ആ നിമിഷം ഇപ്പോഴും ഓർക്കാന്‍ കഴിയില്ല; അത്രയ്ക്കു ഭയാനകമായിരുന്നു; സിസ്റ്റർ ആൻ റോസ് പറയുന്നു

sister-army
SHARE

ലോകമനഃസാക്ഷിയിൽ കൊത്തിവച്ച  ചിത്രമാണത്. ഒരു വർഷം മുൻപ് മ്യാൻമറിൽ തോക്ക് ചൂണ്ടിനിൽക്കുന്ന പട്ടാളക്കാർക്കു മുന്നിൽ മുട്ടികുത്തി നിന്ന് ജീവനുവേണ്ടി അപേക്ഷിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം. സിസ്റ്റർ ആൻ റോസ് നു ത്വാങ് ആയിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. സംഭവത്തിന് ഒരു വർഷത്തിനു ശേഷവും അന്നത്തെ രംഗം മറക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബുദ്ധമതക്കാർക്ക് മേധാവിത്വമുള്ള മ്യാൻമറിൽ സൈനിക ഭരണകൂടത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം രൂക്ഷമായ കാലത്താണ് ആൻ റോസിന് ജനങ്ങളുടെ ജീവനു വേണ്ടി പട്ടാളക്കാരോട് കേണപേക്ഷിക്കേണ്ടിവന്നത്. രണ്ടു പേരെ അന്നു പട്ടാളക്കാർ ജനങ്ങൾ നോക്കിനിൽക്കേ വെടിവച്ചു കൊന്നിരുന്നു. പരുക്കേറ്റ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയത് ആൻ റോസാണ്. അതിനിടെയാണ് തോക്കു ചൂണ്ടി വീണ്ടും കൊല്ലാൻ അടുക്കുന്ന പട്ടാളക്കാരോട് കൊല്ലരുതേ എന്ന് ആൻ റോസ് അപേക്ഷിച്ചത്. എന്നാൽ, അന്നത്തെ ബഹളത്തിൽ എപ്പോഴാണു താൻ അപേക്ഷ നടത്തിയതെന്നും ആരാണു തന്റെ ചിത്രമെടുത്തതെന്നുപോലും സിസ്റ്റർ ഓർമിക്കുന്നില്ല. 

‘അന്നു മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് ചിത്രം വൈറലായിരിക്കുന്നു എന്നു ഞാൻ അറിഞ്ഞത്. എനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആകാംക്ഷയിൽ വീട്ടുകാരും സുഹൃത്തുക്കളും ദുഖിതരായിരുന്നു. അന്ന് അമ്മ കരഞ്ഞുകൊണ്ട് എന്നെ ശകാരിക്കുകയും ചെയ്തു.’-ആൻ റോസ് പറയുന്നു. ചിത്രം കാണുമ്പോൾ ഇപ്പോഴും അവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. താൻ തന്നെയാണു ചിത്രത്തിലുള്ളതെന്ന് അവർക്ക് ഇനിയും വിശ്വസിക്കാനും ആയിട്ടില്ല. ദൈവമാണ് എനിക്ക് ധൈര്യം തന്നത്. അതേ ദൈവത്തിന്റെ കൃപയിൽ ഇന്നും ഞാൻ ജീവിക്കുന്നു, പ്രാർഥിക്കുന്നു. ആൻ റോസ് പറയുന്നു.

കുട്ടിക്കാലം മുതലേ പട്ടാളക്കാരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാൻ ഓടുന്നത് സിസ്റ്റർക്കു പരിചിതമായിരുന്നു. ജീവിതത്തിൽ പലവട്ടം അത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പുരോഹിതനായിരുന്നു അച്ഛൻ. അമ്മ അധ്യാപികയും. 9-ാം വയസ്സിൽ തന്നെ വീട്ടിൽ നിന്ന് ഒളിച്ചോടേണ്ടിവന്നു ആൻ റോസിന്. പട്ടാളക്കാർ പിന്നാലെ തോക്കുമായി വരുന്ന ദൃശ്യമായിരുന്നു മനസ്സ് നിറയെ. വീട്ടിലോ പുറത്തോ പട്ടാളക്കാരെ കണ്ടാൽ ഓടിയൊളിക്കുന്നതായിരുന്നു ശീലം. എന്നാൽ ചിത്രമെടുത്ത മാർച്ച് മാസത്തിലെ ആ ദിവസം അവർ പട്ടാളക്കാരെ അഭിമുഖീകരിച്ചു.  കൂടെയുള്ളവരുടെ ജീവനു വേണ്ടി യാചിച്ചു. തന്റെ കടമ അതാണെന്നാണ് അന്നവർക്കു തോന്നിയത്.പ്രതിഷേധക്കാരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് അന്ന് എനിക്കു തോന്നി- ആൻ റോസ് പറയുന്നു.

1400 ൽ അധികം സാധാരണക്കാരാണ് അന്നത്തെ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടത്. 10,000 ൽ അധികം പേർ അറസ്റ്റിലായി. ചിത്രം പ്രശസ്തമായതിനു ശേഷം പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയിലായാണവർ. പുറത്തേക്ക് ഇറങ്ങിയാൽ പട്ടാളക്കാർ തടയും. ചിത്രമെടുക്കും. രേഖകൾ ആവശ്യപ്പെടും. അന്നത്തെ സംഭവത്തിനു ശേഷം എനിക്കു നഷ്ടപ്പെട്ടത് സ്വാതന്ത്ര്യമാണ്. തനിച്ച് എങ്ങോട്ടും പോകാനാവാത്ത അവസ്ഥയിലാണ് ഞാൻ- അവർ നിസ്സഹായയായി പറയുന്നു. നഴ്‌സ് ആകാൻ പരിശീലനം നേടിയ ആൻ റോസ് വീടില്ലാതെ അലയുന്നവരെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ സഹായി ആയാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇന്നും ഞാൻ ജീവനോടെയിരിക്കുന്നതിന് ദൈവത്തിന് നന്ദി പറയുന്നു. ലോകത്തിനു നന്മ ചെയ്യാൻ ഞാൻ ജീവിച്ചിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടാകും- കണ്ണീരോടെ ആൻ റോസ് പറയുന്നു.

English Summary: The Myanmer Nun Who Faced Army

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA