അയാൾ എന്നെ അപമാനിച്ച് ആസ്വദിക്കുകയായിരുന്നു: ദുരനുഭവം പങ്കുവച്ച് രശ്മി സോമൻ

reshmi-bodyshaming
SHARE

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരണവുമായി പ്രശസ്ത സിനിമാ–സീരിയൽ താരം രശ്മി സോമൻ. പലരും പലവിധത്തിൽ നിങ്ങളെ തകർക്കാനായി നെഗറ്റീവ് കാര്യങ്ങൾ പറയുമെന്നും എന്നാൽ ഇതിനെ എല്ലാം ധൈര്യ സമേതം നേരിടണമെന്നും താരം ആവശ്യപ്പെടുന്നു. വണ്ണം കൂടി എന്നു പറഞ്ഞാണ് പലപ്പോഴും താൻ ബോഡി ഷെയ്മിങ്ങിനിരയായിട്ടുള്ളതെന്നും താരം വ്യക്തമാക്കി. യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രശ്മി സോമൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആളുകളുടെ ഇത്തരം നെഗറ്റീവ് അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞ് ധൈര്യസമേതം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണമെന്നും താരം പറയുന്നു. 

രശ്മി സോമന്റെ വാക്കുകൾ ഇങ്ങനെ: എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാൻ കാര്യമാക്കാറില്ല. പക്ഷേ, ചിലരുണ്ട്. പിറകെ നടന്ന് പറഞ്ഞു കൊണ്ടിരിക്കും. മുടി പോയി, കുരുവന്നു, കണ്ണിനു താഴെ കറുപ്പു നിറം വന്നു. മനുഷ്യരായാൽ ഇങ്ങനെ മുടി കൊഴിയുകയും കുരുവരികയും എല്ലാം ചെയ്യും. നമ്മളിൽ വരുന്ന മാറ്റങ്ങൾ നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഇങ്ങനെ പറയുന്നതിലൂടെ കേൾക്കുന്നത് ഒരു സാധാരണ വ്യക്തിയാണെങ്കിൽ അവരുടെ ആത്മവിശ്വാസം തകർന്നു പോകും എന്നുറപ്പാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയാണ് വേണ്ടത്. 

കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവയ്്ക്കുകയയാണ്. എന്റെ സുഹൃത്തായിരുന്ന ഒരാൾ പലസമയത്ത് ഇങ്ങനെ തടിയെ കുറിച്ചും മറ്റും പറഞ്ഞിരുന്നു. എന്നാൽ സുഹൃത്ത് എന്ന നിലയിലായതിനാൽ ഞാൻ മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ചുറ്റിലും ധാരാളം പേരുണ്ടായിരുന്ന സമയത്ത് എന്റെ സുഹൃത്തായിരുന്ന ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി സംസാരിച്ചു. പക്ഷേ, എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അദ്ദേഹം അത് ആസ്വദിച്ചു പറയുകയാണ്. എന്നാൽ കേട്ടു നിന്നവർ മാന്യന്മാരായിരുന്നു. ചിലരുടെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു. ഇങ്ങനെ പറഞ്ഞിട്ടും ഈ സ്ത്രീ എന്താണ് മിണ്ടാതിരിക്കുന്നതെന്നായിരുന്നു അവരുടെ മുഖഭാവം. ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാൻ സത്യത്തിൽ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായി. 

കഴിഞ്ഞ ഒരു വർഷക്കാലമായി ഇങ്ങനെ ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇതെല്ലാം കേട്ടില്ലെന്നു ഭാവിച്ചു നടക്കുകയാണ് പതിവ്. എന്നാൽ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ അത് ഒരു നെഗറ്റിവിറ്റിയുണ്ടാക്കും. നമ്മുടെ ആത്മവിശ്വാസം തളർത്താനാണ് ഇത് ചെയ്യുന്നതെന്നു നമുക്കറിയാം. ഈ സംഭവത്തോടെ ഞാൻ ഈ സുഹൃത്തിനെ ഒഴിവാക്കി. പല പ്രായത്തിലുള്ളവർ ഇത്തരം ബോഡി ഷെയ്മിങ് അനുഭവിക്കുന്നുണ്ടാകും. എന്നാൽ ഇത്തരം ബോഡിഷെയ്മിങ് അനുഭവിക്കന്നവരോട് ഒറ്റക്കാര്യം മാത്രമേ എനിക്കു പറയാനുള്ളൂ. നമ്മൾ നമ്മളെ സ്നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. നമുക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നത്ര മറ്റാർക്കും നമ്മളെ സ്നേഹിക്കാൻ കഴിയില്ല. പലരീതിയിലും ബോഡിഷെയ്മിങ് നടത്തിക്കൊണ്ടിരിക്കും. എന്തെങ്കിലും അനുഭവം ഉണ്ടാകുകയാണെങ്കിൽ ശക്തമായി പ്രതികരിക്കണം. സ്വയം സ്നേഹിക്കുന്നതിനെ സ്വാർഥത എന്നു പറയുന്നവരുണ്ട്. പക്ഷേ, അങ്ങനെ അല്ല. സ്വയം സ്നേഹിച്ചാൽ മാത്രമേ ഇത്തരം നെഗറ്റിവിറ്റിയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കൂ.’

English Summary: Reshmi Soman About Body Shaming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA