സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായ വിസ്മയയുടെ മുഖം മലയാളി മറന്നു കാണില്ല. സ്ത്രീധന പീഡനത്തിനൊടുവിൽ മനംനൊന്ത് ജീവിതം ഒരുമുഴംകയറിൽ ഒടുക്കിയ അവൾ ഇപ്പോഴും പ്രിയപ്പെട്ടവരുടെ മനസ്സിൽ തീരാവേദനയാണ്. വിസ്മയയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും പുറത്തുകടക്കാൻ ഇതുവരെ ഉറ്റവർക്കായിട്ടില്ല. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ബന്ധങ്ങളും ഇവിടെ ഉപേക്ഷിച്ചു പോയ വിസ്മയയുടെ ഓർമകളെ തിരികെ വിളിക്കുന്നത് അജില ജനീഷെന്ന കലാകാരിയാണ്.സഹോദരൻ വിജിത്തിന്റെ കുഞ്ഞിനെ കാണാന്‍ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് വിസ്മയയാണ്. വിസ്മയ മരിക്കുമ്പോൾ വിജിത്തിന്റെ ഭാര്യ ആറുമാസം ഗർഭിണി ആയിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾ അവസാനിപ്പിച്ച് കൺമണി എത്തുമ്പോൾ വിസ്മയ ഈ ഭൂമിയിൽ ഇല്ല എന്നത് പ്രിയപ്പെട്ടവരെ കൂടുതൽ ദുഃഖത്തിലാക്കുന്നു.
കുഞ്ഞിനെ കാണാൻ ഭാഗ്യമില്ലാതെ പോയ വിസ്മയ തന്റെ കുഞ്ഞനെ എടുത്തു നിൽക്കുന്നതു കാണാനുള്ള സഹോദരൻ വിജിത്തിന്റെ ആഗ്രഹം ചിത്രത്തിലൂടെ സാധിച്ചു നൽകുകയാണ് അജില ജനീഷ് എന്ന കലാകാരി. കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് കലാകാരി കുറിക്കുന്നത് ഇങ്ങനെ: മാസങ്ങൾക്ക് മുൻപ് കേരളക്കര ഒന്നാകെ കണ്ണീരിലാഴ്ത്തിയ ഒരു ദിനം ഓർമയുണ്ടോ? വിസ്മയ.സ്നേഹിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട കൈകളാൽ മനസ്സും, ശരീരവും ഒരുപോലെ ചവിട്ടി മെതിക്കപ്പെട്ടവൾ.നീതിക്കുവേണ്ടി നെഞ്ചുപൊട്ടി കരഞ്ഞ ഒരേട്ടന്റെ കുഞ്ഞനുജത്തി. എല്ലാം നഷ്ടപ്പെട്ടിട്ടും ഉള്ളിലൊതുക്കിയ തീയിൽ വെന്തുപോവാതെ അടക്കിപ്പിടിച്ച് നിവർന്നു നിൽക്കാൻ പാടുപെട്ട ഒരച്ഛന്റെ മകൾ.
എല്ലാവരെയും കണ്ണീരിലാഴ്ത്തി വിസ്മയ വിടപറയുമ്പോൾ അവൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച് കാത്തിരുന്ന ഒരു കുഞ്ഞുണ്ടായിരുന്നു ചേച്ചിയുടെ ഉദരത്തിൽ. അവളുടെ ജീവന്റെ ജീവനായ ഏട്ടന്റെ കുഞ്ഞ്. അത്രയേറെ അവളെ സ്നേഹിക്കുന്ന സ്വർഗ്ഗം പോലൊരു കുടുംബം ഉള്ളപ്പോൾ ജീവിതം അവസാനിപ്പിക്കണമെങ്കിൽ എത്രത്തോളം ആ പാവം അനുഭവിച്ചുകാണും. എന്തെല്ലാം വേദനകൾ സഹിച്ചുകാണും.
അച്ഛന്റെയും അമ്മയുടെയും ഒരേയൊരു മാലാഖ, എത്രത്തോളം വേദന ആ മാതാപിതാക്കൾ അനുഭവിക്കുന്നുണ്ടാവും, എന്തെല്ലാം ചിന്തകൾ പേറിയായിരിക്കും ഓരോ നിമിഷങ്ങളും, ഓരോ ദിനങ്ങളും അവളുടെ ഓർമകൾ തിങ്ങി നിറഞ്ഞ ആ വീടിനുള്ളിൽ കഴിച്ചു കൂട്ടുന്നത്. അവളുടെ ആ പ്രകാശം നിറഞ്ഞ മുഖവും, നുണക്കുഴി കവിളും, പുഞ്ചിരിയും, പൊട്ടിച്ചിരികളും ആ വീടിനുള്ളിൽ മായതെ കിടക്കുന്നുണ്ടാവില്ലേ. എന്തെല്ലാം സ്വപ്നങ്ങൾ ബാക്കി നിർത്തിയാണവൾ യാത്രയായത്. നഷ്ടമായത് ജീവനായി കരുതിയ അച്ഛനും അമ്മയ്ക്കും, ജീവന്റെ പാതിയായ ഏട്ടനും എട്ടത്തിക്കും, കുഞ്ഞിനും മാത്രംകുഞ്ഞിനെ ഒരുനോക്ക് കാണാനോ, നെഞ്ചോട് ചേർത്തു വെക്കാനോ പാട്ടുപാടി ഉറക്കാനോ അവൾക്ക് കഴിഞ്ഞില്ല. ഇനിയൊരിക്കലും അത് സാധ്യവുമല്ല. ഇങ്ങനെ ഒരു ഫോട്ടോയിലൂടെ എങ്കിലും അവർ ഒന്നിക്കട്ടെ.’.