ADVERTISEMENT

‘‘എന്തു ചെയ്യണമെന്നറിയില്ല, എല്ലാ വഴിയും അടഞ്ഞു’’. സങ്കടവും നിരാശയും നിറഞ്ഞ, ഒരുപക്ഷേ ജീവിതം കൈവിട്ടു പോയേക്കുമെന്നു തോന്നിപ്പിച്ച, ആ ഫോൺ വിളിയിൽ നിന്നാണു വനിതാ സംരംഭകരുടെ വൻവിജയമായ ഓൺലൈൻ കൂട്ടായ്മയ്ക്ക് മമ്താ പിള്ള എന്ന യുവസംരംഭക തുടക്കമിടുന്നത്. അപ്രതീക്ഷിതമായ ലോക്ഡൗണിൽ തകർന്നടിഞ്ഞു പോയ കുറെ ചെറുകിട വനിതാ സംരംഭകർ. സ്തംഭിച്ചു പോയതു പലരുടെയും ജീവനോപാധി ആയിരുന്നു. അഭ്യസ്തവിദ്യരും കരിയറിൽ ബ്രേക്ക് എടുക്കേണ്ടി വന്നവരും വീട്ടമ്മമാരുമൊക്കെ ഉണ്ടായിരുന്നു അവരിൽ. കടംവാങ്ങിയും വിറ്റുപെറുക്കിയും സ്വന്തമായൊരു സംരംഭത്തിനു മൂലധനം സ്വരുക്കൂട്ടിയവർ, തുടങ്ങി വച്ചവർ, പാതി വഴി പിന്നിട്ടവർ– ലോക്ഡൗൺ അവരുടെയെല്ലാം പ്രതീക്ഷകൾക്കു കൂടിയാണു പൂട്ടിട്ടത്. മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞു. ഒപ്പം കടബാധ്യതകളും. അവർക്കു വേണ്ടത് ഒരു കൈത്താങ്ങായിരുന്നു. പിടിച്ചുനിൽക്കാൻ ഒരു ആശയം. 

‘‘ആ ഫോൺ കോൾ വന്ന ദിവസം ഉറങ്ങാൻ പറ്റിയില്ല. കടക്കെണി മൂലം പലരും ജീവനൊടുക്കുന്ന വാർത്തകൾ കേട്ടിരുന്നു. എനിക്കെന്തു ചെയ്യാൻ പറ്റുമെന്ന് ആലോചിച്ചു. രാത്രി രണ്ടു മണിക്ക് ഞാൻ ഫെയ്സ്ബുക്കിൽ ആ ഗ്രൂപ്പ് തുടങ്ങി– ട്രിവാൻഡ്രം ഫ്ളീ മാർക്കറ്റ്. ടെക്നോപാർക്ക് ഉദ്യോഗസ്ഥയായിരുന്ന ഞാൻ കരിയറിൽ ഒരു ബ്രേക്ക് എടുത്ത് ‘മിറാക്കി ഹോം ഗാർഡനിങ്’ എന്ന സംരംഭം നടത്തുകയാണ് അക്കാലത്ത്. അതു വഴി കുറച്ചു വനിതാ സംരംഭകരെ അറിയാം. അവരിലൊരാളാണ് അന്നു കരഞ്ഞു കൊണ്ട് എന്നെ വിളിച്ചത്. പരിചയമുള്ള , സഹായം വളരെ അത്യാവശ്യമുള്ള ഏതാണ്ട് 30 വനിതാ സംരംഭകരുമായാണ് 2020 ജൂലൈയിൽ ആ എഫ്ബി പേജ് തുടങ്ങിയത്. 

സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും ഉപഭോക്താക്കളെ കണ്ടെത്താനും വിറ്റഴിക്കാനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോം. എത്രമാത്രം വിജയിക്കും, അവർ രക്ഷപ്പെടുമോ എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു. ഇത് എത്രമാത്രം സഹായകമാകുമെന്ന് ഒരു ഉറപ്പുമില്ല. പക്ഷേ പിന്നീടങ്ങോട്ട് നടന്നതെല്ലാം അദ്ഭുതമായിരുന്നു. തന്റെ ഗ്രൂപ്പിനെക്കുറിച്ചുള്ള ആമുഖത്തിൽ മമ്ത് പറയുന്നതു പോലെ: ‘‘സ്ത്രീകൾ സ്ത്രീകളെ പിന്തുണയ്ക്കുകയും താങ്ങിനിർത്തുകയും ചെയ്യുമ്പോൾ മായാജാലം സംഭവിക്കും’’. സ്ത്രീകൾ തന്നെ സ്ത്രീകളെ കൈ പിടിച്ചുയർത്തുന്ന മനോഹരമായ സന്ദർഭങ്ങൾക്കാണു തുടർന്നങ്ങോട്ടു മമ്ത സാക്ഷിയായത്.

അന്നു മമ്ത നിവർത്തിയിട്ട കുടക്കീഴിൽ ഒന്നര വർഷത്തിനിപ്പുറം ഇന്ന് മുന്നൂറോളം വനിതാ സംരംഭകർ സാഭിമാനം, സധൈര്യം ബിസിനസ് നടത്തുന്നു. സ്ത്രീസാഹോദര്യത്തിന്റെ വിജയകഥ. തിരുവനന്തപുരം ജില്ലയിലെ ചെറുകിട വനിതാ സംരംഭകർക്കായുള്ള ഓൺലൈൻ പ്ലാറ്റ്ഫോം എന്ന ലേബലിൽ ആണു തുടങ്ങിയതെങ്കിലും ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഈ രംഗത്തെ തുടക്കക്കാരായ സ്ത്രീകളും ഈ കൂട്ടായ്മയുടെ ഭാഗമാണ്.

ആടി ഡിസ്കൗണ്ട് സെയിൽ എന്ന പരീക്ഷണവുമായാണ് അന്ന് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചതെങ്കിൽ, ഇതുവരെ ഓണം, ക്രിസ്മസ് എന്നു വേണ്ട സകല ആഘോഷങ്ങളും എന്തിന് വാലന്റൈൻസ് ദിനം വരെ ഈ ഗ്രൂപ്പിൽ സജീവ മേളകളാണ്. എഫ്ബി ലൈവ് ആയി ഉൽപന്നങ്ങൾ അവതരിപ്പിച്ചു വിൽക്കുകയെന്ന ആശയവും ഇവിടെ നടപ്പാക്കി. 

പരസ്പരം ഉൽപന്നങ്ങൾ വാങ്ങിയും പരമാവധി ‘മൗത്ത് പബ്ലിസിറ്റി’ നൽകിയും അത്യാവശ്യക്കാർക്കു കൂടുതൽ അവസരമൊരുക്കിയും ഈ സംഘത്തിലെ ഓരോരുത്തരും മറ്റുള്ളവർക്കു വളരാനുള്ള പിന്തുണയും അവസരവുമൊരുക്കുന്നു. കോവിഡിനെത്തുടർന്നു കടക്കെണിയിൽ പെട്ട് ആത്മഹത്യകൾ പതിവു വാർത്തകളാകുമ്പോൾ, ഇവിടെ സ്ത്രീകൾ സധൈര്യം പുതിയ പുതിയ സംരംഭങ്ങളിലേക്കിറങ്ങുന്നു. ഗ്രൂപ്പിന്റെ വരിക്കാരായ സ്ത്രീകളും അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമടങ്ങിയ വലിയൊരു സ്ത്രീലോകം പിന്തുണയ്ക്കുമെന്ന് അവർക്കു വിശ്വാസമുണ്ട്. മമ്ത അഭിമാനത്തോടെ പറയുന്നു: അവർ ആരും വീണു പോയില്ല. ഒരു കൈ സഹായമേ വേണ്ടിയിരുന്നുള്ളൂ. അതിൽ പിടിച്ച് അവരെല്ലാം എഴുന്നേറ്റു. മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ സംരംഭകരും ഇപ്പോൾ ബന്ധപ്പെടുന്നുണ്ട്. വലിയൊരു ഈവന്റ് നടത്താറാകുമ്പോൾ, പരമാവധി വനിതകൾക്ക് അവസരമൊരുക്കണം എന്നാണ് ആഗ്രഹം.

∙ മമ്ത പ്ലസ്  

വിവാഹ ശേഷം വിദേശത്ത് എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥയായി പ്രവർത്തിക്കുമ്പോൾ കുടുംബത്തിലെ ചില ആവശ്യങ്ങളെത്തുടർന്നാണു മമ്ത ഭർത്താവുമൊത്തു തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. പിന്നീടു മകളുണ്ടായി. ടെക്നോപാർക്കിൽ ഉദ്യോഗസ്ഥയായി. അതിനിടെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കരിയർ ബ്രേക്ക്. അങ്ങനെയാണ് വീട്ടിനകം അലങ്കരിക്കുന്ന ചെടികളുടെ വിൽപനയിലേക്കും ഇന്റീരിയർ ഡിസൈനിങ്ങിലേക്കും വരുന്നത്. 

3 വർഷം നന്നായി പോയി. അപ്പോഴാണ് ലോക്ഡൗൺ. അതിനിടെ ഒരു ഗർഭഛിദ്രവും വിഷാദരോഗവും. ലോക്ഡൗണിൽ പെട്ടു പോയ സുഹൃത്തുക്കളായ വനിതാ സംരംഭകർ ഇതറിയുന്നില്ല. അവർ സാന്ത്വനം തേടി വിളിക്കുന്നതും മമ്തയെ. പക്ഷേ ആ വിളികളാണ് വിഷാദത്തിന്റെ കയത്തിൽ നിന്നു മമ്തയെയും പുറത്തെടുത്തത്. മറ്റുള്ളവരെ സഹായിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന ആലോചനകൾ വലിയൊരു പോസിറ്റീവ് എനർജിയായി. ഇപ്പോൾ, ഉദ്യോഗത്തിൽ മടങ്ങിയെത്തിയെങ്കിലും തന്റെ സംരംഭങ്ങളും സംരംഭകരെയും മമ്ത സദാ ഒപ്പം കൂട്ടുന്നു. അവർക്കായി പരമാവധി അവസരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. 

അതിനിടെ സ്വന്തമായൊരു സംരംഭം വീണ്ടും. തന്നെപ്പോലെ പ്ലസ് സൈസിലുള്ള സ്ത്രീകൾക്കു സന്തോഷപൂർവം ധരിക്കാവുന്ന റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിൽപനശാല. ‘പ്ലസു’കൾ പങ്കിടുന്ന കൂട്ടുകാരി സന്ധ്യയുമായി ചേർന്ന് ‘സമ’ ഓൺലൈൻ ഷോപ്. ലാർജ് മുതൽ 7 എക്സ് എൽ (എക്സ്ട്രാ ലാർജ്) വരെയുള്ള വസ്ത്രങ്ങൾ ഇവിടെ കിട്ടും. പരമാവധി 3 എക്സ് എൽ വരെ വലിപ്പത്തിലുള്ള വസ്ത്രങ്ങൾ മറ്റുള്ളവർ നൽകുമ്പോൾ, മമ്ത നൽകുന്നത് തന്റെ ലക്ഷ്യങ്ങൾ പോലെ പരമാവധി എക്സ്ട്രാ ലാർജ്!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com