ADVERTISEMENT

കയ്യേറ്റങ്ങളുടെയും കുടിയൊഴിപ്പിക്കലിന്റെയും പേരിലാണ് അടുത്തിടെ ഡൽഹിയിലെ ജഹാംഗീർപുരി വാർത്തകളിൽ ഇടം നേടിയത്. ഇതെല്ലാം ബാധിച്ചത് ജഹാംഗീർപുരിയിലെ സാധാരണക്കാരായ മനുഷ്യരെയാണ്. ജഹാംഗീർപുരിയിൽ ജനിച്ചുവളർന്ന യുവതി തന്റെ ജീവിതം പറയുകയാണ് ‘ഹ്യൂമൻസ് ഓഫ് ബോംബെ’യിലൂടെ.

യുവതിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഞാൻ ജനിച്ചതും വളർന്നതും ജഹാംഗീർപുരിയിലാണ്. എന്റെ വീടും ഇതുതന്നെയാണ്. കുട്ടിക്കാലത്ത് ഞാൻ കളിച്ചത് ഈ തെരുവിലാണ്. എന്റെ ഭർത്താവിനൊപ്പം ഒരു കുടുംബജീവിതത്തിലേക്കു കടന്നതും ഇവിടെ വച്ചാണ്. മുസ്ലീംകളും ഹിന്ദുക്കളും ഒരുമിച്ച് പരസ്പരം സഹകരിച്ചു സമാധാനത്തോടെ ജീവിക്കുകയായിരുന്നു. എന്റെ മക്കളുടെ ഹിന്ദു സുഹൃത്തുക്കളെല്ലാം അമ്മി എന്നാണ് എന്നെ വിളിക്കുന്നത്. അടുത്തുള്ള വീടുകളിലെല്ലാം സന്ദർശിച്ചിരുന്നു. ഈദിന് ഖീറും ഹോളിക്ക് ജിലേബിയും ഞങ്ങൾ ഉണ്ടാക്കുമായിരുന്നു. 

പത്തുവർഷം മുൻപ് ഞാനും ഭർത്താവും തുണിത്തരങ്ങൾ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. പിന്നീട് ഞങ്ങൾ ഒരു ധാബ തുടങ്ങി. ഞങ്ങൾ ഒരു ലോണെടുത്താണ് ഇത് തുടങ്ങിയത്. വർഷങ്ങളോളം എടുത്താണ് ഞങ്ങളുടെ ബിസിനസ് പച്ചപിടിച്ചത്. എട്ടു ജോലിക്കാരുണ്ട്. എന്നാല്‍ ഏതാനും ദിവസങ്ങൾക്കു മുൻപ് ഈ സന്തോഷങ്ങളെല്ലാം ഇല്ലാതായി. 

ഏപ്രിൽ 16ന് ഉച്ചയ്ക്കു ശേഷമായിരുന്നു ഞങ്ങളുടെ ധാബയ്ക്കു സമീപം കലാപം ഉണ്ടായത്. ഞങ്ങളുടെ ധാബ ചിലർ അടിച്ചു തകർത്തു. അവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ ഞങ്ങളുടെ ജോലിക്കാരെ മർദിച്ചു. പേടിച്ചരണ്ട ഞങ്ങൾ പിന്മാറി. ഞങ്ങളുടെ സമീപത്തുള്ള 20 കടകൾ അവർ തകർത്തതായി അറിഞ്ഞു. പത്തുവർഷത്തോളമുള്ള ഞങ്ങളുടെ കഠിനാധ്വാനം ഒറ്റനിമിഷം കൊണ്ട് നിഷ്പ്രഭമായി. കാരണം ഞാൻ ഇതരമതസ്ഥയാണെന്നതായിരുന്നു. സംഭവത്തിനു ശേഷം ഞങ്ങളുടെ പ്രദേശം സീൽ ചെയ്തു. പിറ്റേന്ന് പൊലീസ് വന്ന് എന്റെ മരുമക്കളെ അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കിയത് അവരാണെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. ഞാൻ അവരെ തടയാൻ ശ്രമിച്ചു. അപ്പോൾ അവർ എന്നെ അസഭ്യവാക്കുകളാൽ അധിക്ഷേപിച്ചു. വേശ്യ എന്നു വിളിച്ചു. ഞാൻ സ്തംഭിച്ചു പോയി. 

നാലു ദിവസത്തിനു ശേഷം പ്രദേശത്തെ മുസ്ലീംകളുടെ കടകളെല്ലാം തകർക്കപ്പെട്ടു. ഞങ്ങളുടെ കടകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണെന്നാണ് പൊലീസ് പറഞ്ഞത്. നിയമാനുസൃതമുള്ള പേപ്പറുകൾ ഞാൻ പൊലീസിനെ കാണിച്ചെങ്കിലും അവർ അത് കീറികളഞ്ഞു. ആരെങ്കിലും ഇവളെ ഇവിടെ നിന്ന് പിടിച്ചൂ കൊണ്ടു പോകൂ എന്ന് ആക്രോശിച്ചു. കച്ചവടം പൂർണമായും ഇല്ലാതായി. ഞങ്ങൾക്കിപ്പോൾ വരുമാനം ഇല്ല. ഞങ്ങളുടെ മകൾ ഇപ്പോൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. വക്കീലാകണമെന്നാണ് അവളുടെ ആഗ്രഹം. പക്ഷേ, എങ്ങനെയാണ് അവളുടെ പഠനാവശ്യത്തിനുള്ള തുക കണ്ടെത്തേണ്ടതെന്ന് അറിയില്ല. എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. എന്റെ മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്നു കരുതി കഠിനമായി അധ്വാനിച്ചു. 

ഹിന്ദുക്കളായ ഞങ്ങളുടെ അയല്‍ക്കാർ സഹായിച്ചു. ഞങ്ങളെ കുറിച്ച് എപ്പോഴും അന്വേഷിക്കുമായിരുന്നു. അന്ന് വന്ന അക്രമികൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ഒരുകാര്യം അറിയാം. അവർ ഒരു മതത്തിലും വിശ്വസിക്കുന്നവരാകില്ല. കാരണം മതങ്ങൾ ഒരാളെ നല്ല മനുഷ്യനാക്കും. മറ്റുള്ളവരെ സഹായിക്കാനാണ് മതം പഠിപ്പിക്കുന്നത്. ദൈവത്തിന്റെ പേരിൽ മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കാൻ ഒരു മതവും പഠിപ്പിക്കുന്നില്ല.’– യുവതി കുറിക്കുന്നു. 

English Summary: Woman Explains Jahhangirpuri Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com