കടംകയറി ഭർത്താവ്‍ ജീവനൊടുക്കി; കഫേ കോഫി ഡേ പ്രതിസന്ധിയിൽ നിന്നും കരകയറ്റി മാളവിക

Coffe-Cafe-Day
SHARE

ഇന്ത്യൻ ജനതയുടെ മനം കവർന്ന കോഫി ശൃംഖലയായിരുന്നു കഫേ കോഫി ഡേ. കടംകയറി കമ്പനി പ്രതിസന്ധിയിലായി ഉടമ വിജി സിദ്ധാർഥ ആത്മഹത്യ ചെയ്തു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ സ്ഥാപനത്തെ ഏറ്റെടുത്തത് മറ്റാരുമായിരുന്നില്ല. വിജി സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയായിരുന്നു. മാളവികയുടെ നേതൃത്വത്തിൽ കമ്പനി വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ്.

സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വയം വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിച്ച പതിവായിരുന്നു കഫേ കോഫിഡേയ്ക്കുള്ളത്. 1996ൽ ബെംഗലൂരുവിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011ൽ രാജ്യമാകെ 1000ലേറെ ഔട്ട്‌ലെറ്റുകളുണ്ടായിരുന്നു. എന്നാൽ ബിസിനസിന്റെ ലോകത്ത് സിദ്ധാർഥയുടെ കണക്കുകൾ പിഴച്ചു. പ്രതീക്ഷയോടെ തുടങ്ങിയ ഔട്ട്ലറ്റുകൾ പൂട്ടിപ്പോയി.2019 മാർച്ച് 31ലെ കണക്കുപ്രകാരം കഫേ കോഫിഡേക്ക് 7200കോടിയുടെ കടമുണ്ടായിരുന്നു. 2019 ജൂലൈ 31ന് വിജി സിദ്ധാർഥ നേത്രാവതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. തുടർന്ന് മാളവിക ഹെഗ്ഡെ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റു.

coufe-coffe
മാളവിക ഹെഗ്ഡെയും ഭർത്താവ് വിജി സിദ്ധാർഥയും

മാളവികയുടെ കയ്യിൽ കമ്പനി ഭദ്രമായിരുന്നു. കമ്പനി പിന്നീട് കണ്ടത് ചിലവു ചുരുക്കലിന്റെ പുതിയ പരിഷ്കാരമായിരുന്നു.കഫേ കോഫി ഡേയുടെ സിഇഒ ആകുന്നതിനു മുൻപ് സിഡിഇഎൽ നോൺ ബോഡ് അംഗമായിരുന്നു മാളവിക. ചുമതല ഏറ്റെടുക്കുന്നതിനു മുൻപ് കമ്പനിയിലെ 25000 ജീവനക്കാർക്ക് മാളവിക ഒരു കത്തയച്ചു. കമ്പനിയുടെ നിലവിലെ അവസ്ഥ വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു കത്ത്. കമ്പനിയുടെ നല്ല ഭാവിക്കായി കുറച്ചു നിക്ഷേപങ്ങൾ കൂടി വിറ്റ് കടം നികത്തുകയാണെന്നായിരുന്നു കത്തിലെ ഉള്ളടക്കം

ലോക്ഡൗൺ സമയത്തായിരുന്നു മാളവിക കമ്പനിയുടെ ചുമതല ഏറ്റെടുത്തത്. ‘കഴിഞ്ഞ പന്ത്രണ്ടുമാസം സിദ്ധാർഥയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിച്ചത്. അദ്ദേഹം ഈ ജോലി എന്നെ ഏൽപ്പിച്ചതിലൂടെ അതാണ് ഉദ്ദേശിച്ചത്. ഓരോ കടവും തിരികെ നൽകുമ്പോൾ അദ്ദേഹത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതായാണ് തോന്നിയത്. എന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി ബിസിനസ് വളർത്താനും തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം എനിക്ക് അവസരം നൽകി. ’– മാളവിക ഹെഗ്ഡെ വ്യക്തമാക്കി

കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലറ്റുകൾക്കു പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലറ്റുകൾ പൂട്ടിയും മാളവിക ചിലവ് ചുരുക്കൽ പരിഷ്കാരങ്ങൾ ആരംഭിച്ചു. കൂടാതെ പുതിയ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. 

2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി.  കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും മാളവിക വിജയിച്ചു. ഇന്ന് രാജ്യമാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇന്ന് കഫേ കോഫി ഡേ യുടെ സൂപ്പർ വുമനായി മാറിയിരിക്കുകയാണ് മാളവിക ഹെഗ്ഡെ.

മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളായി 1969ലാണ് മാളവിക ജനിച്ചത്. ബംഗലൂരു സർവകലാശാലയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദം. 1991ലായിരുന്നു വി‌ജി സിദ്ധാർഥയുമായുള്ള വിവാഹം. മാളവിക–വിജി ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. ഇഷാനും അമർത്യയും

English Summary: Successfull Story Of Malavika Hegde 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA