കനത്ത ഹിമപാതത്തിൽ അകപ്പെട്ട് ആറുദിവസം സ്ത്രീ കഴിഞ്ഞത് തൈരും മഞ്ഞും കഴിച്ച്. കാലിഫോർണിയയിലാണ് സംഭവം. ഷീന ഗുല്ലറ്റ് എന്ന 52 കാരിയാണ് മഞ്ഞിൽ അകപ്പെട്ടത്. ഹൈവേ 44ൽ നിന്നും അവരുടെ സ്വന്തം സ്ഥലമായ ലിറ്റിൽ വാലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹിമപാതത്തിൽ അകപ്പെട്ടത്. ഇവരോടൊപ്പം സുഹൃത്ത് ജസ്റ്റിൻ ഹോണിച്ചുമുണ്ടായിരുന്നു.
ഹിമപാതത്തിൽ കാർ കുടുങ്ങിയതോടെ ഇരുവരും രാത്രി കാറിൽ കഴിച്ചുകൂട്ടി. പിറ്റേദിവസം രാവിലെ കാർ പ്രവർത്തിപ്പിക്കാൻ നോക്കിയപ്പോൾ ബാറ്ററി കേടായി. ഇതോടെ ഇരുവരും കാറിൽ നിന്നും ഇറങ്ങി നടന്ന് രക്ഷപെടാൻ തീരുമാനിച്ചു. എന്നാൽ ഇടയ്ക്ക് വെച്ച് ഷീനയുടെ ബൂട്ട്സ് പൊട്ടിപ്പോയി. നടക്കാൻ കഴിയാതെ ഷീന പിന്നിലായി. ഈ സമയം കൊണ്ട് ജസ്റ്റിൻ വളരെ ദൂരം മൂന്നോട്ട് പോയിരുന്നു. ഷീനയെ അന്വേഷിച്ച് പോകാൻ സാധിക്കാത്ത വിധം മഞ്ഞുവീഴ്ച കനത്തു. നടക്കാൻ സാധിക്കാതെയായതോടെ ഷീന തിരികെ കാറിൽ അഭയം പ്രാപിച്ചു.
ജസ്റ്റിനാകട്ടെ തണുപ്പിൽ നിന്നും രക്ഷനേടാൻ തീകൂട്ടി രാത്രി കഴിഞ്ഞു. അടുത്ത ദിവസം മഞ്ഞുനിറഞ്ഞ വഴിയിൽ നിന്നും ഒരു ചരൽ റോഡിലെത്തി. രണ്ടാം ദിവസം അവിടെ കഴിച്ചുകൂട്ടി. മൂന്നാം ദിനമാണ് ജസ്റ്റിൻ ഹൈവേയിലെത്തുന്നത്. അവിടെ നിന്നും ഒരു വാഹനത്തിൽ കൈകാണിച്ച് അടുത്തുള്ള നഗരത്തിലെത്തി. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഷീനയെ കാണാതായ വിവരം അറിയിച്ചു. ജസ്റ്റിൻ നൽകിയ വിവരം അനുസരിച്ച് പൊലീസ് തിരച്ചിൽ ആരംഭിച്ചു. കൃത്യമായ സ്ഥലമറിയാതെയിരുന്നത് കൊണ്ടും മഞ്ഞുവീഴ്ച കൊണ്ടും ഷീനയെ കണ്ടെത്താൻ മൂന്ന് ദിവസമെടുത്തു. അതായാത് ആറുദിവസമാണ് ഷീന മഞ്ഞിൽ കുടുങ്ങിയത്. ആ ദിവസമത്രയും ഷീന ജീവൻ നിലനിർത്തിയത് കയ്യിലുണ്ടായിരുന്ന തൈര് കഴിച്ചാണ്. ദാഹം മാറ്റാൻ വെള്ളത്തിന് പകരം മഞ്ഞും. കണ്ടെത്തിയ ശേഷം പ്രാഥമിക ശുശ്രൂഷയ്ക്കായി ഷീനയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Lady Trapped In Snowfall