ADVERTISEMENT

ജീവിതത്തിൽ 10 വർഷം വളരെ നീണ്ട കാലയളവാണ്. അത്രയും വർഷങ്ങൾക്കിടെ ഓരോ വ്യക്തിയുടെയും ജീവിതത്തിലും രാജ്യത്തിന്റെ ചരിത്രത്തിലുമെല്ലാം വളരെ വലിയ മാറ്റങ്ങളുണ്ടാകും. പലപ്പോഴും പല മാറ്റങ്ങളും തിരിച്ചറിയാനാകാത്തതും ഒരു രീതിയിലും പ്രവചിക്കാൻ പോലും ആകാത്തതുമായിരിക്കും. അത്രയും വർഷങ്ങൾ നഷ്ടപ്പെടുക എന്നത് വലിയ ദുരന്തം തന്നെയാണ്. എന്നാൽ, നഷ്ടം വേദനാജനകമാണെങ്കിലും ഒരുമിച്ചുചേരുക എന്നതു സന്തോഷപ്രദവും സമാധാനപരവുമായ കാര്യമാണ്. കൊൽക്കത്തയിലെ ഒരു കുടുംബത്തിൽ സംഭവിച്ചതും ഇത്തരത്തിലുള്ള ഒരു സങ്കടത്തിന്റെയും കൂടിച്ചേരലിന്റെയും അപൂർവ കഥയാണ്. പൊതുവെയുള്ള വില്ലൻ വേഷത്തിനു പകരം ഈ സംഭവത്തിൽ നായകരായത് പൊലീസാണെന്ന പ്രത്യേകതയുമുണ്ട്.10 വർഷം മുൻപ് 2010 ൽ കാണാതായ ഒരു സ്ത്രീയെ പൊലീസ് രക്ഷപ്പെടുത്തി വീട്ടിൽ തിരിച്ചെത്തിച്ചതാണ് ചർച്ചയായിരിക്കുന്നത്.

കൊൽക്കത്തിയിൽ നേതാജി നഗർ എന്ന സ്ഥലത്തെ രാംഗർ കോളനിയിൽ അവശയായ ഒരു സ്ത്രീയെ കണ്ടെത്തി എന്ന വാർത്തയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം ഉടൻ സ്ഥലത്തെത്തി സ്ത്രീയെ രക്ഷപ്പെടുത്തി. തുടക്കത്തിൽ സ്ത്രീക്ക് തന്നെക്കുറിച്ചുള്ള ഒരു കാര്യവും ഓർമിക്കാനോ വ്യക്തമായി പറയാനോ കഴിയാത്ത സ്ഥിതിയിയായിരുന്നു. പൊലീസിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മനോദൗർബല്യമുള്ള വ്യക്തി എന്നായിരുന്നു നിഗമനം. എന്തായാലും സ്ത്രീക്ക് പൊലീസ് ആഹാരവും വസ്ത്രവും നൽകി. അവരെ ആശുപത്രിയിലാക്കി വൈദ്യ പരിചരണവും നൽകി. ക്രമേണ സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെട്ടു. അതോടെ അവർക്ക് ഓർമ തിരിച്ചുകിട്ടുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. അന്നപൂർണ എന്നാണു തന്റെ പേരെന്ന് സ്ത്രീ പറഞ്ഞു. സ്വദേശം നോർത്ത് 25 പർഗാനാസിൽ ഗായ്ഘട്ട എന്നും അവർ വ്യക്തമാക്കി. അതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ഗായ്ഘട്ട പ്രദേശത്തെ പൊലീസുമായി ബന്ധപ്പെട്ടു. ഒടുവിൽ അന്നപൂർണ പറയുന്ന സ്ഥലത്തുനിന്നും മകന്റെ വിലാസം കിട്ടി. ബന്ധപ്പെട്ടപ്പോൾ അമ്മ തന്നെയാണെന്നു മകൻ വെളിപ്പെടുത്തി. അവർ അമ്മയെ കൂട്ടാൻ പോലീസ് നിർദേശിച്ച സ്ഥലത്ത് എത്തി. അങ്ങനെ പൊലീസിന്റെ സാന്നിധ്യത്തിൽ നീണ്ട 10 വർഷത്തിനു ശേഷം കുടുംബാംഗങ്ങൾ തങ്ങളുടെ നഷ്ടപ്പെട്ട അമ്മയുമായി വീണ്ടും ഒത്തുചേർന്നു.

2010 ൽ സ്ത്രീയെ കാണാതായ അന്നു തന്നെ പൊലീസിൽ കുടുംബം പരാതിപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം നടത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് അവർക്ക് മാനസിക അസ്വാസ്ഥ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ സ്ത്രീ പറയുന്നത് തന്റെ അമ്മയുടെ വീട്ടിലേക്ക് പോയതാണെന്നും വഴി തെറ്റി അലയുകയായിരുന്നു എന്നുമാണ്. എന്തായാലും സ്ത്രീ  കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞതോടെ കഥയ്ക്ക് ശുഭാന്ത്യമായി. ഒരു കുടുംബത്തിന്റെ തീരാത്ത കണ്ണീരിന് അവസാനവും അലഞ്ഞുനടന്ന സ്ത്രീക്ക് അഭയവുമായതിൽ പൊലീസിനും സന്തോഷം. ഒരു ദശകത്തിനു ശേഷമാണ് അപൂർവമായ കൂടിച്ചേരൽ ഉണ്ടായതെന്നത് എല്ലാ അർഥത്തിലും സംഭവത്തെ നാടകീയവും വികാരസാന്ദ്രമാക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com