പ്രിയപ്പെട്ട ശോശാമ്മ ടീച്ചർ; നിറപുഞ്ചിരിയിൽ തെളിയുന്ന സ്നേഹനിലാവ്

soshamma2
എം.പി. ശോശാമ്മ
SHARE

(അന്തരിച്ച റിട്ട ഡി ഇ ഒ കോട്ടയം ദീപ്തി നഗർ കളപ്പുരക്കൽ ശോശാമ്മ ജോൺ എന്ന എം പി ശോശാമ്മ ടീച്ചർ സഹാദ്ധ്യാപികയുടെ മകനായ പൂർവ വിദ്യാർഥിയുടെ ഓർമ്മയിൽ)

ശോശാമ്മ ജോൺ എന്ന എം പി ശോശാമ്മ ടീച്ചർ. എന്റെ പ്രിയപ്പെട്ട ടീച്ചർമാരിൽ ഒരാൾ. എന്റെ അമ്മ കെ.സി. ഏലിയാമ്മ ടീച്ചർ. പുതുപ്പള്ളി സെന്റ് ജോർജ് ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക. അമ്മയുടെ കൂട്ടുകാരിയായിരുന്നു ദീർഘകാലം അതെ സ്കൂളിൽ അധ്യാപികയായിരുന്ന എം.പി. ശോശാമ്മ ടീച്ചർ. അമ്മയ്ക്ക് എം.പി ശോശാമ്മ. ചേട്ടനും ചേച്ചിക്കും ശോശാമ്മ കൊച്ചമ്മയും. 

1968-72 കാലത്ത് ഈ സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെ പഠിച്ച എന്റെ എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും ഫിസിക്കൽ സയൻസ്‌ അദ്ധ്യാപികയായിരുന്നു. ഞാൻ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ സയന്റിഫിക് പബ്ലിക്കേഷൻ ഓഫീസറും പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയും രണ്ടു പെൺകുട്ടികളുടെ പിതാവുമായൊക്കെ മാറിയപ്പോൾ പല സ്കൂളുകളിൽ പ്രധാനാധ്യാപികയും എഇഒയും ഡിഇഒയുമായ എംപി ശോശാമ്മ ടീച്ചർ എന്റെ സഹോദരങ്ങൾക്കെന്നപോലെ എനിക്കും ശോശാമ്മ കൊച്ചമ്മയായി. ഭാര്യ രാജിക്കും മക്കൾ മീരാച്ചിക്കും താരക്കുട്ടിക്കും ശോശാമ്മച്ചിയും.

കെ.സി. ഏലിയാമ്മയും എം.പി. ശോശാമ്മയും. അമ്മയിൽ തുടങ്ങി ഇന്നും തുടരുന്നതാണ് ആ സ്നേഹപെയ്ത്തിന്റെ സുഖവും സ്വാസ്ഥ്യവും. അമ്മ ടീച്ചർക്ക് കൂട്ടുകാരിയോ സഹോദരിയോ അതിജീവനത്തിന്റെ ഇഷ്ടമാതൃകയോ ഒക്കെ ആയിരുന്നു. “ടീച്ചർ എന്റെ മെന്റർ” എന്ന് അവകാശത്തോടെ അഭിമാനത്തോടെ ആവർത്തിക്കുമായിരുന്നു. പോരാട്ടങ്ങൾക്ക് സാക്ഷിയായി. സഹായിയായി. വാക്കു കൊണ്ടുപോലും അമ്മയെ വേദനിപ്പിച്ചാൽ ടീച്ചർ പൊട്ടിത്തെറിക്കുമായിരുന്നു. മക്കൾക്കായി ഒഴിഞ്ഞുവെച്ച ആ ജീവിതത്തിൽ താങ്ങായി തണലായി ചേർന്നുനിന്നു. ഞങ്ങൾ കുട്ടികളെ ചേർത്തുനിർത്തി.

തിരുവാങ്കുളം മൂക്കഞ്ചേരിൽ വീട്ടിലെ സഹോദര പുത്രിമാരായിരുന്നു ശോശാമ്മ ടീച്ചറും മണർകാട് സെന്റ് മേരിസ് ഹൈസ്കൂൾ അധ്യാപിക നവമി ടീച്ചറും. അതെ സ്കൂളിൽ അധ്യാപകനായിരുന്ന നവമി ടീച്ചരുടെ ഭർത്താവ് പി.എൻ. ചാക്കോ സാർ പിന്നീട് കോട്ടയം സിഎംഎസ് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായി. അനുജൻ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി.എൻ ജോണായിരുന്നു ശോശാമ്മ ടീച്ചറെ വിവാഹം ചെയ്തത്. 

soshamma-kurian

പുതുപ്പള്ളി സ്കൂളിൽ അധ്യാപികയായി എത്തിയശേഷം 1950 കളുടെ രണ്ടാംപാതിയിൽ ശോശാമ്മടീച്ചറും ജോൺ സാറും ആദ്യം വാടകയ്ക്ക് താമസിച്ചത് മണർകാട് കുഴിപ്പുരയിടത്ത് കരിമ്പനത്തറ തറവാട്ടുവീട്ടിൽ. അന്ന് ഞാൻ ഉണ്ടായിട്ടില്ല. ചേട്ടനു നാല് വയസ്സ്. ചേച്ചിക്ക് രണ്ടും. നവമി ടീച്ചറെപ്പോലെ ചട്ടയിട്ട അടുക്കിട്ടു മുണ്ടുടുത്ത ആ വീട്ടിലെ ഒരംഗമായിരുന്ന റാഹേലു ചേടത്തി  ആ കാലത്തിന്റെ ഓർമ്മകളിലുണ്ട്.

തൊട്ടു തെക്കേവീട്ടിൽ താമസിക്കുന്ന പ്രിയകൂട്ടുകാരി ഏലിയാമ്മ ടീച്ചറുമൊന്നിച്ച്‌ മണർകാട് കവലവഴി കുമരംകോടു കയറ്റവുംകയറി ആകെ വിയർത്തു സ്കൂളിലേക്കുള്ള അക്കാലത്തെ ഓട്ടത്തെക്കുറിച്ച് ടീച്ചർ പലകുറി പറഞ്ഞിട്ടുണ്ട്. അമ്മയുടെ അലക്കി കഞ്ഞിപ്പശ മുക്കിയുണക്കി ചിരട്ടക്കരി ഇസ്തിരിപ്പെട്ടികൾ ഇല്ലാഞ്ഞ്‌ ‌മടക്കി കയറുകട്ടിലിൽ പായിക്കടിയിൽവെച്ച് തേച്ചപോലെയാക്കിയ ബോർഡറും മുന്താണിയുമുള്ള ഇളംനിറത്തിലെ ഒറ്റക്കളർ പരുത്തിത്തുണി സാരികളെക്കുറിച്ച്. വേഗത്തിലുള്ള  സാരിയുടുപ്പിനെക്കുറിച്ച്. പുതുപ്പള്ളി കവലയ്ക്കു കിഴക്കുമാറിയുള്ള സ്കൂളിലെ ഓടിട്ട ഇരുനിലമാളികയുടെ രണ്ടാം നിലയിൽ വെള്ളപൂശിയ വട്ടത്തിലുള്ള കൽത്തൂണിനരികിൽ കെട്ടിത്തൂക്കിയ ചേങ്ങലയിൽ സ്കൂൾ ശിപായിമാർ ഇട്ടിയോ കുട്ടിയോ കുട്ടായിയോ തീർക്കുന്ന രണ്ടാം ബെല്ലിനും ഹാജർബുക്കിലെ ചുവന്നവര വീഴുന്നതിനുംമുമ്പ് ക്ലാസിലെത്താനുള്ള ഓട്ടത്തെക്കുറിച്ച്... സ്കൂൾ അധ്യാപികമാരുടെ അറുപതു വർഷംപിന്നിലെ ജീവിതപാച്ചിലിന്റെ നേർചിത്രങ്ങളിൽ നിന്നൊരു ചിന്ത്.

ടീച്ചറും കുടുംബവും പുതുപ്പള്ളി പോസ്റ്റ് ഓഫീസിനെതിരെയുള്ള മാണിസാറിന്റെ പഴയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാലത്ത് ഞങ്ങൾ അഞ്ചേരിയിൽ അമ്മവീട്ടിനടുത്ത വാടകവീട്ടിലാണ് താമസം. അക്കാലത്ത് അമ്മകുന്ന് സ്കൂളിൽ ഉച്ചവരെ മാത്രമുള്ള ചെറിയക്ലാസിൽ പഠിക്കുന്ന എന്റെ സഹോദരൻ നാലുമണിക്കു കൊച്ചമ്മയോടൊപ്പമെത്തുന്ന അമ്മയുമൊരുമിച്ച്‌ വീട്ടിലേക്കു മടങ്ങുന്നതുവരെ ഉച്ചഭക്ഷണവും ഉറക്കവും കളികളുമെല്ലാം സ്കൂളിന് തൊട്ടടുത്തുള്ള ആ വീട്ടിലായിരുന്നു. മണർകാട്ട് ഇപ്പോഴത്തെ വില്ലേജ് ബാങ്കിന്റെ ഓരത്തുള്ള വഴിയിൽ ഇത്തിരി ഉള്ളിലുള്ള ചേലുള്ള ചെറിയ വീട്ടിൽ താമസിക്കുമ്പോഴാണ് 1972 ജനുവരിയിൽ അമ്മാച്ചന്റെ ഇളയമകന്റെ കല്യാണത്തിനു തൊട്ടുമുമ്പ് അന്ന്‌ എട്ടാക്ലസിൽ പഠിക്കുന്ന ഞാൻ അമ്മയുമായി വഴക്കുപിടിച്ചതും പുത്തനുടുപ്പും കാൽചട്ടയും ചെരുപ്പും വാങ്ങാൻ ടീച്ചർ പണംതന്നതും. 

ഹിന്ദി ട്യൂഷനായി എറികാട് ചാലുങ്കൽപടിക്കലെ വീട്ടിൽ മറ്റു അധ്യാപകരുടെയും അടുത്ത ബന്ധുക്കളുടെയും മക്കൾക്കൊപ്പം ടീച്ചറിന്റെ മക്കൾ സൂജയും കൊച്ചുമോളും ബിറ്റുവുമൊക്കെ ഒത്തുചേരുമായിരുന്നത് ഹൈസ്കൂൾ പഠനകാലത്തെ മധ്യവേനലവധിയുടെ മധുരിക്കുന്ന ഓർമ്മകൾ. എന്റെ കല്യാണത്തലേന്ന് പുത്തനുടുപ്പു വാങ്ങാൻ പണവുമായി എറികാട്ടെ വീട്ടിലെത്തിയ ടീച്ചർ കല്യാണത്തിനു മുഴുവൻ സമയവും മണർകാട് പള്ളിയുടെ തെക്ക് ജനാലക്കരികെ സാരിത്തുമ്പു തലയിലൂടെയിട്ട് കണ്ണുകളടച്ച് പ്രാർത്ഥനാപൂർവം ഭിത്തിയിൽചാരി നിൽക്കുന്നത് മായാതെ മനസ്സിലുണ്ട്.

1960 കളുടെ ഒടുക്കംമുതൽ സ്കൂളിൽ അമ്മയടക്കം എട്ടു അധ്യാപികമാരുടെ ഒരു സംഘമുണ്ടായിരുന്നു. പുത്തൻപറമ്പിലെ പി പി ഏലിയാമ്മ, ചാലുങ്കലെ പി ജെ ഏലിക്കുട്ടി, കൊട്ടാരത്തിലെ ചേച്ചമ്മ, കൊച്ചന്നാമ്മ, എം പി ശോശാമ്മ, മറിയാമ്മ കുര്യാക്കോസ്, ടി കെ ലീല, പിന്നെ എൻറെ അമ്മ കെ സി ഏലിയാമ്മ…! എട്ടുവീട്ടിൽ പിള്ളമാർ. നല്ലാട്ടെ എലിയാസ് സാറാണ് അവരെ ആദ്യം അങ്ങനെ വിളിച്ചത്. പഴയ ഇരുനില മാളികയുടെ തെക്കുള്ള “തേങ്ങാക്കൂട്” എന്ന കെട്ടിടത്തിലായിരുന്നു വളരെക്കാലം അവരുടെ സ്റ്റാഫ് റൂം. അതിടക്കിടെ മാറിക്കൊണ്ടിരുന്നെങ്കിലും അവരുടെ കൂട്ടുമാത്രം മുറിഞ്ഞില്ല.

കുട്ടിക്കാലത്ത് മക്കൾ മീരാച്ചിക്കും താരക്കുട്ടിക്കും ഞായറാഴ്ചകളിൽ മണർകാട് കരോട്ടെ പള്ളിയിലെ ആദ്യ കുർബാനക്കും നഗരഹോട്ടലിലെ പ്രഭാതഭക്ഷണത്തിനുംശേഷം അഞ്ചേരിയിലെ അമ്മവീടും ഐരാറ്റുനടയിലെ അച്ചനപ്പച്ചന്റെ പുഷ്പവിലാസവുംപോലെ ഇഷ്ടവീടായിരുന്നു ദീപ്തി നഗറിലെ വെടിപ്പും അടുക്കുമുള്ള ശോശാമ്മച്ചിയുടെ വീടും. അത്തരം ഒരു ഞായറാഴ്ച യാത്രയിലായിരുന്നു ടീച്ചറിന്റെ ആഗ്രഹപ്രകാരം എന്റെ അമ്മാച്ചൻ ടീച്ചറിന്റെ സഹാധ്യാപകനായ കെ.കെ തോമസ് സാറിനെ കാണാൻ അഞ്ചേരിയിലെ അമ്മവീട്ടിൽ കൊണ്ടുപോയത്. 

പഴയ അധ്യാപകരിൽ പലരും ഇന്ന് മറവിയിലും മരണത്തിലും മറഞ്ഞു. പി.പി ഏലിയാമ്മ ടീച്ചറും കൊട്ടാരത്തിലെ ചേച്ചമ്മ ടീച്ചറും ശോശാമ്മ ടീച്ചറും പൊന്നമ്മ ടീച്ചറും നല്ലാട്ടെ എലിയാസ് സാറും കൊച്ചീപറമ്പിലെ രാജൻ സാറും വഴിയിലെ കോര സാറും ചാലുങ്കലെ കുര്യൻ സാറും തറയിലെ മാത്തൻ സാറും കുര്യൻ സാറും മറിയാമ്മ കുര്യാക്കോസ് ടീച്ചറും എന്റെ അമ്മയും അടക്കം മിക്കവരും ഓർമ്മകളായി. ഇതാ ശോശാമ്മ ടീച്ചറും. എട്ടുവീട്ടിൽ പിള്ളമാരിൽ ഇനി ഏലിക്കുട്ടി ടീച്ചറും കൊച്ചന്നാമ്മ ടീച്ചറും മാത്രം. 

എംപി ശോശാമ്മ ടീച്ചർ എനിക്ക് മിന്നാമിന്നിപോലെ തെളിയുന്ന നറുപുഞ്ചിരിയുടെ മായാത്ത മറയാത്ത ഓർമ്മയാണ്. ഇംഗ്ലീഷ് ആക്സന്റിൽ പതിഞ്ഞ സ്വരത്തിലെ രാജു എന്ന വിളിയിലെ സ്നേഹപ്പെയ്ത്താണ്. താമസിച്ച വീടുകളുടെ വാതിലുകൾക്കും വാതായനങ്ങൾക്കും ടീച്ചർ സ്വയം തുന്നിയ എണ്ണമറ്റ കർട്ടണുകളുടെയും കുഷ്യൻ കവറുകളുടെയും വെടിപ്പുള്ള കാലങ്ങളിലെ നിറക്കൂട്ടുകളിലൂടെയുള്ള സഞ്ചാരമാണ്. ടീച്ചറെനിക്ക് സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ക്ലാസ് മുറിയിൽ ചോക്കുപൊടി നിറഞ്ഞ ഇടതു കൈപ്പത്തിക്കുള്ളിൽ കൊള്ളാത്ത വലിയ ദീർഘചതുര തുണി ഡെസ്റ്റർ കൊണ്ട് ഇടയ്ക്കിടയ്ക്ക് ബ്ലാക്ക് ബോർഡ് തുടച്ച്‌ വലതുകയ്യിലെ മൂന്നു വിരലുകൾക്കിടയിലെ മുറിചോക്കുകൊണ്ട് ബോർഡിൽ കുറിച്ച രസതന്ത്ര സമവാക്യങ്ങളുടെയും ഫിസിക്സ് ഡെറിവേഷനുകളുടെയും അക്ഷര വടിവുകളാണ്. സ്റ്റാഫ് റൂമിൽ ടീച്ചറന്മാരോടോപ്പമുള്ള ഉച്ചയൂണിന് ചോറ്റുപാത്രത്തിലേക്ക് സ്നേഹപൂർവ്വം പകർന്നു തരുമായിരുന്ന കറിക്കൂട്ടുകളുടെ വേറിട്ട രുചിയോർമ്മകളാണ്‌. 

ഇളം നിറത്തിൽ അതതുകാലത്തെ പുതുമയുള്ള സാരികൾക്കും അവക്കിണങ്ങുന്ന മാച്ചിങ് ബ്ലൗസുകൾക്കുമൊപ്പം നിറപുഞ്ചിരിയിൽ തെളിയുന്ന സ്നേഹനിലവിന്റെ ഓർമ്മ ഇന്നും ആ കാഴ്ചപോലെ സൗമ്യസുന്ദരമാണ്. കേരളത്തിലും ഡൽഹിയിലും പത്രപ്രവർത്തകനായിരുന്ന ഭർതൃസഹോദരപുത്രൻ എസിവി ജോർജ് ഇടയ്ക്കിടെയുള്ള ടെലിഫോൺ സംഭാഷണങ്ങളിൽ പകർന്നുതരുന്ന മാതൃസഹോദരിയോടുള്ള ആരാധനയും ബഹുമാനവും സ്നേഹവുമാണ്. കോട്ടയം കളക്ടറും റബ്ബർ ബോർഡ് ചെയർമാനുമായിരുന്ന സാജൻ പീറ്റർ സാറിനു തന്റെ തിരുവാങ്കുളത്തെ കുട്ടിക്കാലത്തിന്റെയും കോട്ടയം കാലത്തിന്റെയും ഓർമ്മകളിൽ അടുത്തബന്ധുവായ കൊച്ചമ്മയും നിർമ്മലമായ ആ ചിരിയും ഇന്നുമുണ്ട്. 

soshamma1

അബോധാവസ്ഥയിൽപോലും എന്റെ വിളി തിരിച്ചറിയുന്നതായിരുന്നു പൊട്ടാത്ത ആ സ്നേഹച്ചരടിന്റെ ഇഴയടുപ്പം. ബിറ്റുവും ഭാര്യ രേണുവും അതിശയത്തോടെ അതിനു സാക്ഷിയായിട്ടുണ്ട്. സാന്ത്വനങ്ങളും ചേർത്തുനിർത്തലും തീർത്ത ആ സ്നേഹത്തണൽ ജീവിതയാത്രയിൽ എനിക്ക് ആശ്വാസത്തിന്റെ ചെറുതുരുത്തായിരുന്നു.

English Summary: In Memory Of Sosamma Teacher

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA