ഓർഡർ ക്യാൻസൽ ചെയ്തു; പണം നൽകിയില്ല; കടയിൽ കയറി യുവതിയുടെ പ്രതികാരം:വിഡിയോ വൈറൽ

angrywoman
SHARE

ദേഷ്യവും വിഷമവും വന്നാൽ ഒരോരുത്തരും ഓരോ രീതിയിലായിരിക്കും പ്രതികരിക്കുക. ചിലർ വിഷമം ഉള്ളിലൊതുക്കാൻ ശ്രമിക്കുമെങ്കിലും മറ്റു ചിലർ സമയമോ സന്ദർഭമോ നോക്കാതെ, സാഹചര്യം പോലും പരിഗണിക്കാതെ പ്രതികരിച്ചേക്കാം. അത്തരം പെരുമാറ്റം പലപ്പോഴും കൂടുതൽ നഷ്ടങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കുമായിരിക്കും നയിക്കുക. പശ്ചാത്തപിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപെ പെട്ടെന്നുണ്ടായ ദേഷ്യം വലിയ വിപത്തുകളിലേക്കും നയിച്ചേക്കാം. ചൈനയിൽ ഒരു സ്ത്രീയുടെ വിചിത്രമായ പ്രവൃത്തിയും പെട്ടെന്നുണ്ടായ ദേഷ്യത്തെത്തുടർന്നായിരുന്നു. എന്നാൽ, സംഭവം വലിയ വാർത്തയാവുകയും ലോകമാകെ ചർച്ചയാകുകയും ചെയ്തിരിക്കുന്നു.

വില കൂടിയ വിവാഹ വേഷങ്ങൾ വിൽക്കുന്ന കടയിലെ ആഡംബര വേഷങ്ങൾ ഒരു യുവതി ദേഷ്യത്തോടെ കീറിമുറിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോയാണ് ആദ്യം പുറത്തുവന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതിനു പിന്നാലെയാണ് സംഭവത്തിനു പിന്നിലുള്ള കഥ പുറംലോകം അറിഞ്ഞത്. യുവതി കടയിൽ ഒരു ഓർഡർ നൽകിയിട്ടുണ്ടായിരുന്നു. കടക്കാർ ആവശ്യപ്പെട്ട തുക മുൻപു തന്നെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഓർഡർ യുവതിക്ക് ക്യാൻസൽ ചെയ്യേണ്ടിവന്നു. വാങ്ങിയ തുക കടക്കാർ തിരിച്ചുകൊടുക്കാൻ വിസമ്മതിച്ചതോടെയാണ് യുവതിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതും  വസ്ത്രങ്ങൾ നശിപ്പിച്ചതും.

ജിയാങ് എന്നാണ് യുവതിയുടെ പേര്. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ചോങ്കിങ് എന്ന സ്ഥലത്താണ് ഈ മാസം 9 ന് സംഭവം നടന്നത്. 8 ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങളാണ് ജിയാങ് നശിപ്പിച്ചതെന്ന് കടയുടമസ്ഥർ പറയുന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന വസ്ത്രങ്ങൾ യുവതി കടയിൽ നിന്ന് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു. 40,000 രൂപ അഡ്വാൻസ് ആയി കൊടുക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ച വിവാഹം റദ്ദാക്കിയതോടെ യുവതി ഓർഡർ ക്യാൻസൽ ചെയ്തു. എന്നാൽ വാങ്ങിയ തുക തിരിച്ചുകൊടുക്കാനാവില്ലെന്ന നിലപാടിൽ കടക്കാർ ഉറച്ചുനിന്നതോടെയാണ് തർക്കം ഉണ്ടായത്.

യുവതി കടയിലെത്തി ഉടമസ്ഥരുമായി തർക്കിക്കുന്നത് വിഡിയോയിൽ കാണാം. തർക്കത്തെത്തുടർന്നും പരിഹാരമില്ലാതെവന്നതോടെയാണ് ദേഷ്യം നിയന്ത്രിക്കാനാവാതെ അവർ കത്രിക ഉപയോഗിച്ച് വസ്ത്രങ്ങൾ ഒന്നൊന്നായി നശിപ്പിക്കാൻ തുടങ്ങിയത്.നശിപ്പിക്കുന്ന വസ്ത്രങ്ങൾ എല്ലാം വില പിടിച്ചവയാണെന്ന് നിങ്ങൾക്കറിയാമോ എന്ന് ഒരു യുവതി ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. ആയിരങ്ങളായിരിക്കും. അല്ലെങ്കിൽ ലക്ഷങ്ങൾ. എത്രയാണെങ്കിലും എനിക്കൊന്നുമില്ല എന്നാണ് വസ്ത്രങ്ങൾ നശിപ്പിക്കുന്ന യുവതിയുടെ പ്രതികരണം.

പലനിറങ്ങളി‍ൽ കടയിൽ അലങ്കരിച്ചുവച്ചിരുന്ന ചൈനയുടെ പരമ്പരാഗത വിവാഹ വേഷവും യുവതി നശിപ്പിച്ചവയിൽ ഉൾപ്പെടും. അഡ്വാൻസായി വാങ്ങുന്ന തുക തിരികെ നൽകില്ല എന്നത് തങ്ങളുടെ നയമാണെന്നാണ് കടയുടമസ്ഥർ പറയുന്നത്. തുക തിരിച്ചുകൊടുക്കാനാവില്ലെങ്കിലും യുവതിക്ക് ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജൻമദിനാഘോഷത്തിന് സൗജന്യമായി വസ്ത്രങ്ങൾ നൽകാമെന്ന് തങ്ങൾ വാഗ്ദാനം ചെയ്തിരുന്നെന്നും അവർ പറയുന്നു. വിവാഹിതയാകാനിരിക്കുന്ന യുവതി അടുത്തുതന്നെ കുട്ടിയെ പ്രതീക്ഷിക്കുന്നുണ്ട്.

യുവതി കടയിൽ ബഹളമുണ്ടാക്കി വസ്ത്രങ്ങൾ നശിപ്പിച്ചതോടെ പൊലീസ് എത്തി അവരെ തടഞ്ഞുവച്ചു. ഇതോടെ മാപ്പ് പറയാൻ യുവതി തയാറായി. സംഭവത്തെക്കുറിച്ച് അറിഞ്ഞ യുവതിയുടെ ഭർത്താവ് കടക്കാർക്കുണ്ടായ നഷ്ടം നികത്താൻ സഹായം നൽകാമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, അയാൾ വാഗ്ദാനം ചെയ്തതിലും എത്രയോ അധികം തുകയുടെ നഷ്ടമാണ് കടയ്ക്കു സംഭവിച്ചതെന്നാണ് ഉടമസ്ഥർ പറയുന്നത്.

English Summary: Angry woman cuts 32 wedding gowns at store in China. Here's why

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA