ധരിക്കും. മുഖത്ത് അടുക്കള സാമഗ്രികൾ വെച്ച് ഏത് കൊളാജൻ പൗഡറിനേയും വെല്ലുന്ന പായ്ക്കു കൾ ഉണ്ടാക്കിയിട്ട് സൗന്ദര്യം നിലനിർത്തും. മനോരമയും മംഗളവും വായിക്കും. സീരിയലുകൾ കാണും മിനക്കെട്ട് അടുക്കളപ്പണി ചെയ്യും. പാട്ടുകൾ കേൾക്കും. മകളെപ്പോലെ ഇടയ്ക്ക് മൂടിക്കെട്ടുന്ന മനസ്സല്ല. ഒന്നും ഒരുപാട് ചിന്തിക്കില്ല. ദ്രോഹിച്ചവരോടും പകയില്ല. ആരേയും കുറ്റം പറയാറില്ല. അവരേക്കാൾ സുന്ദരിയാണ് വേറൊരാൾ എന്നും ധാരണയില്ല. മനുഷ്യരെ വെറുപ്പിക്കില്ല. ആത്മവിശ്വാസം കൊണ്ട് നരകത്തിലും അവർ സ്വസ്ഥയാണ്. സുന്ദരിയാണ്. ചെല്ലുന്നിടത്തൊക്കെ ആരാധകരുണ്ട്.

ഇനി മറ്റൊരാൾ അവർ ചേച്ചിയാണ് അൻപത്തഞ്ച് കഴിഞ്ഞിട്ടുണ്ടാവും.അവരോളം മുഖത്തിളക്കം വേറാർക്കും കണ്ടിട്ടില്ല. അവരുടെ മനസിലും സ്നേഹവും നന്മയുമാണ്. ലോകത്തെ വീട്ടിലേക്ക് കൊണ്ടുവന്ന ഒരാളാണ്. ആത്മവിശ്വാസവും ഉറപ്പുമാണ് ശരീരഭാഷ. അവരും ബ്യൂട്ടി പാർലറും, ആന്റി ഏജിങ് സംഭവങ്ങളും ഒഴിവാക്കിയവരാണ്. പക്ഷേ നാൾതോറും കൂടി വരുന്ന ആ ചാരുത കാണുക തന്നെ വേണം.അവരേയും പല തരത്തിലുള്ള മനുഷ്യർ ഇഷ്ടത്തോടെ, കൊണ്ടു നടക്കുന്നത് കാണാറുണ്ട്.

ഇനി പരിചയമുള്ള മറ്റൊരു സ്ത്രീയെപ്പറ്റിയും പറയുന്നു.പെൻഷനായപ്പോൾ, മെനോപാസായപ്പോൾ, പേരക്കുട്ടി വന്നപ്പോൾ കരഞ്ഞു നിലവിളിച്ചു നടന്ന ഒരാൾ. ആരേയും ഇഷ്ടമില്ല. മറ്റുള്ളവരുടെ കുറവുകളാണ് മൃദുഭാഷിണിയുടെ സംസാരവിഷയം. സൗന്ദര്യം നിലനിർത്താൻ വൈറ്റമിൻ സി, കൊളാജൻ പൗഡർ, ഫെയർനെസ്സ് പായ്ക്കുകൾ, ഫിറ്റ്നസ്സ് ക്ലാസുകൾ, ഡയറ്റ്. ഇതൊക്കെ വേണം ഞാനും ചെയ്തേക്കും. പക്ഷേ ഇവർ മാത്രം അനുദിനം ശോഷിച്ചും ശുഷ്ക്കിച്ചും പോകുന്നു. കാരണം, മനസിൽ യുവത്വത്തോടുള്ള അപകർഷതയാണ്. തന്നേക്കാൾ ചെറുപ്പമുള്ള സ്ത്രീകളോട് അസൂയയാണ്. ഇത് വിഷമായും ഏഷണിയായും വമിപ്പിക്കുന്നു. അവർ നിൽക്കുന്ന പരിസരം നാറ്റിപ്പിക്കുന്നു. സഹതാപാർഹമാണ്.

യൗവനം തിരിച്ചു കൊണ്ടുവരേണ്ട. നമ്മളിലുണ്ട്. മനോഭാവം മാത്രം മാറ്റിയാൽ മതി. താനെന്ത് എന്ന് അംഗീകരിച്ചാൽ മതി. മറ്റുള്ളവരെ അംഗീകരിക്കാനും ശീലിക്കണം. നാൽപ്പത്തഞ്ച് വയസ്സ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടു വർഷവും കഴിയും. എന്നെ സംബന്ധിച്ച്, നാൽപ്പതിലും, നാൽപ്പത്തഞ്ചിന് ശേഷവുമാണ് ആത്മവിശ്വാസവും ജീവിത ത്വരയും കൂടിയത്.ജീവിച്ചിരുന്നാൽ, അൻപത് വയസിന് മേൽ ഇതിലും മിടുക്കിയായിരിക്കുമെന്ന് ഉറപ്പാണ്. അൻപത്തഞ്ചിനു ശേഷം പ്രത്യേകിച്ചും. പ്രായം നമുക്ക് തരുന്ന ചില ഉറപ്പുകളുണ്ട്. കാഴ്ചപാടുകളുണ്ട്. മേന്മകളുണ്ട്. നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ എങ്ങനെയിരുന്നാലും നമ്മോടൊപ്പമുണ്ടാവും.

ഞാൻ സ്നേഹിച്ചവർ, എന്നെക്കാൾ ചന്തം കുറഞ്ഞവരെ ഇഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. വലിയ ചിന്തകളുള്ള ചിലർ, ഒരു പ്രത്യേകതയുമില്ലാത്ത എന്നിൽ തടഞ്ഞു നിൽക്കുന്നത് കാണാറുണ്ട്. പറഞ്ഞു വന്നത്, തൊലി ചുളിയുന്നത്, മുടി നരയ്ക്കുന്നത് നമ്മെ സങ്കടപ്പെടുത്താം. പക്ഷേ, മനസ്സ് ആറ്റിറ്റ്യൂഡ് കൊണ്ട് നിവർത്തി വെയ്ക്കണം പെണ്ണുങ്ങളേ. നിങ്ങളോളം സ്പെഷ്യൽ വേറാരുണ്ട് എന്നങ്ങട്ട് സ്വയം കരുതുക.. ജീവിതം യൗവനയുക്തവും മനസ്സ് സ്നേഹ സുരഭിലവുമായാൽ, താനും കുടുംബവും സമൂഹവും രക്ഷപെടും. ആദ്യം പറഞ്ഞതരം രണ്ടു പെണ്ണുങ്ങളാണ് എന്റെ ഏറ്റവും വലിയ ഉദാഹരണം.’– സ്മിത കുറിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA