ADVERTISEMENT

ആകാശത്തോളം വലിയ സ്വപ്നങ്ങൾ കാണുന്നവരാണ് പെൺകുട്ടികൾ. എന്നാൽ പലപ്പോഴും അവർക്ക് സ്വപ്നം കണ്ട ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കാറില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളായിരിക്കും പലപ്പോഴും പെൺകുട്ടികളുടെ സ്വപ്നങ്ങള്‍ക്കു മുകളിൽ കരിനിഴൽ വീഴ്ത്തുന്നത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ജീവിതവിജയം നേടുന്ന ചിലരുണ്ട്. കരിയറിൽ മറ്റുള്ളവർ സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചവര്‍. അക്കൂട്ടത്തിൽ ഒരാളാണ് ലക്ഷ്മി ജോഷി. 

എട്ടുവർഷം മുന്‍പ് ഒരു വിമാനയാത്രയ്ക്കിടെയാണ് പൈലറ്റാകണമെന്ന മോഹം ലക്ഷ്മിക്കുണ്ടാകുന്നത്. പിന്നീടങ്ങോട്ട് സ്വപ്നത്തിലേക്കുള്ള സഞ്ചാരമായിരുന്നു ലക്ഷ്മിയുടെത്. കഠിന പ്രയത്നത്തിലൂടെ ലക്ഷ്മി തന്റെ സ്വപ്നം നേടിയെടുത്തു. 2020മെയിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി ലക്ഷ്മി. കോവിഡ് മഹാമാരിയുടെ കാലത്ത് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ജന്മനാട്ടിലേക്ക് തിരച്ചെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വരിൽ ഒരാളാണ് ലക്ഷ്മി. കുട്ടിക്കാലത്തെ തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പിന്നിട്ട വഴികളെ കുറിച്ച് മനസ്സു തുറക്കുകയാണ് ലക്ഷ്മി. ഹ്യൂമൻസ് ഓഫ് മുംബൈ എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് ലക്ഷ്മി തന്റെ പൈലറ്റ് അനുഭവം വ്യക്തമാക്കിയത്. 

കോവിഡ് മഹാമാരിക്കാലത്തെ പൈലറ്റ് പരിശിലനത്തെ കുറിച്ചും ലക്ഷ്മി മനസ്സു തുറക്കുന്നുണ്ട്. കോവിഡ് അത്യുന്നതിയിൽ നിൽക്കുന്ന സമയത്ത് ഒരു മാസത്തിനിടെ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിച്ച ശ്രമകരമായ ദൗത്യത്തെ കുറിച്ചും അവർ വ്യക്തമാക്കുന്നു. വായ്പ എടുത്താണ് അച്ഛൻ പൈലറ്റ് പരിശീലനത്തിനയച്ചതെന്നും ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിയുടെ വാക്കുകൾ

കുട്ടിയായിരുന്നപ്പോള്‍ എന്നെ അതിശയിപ്പിച്ചിരുന്ന ഒരേയൊരു കാര്യം വിമാനമായിരുന്നു. എട്ടാമത്തെ വയസ്സിലാണ് ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നത്. വിമാനം ഇറങ്ങിയപ്പോൾ എനിക്ക് പൈലറ്റാകണമെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് എന്റെ മുടിയിൽ തഴുകി. 12–ാം ക്ലാസിനു ശേഷം ഞാൻ വീണ്ടും അച്ഛന്റെ അരികലെത്തി ഇക്കാര്യം പറഞ്ഞു. ഇത്തവണ അദ്ദേഹം ഞാൻ പറഞ്ഞത് ഗൗരവമായി തന്നെ എടുത്തു. സ്വപ്നസാക്ഷാത്കാരത്തിനായി മുന്നോട്ടു പോകാൻ അച്ഛൻ എന്നോട് ആവശ്യപ്പെട്ടു. പഠനത്തിനായി ‍ഞങ്ങൾ വായ്പ എടുത്തു. അധികം താമസിക്കാതെ തന്നെ എന്റെ പരിശീലനം ആരംഭിച്ചു. 

രണ്ടു വർഷത്തെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി എനിക്ക് പൈലറ്റ് ലൈസൻസ് ലഭിച്ചു. എന്റെ സ്വപ്നങ്ങൾക്കു ചിറകു മുളയ്ക്കുകയായിരുന്നു. തുടർന്ന് എയർ ഇന്ത്യയിൽ എനിക്ക് ജോലി ലഭിച്ചു. മുംബൈയിൽ നിന്നും ഡൽഹിയിലേക്കായിരുന്നു എന്റെ ആദ്യത്തെ പറക്കൽ. എനിക്ക് അൽപം പരിഭ്രമം തോന്നിയിരുന്നു. എന്നാൽ വിമാനത്തിന്റെ കോക്പിറ്റിൽ ഇരുന്നപ്പോൾ എനിക്ക് വീട്ടിൽ ഇരിക്കുന്നതു പോലെയാണ് തോന്നിയത്. വളരെ സന്തോഷത്തോടെ ഇരിക്കുന്ന അച്ഛനെയും ഞാൻ ഓർത്തു. എപ്പോഴെങ്കിലും ഏതെങ്കിലും ബന്ധു എന്നെ കുറിച്ച് അച്ഛനോട് ചോദിച്ചാൽ അവൾ ഉയരങ്ങളിലാണെന്ന് അദ്ദേഹം സന്തോഷത്തോടെയും അഭിമാനത്തോടെയും പറയും. ബോയിങ് 777 ഏതാനും വനിതാ പൈലറ്റുകളുടെ കൂട്ടത്തിൽ ഞാനും ഉൾപ്പെട്ടപ്പോൾ അദ്ദേഹം കൂടുതൽ സന്തോഷിച്ചു. 

എന്റെ ജോലിയെ ഞാൻ സ്നേഹിക്കുന്നു. പക്ഷേ, കരിയറിൽ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. മഹാമാരിക്കാലത്ത് വന്ദേഭാരത് മിഷൻ ആരംഭിച്ചപ്പോൾ ഞാൻ അതിന്റെ ഭാഗമായി. അച്ഛനും അമ്മയ്ക്കും പേടിയായിരുന്നു. എന്നാൽ ഈ രക്ഷാപ്രവത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവരോട് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. എന്റെ ആദ്യത്തെ യാത്ര ഷാൻഗായിലേക്കായിരുന്നു. കോവിഡിനെ തുടർന്ന് അവിടെ കുടുങ്ങി കിടന്നിരുന്നവരെ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു എന്റെ ആദ്യത്തെ ദൗത്യം. 

കോവിഡ് ശക്തമായിരുന്ന സമയത്ത് ചൈനയിൽ നിന്നും ആളുകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു നടത്തിയ രക്ഷാപ്രവർത്തനം എനിക്ക് കരിയറിൽ മറക്കാന്‍ സാധിക്കില്ല. അത്രയേറെ ഭയപ്പെടുന്ന സാഹചര്യമായിരുന്നു അത്. എല്ലാ സുരക്ഷാകവചങ്ങളോടും കൂടിയാണ് ഞങ്ങൾ എത്തിയതെങ്കിലും ചൈനയിലെ അവസ്ഥ ഭയപ്പെടുത്തുന്നതായിരുന്നു. അവിടെ നിന്നും യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചതിനു ശേഷം വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ എന്റെ അടുത്തേക്ക് ഒരു ചെറിയ പെൺകുട്ടി വന്നു. അവൾ എന്നോടു പറഞ്ഞു. ‘എനിക്കും നിങ്ങളെ പോലെ ആകണം.’. മുൻപ് അച്ഛൻ എന്നോടു പറഞ്ഞ മറുപടിയാണ് ഞാൻ അവളോടും പറഞ്ഞത്. ‘നിന്റെ അതിരുകൾ നിശ്ചയിക്കുന്നത് ആകാശമാണ്.’

അതിനു ശേഷം ഒരുമാസത്തിനുള്ളിൽ മൂന്ന് രക്ഷാദൗത്യങ്ങൾ കൂടി ഞങ്ങൾ നടത്തി. സുരക്ഷാ ജാക്കറ്റുകൾ ധരിച്ചു കൊണ്ടുള്ള യാത്ര ഏറെ ശ്രമകരമാണ്. ഒരിക്കൽ മെഡിക്കൽ കിറ്റുമായി പോകേണ്ടി വന്നു. അത് മഹാമാരിയുടെ ആദ്യകാലത്തായിരുന്നു. ഇപ്പോൾ നമ്മള്‍ മൂന്നാമത്തെ വർഷത്തിൽ എത്തി നിൽക്കുകയാണ്. വന്ദേ ഭാരത് മിഷൻ ഇപ്പോഴും സജീവമാണ്. നാളെ ഞാൻ നെവാർക്കിലേക്കു പോകുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി തന്നെ. എന്നെ കുറിച്ചോര്‍ത്ത് അച്ഛന് അഭിമാനമാണ്. അച്ഛന്‍ പറഞ്ഞ ആകാശത്തിന്റെ അതിരുകളിലും മുകളിലേക്ക് ഞാൻ പറന്നതിൽ അച്ഛന് അഭിമാനം തോന്നുന്നതായി അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു. പറന്നു കൊണ്ടേ ഇരിക്കൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com