മലപ്പുറം∙ കൊഴിഞ്ഞു പോകാത്ത ആത്മവിശ്വാസവും ഉള്ളു കുറയാത്ത അധ്വാനവുമുണ്ടെങ്കിൽ ഏതു ലക്ഷ്യവും നമുക്കു മുൻപിൽ തലകുനിക്കും. രജിത മനോജ് എന്ന അധ്യാപികയുടെ ജീവതവും അവർ തുടങ്ങിയ നീലയാംബരി എന്ന സംരംഭവുമാണ് ഉദാഹരണം. തലയിൽ തേയ്ക്കുന്നതിന് വെറും രണ്ടു ലീറ്റർ എണ്ണ കാച്ചിത്തുടങ്ങിയ നീലയാംബരി എന്ന ബ്രാൻഡിനു കീഴിൽ ഇന്ന് പത്തോളം ഉൽപന്നങ്ങളുണ്ട്. എണ്ണ കാച്ചി ഈ അധ്യാപിക നേടുന്നതാകട്ടെ മാസം ഇരുപതിനായിരത്തോളം രൂപയുടെ ലാഭവും. ചെമ്മങ്കടവ് സ്വദേശി പി.കെ.മനോജിന്റെ ഭാര്യയായ രജിത കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇത്തരമൊരു സംരംഭവുമായി രംഗപ്രവേശം ചെയ്യുന്നത്. രജിത ഉൾപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മ നൽകിയ പ്രചോദനമായിരുന്നു ഈ തുടക്കത്തിനു പിന്നിൽ.
ഭർത്താവിന്റെ അമ്മ രാധ വീട്ടിലുള്ളവർക്ക് ഉപയോഗിക്കാനായി പച്ചമരുന്നു കൂട്ട് ചേർത്ത് കാച്ചെണ്ണ നിർമിക്കുമായിരുന്നു. ഇതേ ഉൽപന്നം വിപണിയിലിറക്കിയാലെന്താ എന്നായിരുന്നു ചിന്ത. വിറ്റുപോകുമോ അതോ സ്വന്തം തലയിൽത്തന്നെ തേച്ചു സംതൃപ്തിയടയേണ്ടി വരുമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നെങ്കിലും രണ്ടും കൽപിച്ച് ഒരു കാച്ചങ്ങു കാച്ചി. രണ്ടു ലിറ്റർ എണ്ണ വിറ്റുപോകാൻ രണ്ടുദിവസം തികച്ചു വേണ്ടിവന്നില്ല. ഉൽപന്നം ഉപയോഗിച്ചു നോക്കിയവർ നല്ല അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ആവശ്യക്കാരുടെ ഇടിയായി. ഒരു കൗതുകത്തിനു തുടങ്ങിയ സംരംഭം തഴച്ചു വളരുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. കുട്ടികളിലെ ത്വക്‌രോഗങ്ങൾക്കുപയോഗിക്കാനുള്ള ചൈൽഡ് കെയർ ഓയിൽ, താളിപ്പൊടി, മൈലാഞ്ചിപ്പൊടി, ഫെയ്സ്പാക്ക്, ഷാംപൂ, നീലയമരിപ്പൊടി, ഹാൻഡ് മെയ്ഡ് സോപ്പ് എന്നിങ്ങനെ ഉൽപന്നം പത്തുണ്ട് ഇപ്പോൾ നീലയാംബരി ബ്രാൻഡിനു കീഴിൽ. ഹാനികരമായ ഒരു രാസവസ്തുക്കളും ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിലാണ് ഉൽപന്നങ്ങളെല്ലാം നിർമിക്കുന്നത്.
വീട്ടിലെ അടുക്കള തന്നെയാണ് ഫാക്ടറി. ഓൺലൈൻ വഴി ആവശ്യപ്പെടുന്നവർക്ക് കുറിയറായി അയച്ചുകൊടുക്കും. ഫെയ്സ്ബുക്കിൽ ഇതിനായി ഒരു പേജും തുടങ്ങിയിട്ടുണ്ട്. സംരംഭം തുടങ്ങിയതു മാത്രമല്ല രജിതയുടെ പ്രത്യേകത. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് അധ്യാപികയാവുക എന്ന സ്വപ്നവും ഈ വീട്ടമ്മ സാക്ഷാത്കരിച്ചു. അത്രകണ്ട് സിൽക്കി സ്മൂത്തായിരുന്നില്ല സ്വപ്നങ്ങളിലേക്കുള്ള രജിതയുടെ യാത്ര. പതിനെട്ടാം വയസ്സിൽ വിവാഹം. അന്നു ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി. കല്യാണത്തിനു ശേഷം പഠിത്തത്തോടു സലാം പറയുന്ന പതിവു രീതി പിന്തുടരാൻ രജിത പക്ഷേ, ഒരുക്കമായിരുന്നില്ല. പഠനം തുടർന്ന് ഡിഗ്രിയും പിജിയും ബിഎഡും നേടി. പക്ഷേ, ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അധികകാലം ടീച്ചറായി ജോലി നോക്കാനായില്ല. പഠനം കഴിഞ്ഞു വർഷങ്ങൾക്കുശേഷമാണ് ടീച്ചറുദ്യോഗത്തിനു വീണ്ടും ശ്രമിക്കുന്നത്. അഭിമുഖങ്ങളിൽ സ്ഥിരമായി പങ്കെടുത്തെങ്കിലും ജോലി കിട്ടാൻ വൈകി. ‘എവിടെയായിരുന്നു ഇത്രയും കാലം’ എന്നായിരുന്നു മിക്കവാറും അഭിമുഖങ്ങളിലെ ആദ്യചോദ്യം. നിരാശയായിരുന്നു ആദ്യ അഭിമുഖങ്ങളിലെ ഫലമെങ്കിലും പിന്മാറാതെ പൊരുതി രജിത ടീച്ചറാവുക തന്നെ ചെയ്തു. ഇപ്പോൾ കോഡൂർ ഐസിഇടി സ്കൂളിലെ അധ്യാപികയാണ്. പ്രവാസിയായ ഭർത്താവ് പി.കെ.മനോജ് ഇപ്പോൾ നാട്ടിലുണ്ട്. അദ്ദേഹമാണ് രജിതയുടെ സ്വപ്നങ്ങൾക്കു കരുത്തായി നിലകൊള്ളുന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ പി.കെ.അലീനയാണ് മകൾ. ഫോൺ– 9526151222