ADVERTISEMENT

പലകാരണങ്ങളാൽ ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവരുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് തിരിച്ചുവരുന്നവരുടെ ജീവിതത്തിന് മധുരമേറും. അങ്ങനെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അഭിഭാഷകനായ ലിറ്റോ പാലത്തിങ്കൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ മരണത്തോടു മല്ലിട്ടു ജീവിത്തിലേക്കു തിരിച്ചു വന്ന പെൺകുട്ടിയെ കുറിച്ച് എഴുതിയത്. 

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘എട്ടു വർഷം മുമ്പ് വെളുപ്പിനെ ഒരു ഫോൺ . POCSO victim . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി . suicide attempt . അതീവ ഗുരുതരാവസ്ഥയിൽ ആണ്, പെട്ടെന്ന് മരണമൊഴി എടുക്കാൻ സഹായിക്കണം . എറണാകുളം ജനറൽ ആശുപത്രിയുടെ burn unit ന്റെ പുറത്തു ചെറിയ ആൾകൂട്ടം . അകത്തു കടക്കും മുമ്പേ ഉയർന്നു കേൾക്കുന്ന അവളുടെ നിലവിളി . അതിലും മുകളിൽ കത്തി വെന്ത മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം . അവൾ നിൽക്കുകയാണ് . നഴ്സുമാർ താങ്ങി നിർത്തിയ സ്ഥിതിയിൽ . കിടക്കാനാകില്ല . അരക്കു മുകളിൽ സ്കിൻ ഒട്ടും ഇല്ല , മിക്കവാറും ഒന്നും ഇല്ല . ചുണ്ടോ കണ്ണിമകളോ ചെവിയോ മൂക്കോ ഇല്ല . 60 % നു മുകളിൽ ആണ് പൊള്ളൽ . അവൾക്കു കണ്ണ് കാണുന്നില്ല . അധികം വൈകാതെ ബോധം പോകും , മരിക്കാനാണ് സാധ്യത , ഡോക്ടർ പറഞ്ഞു . പ്രതിയുടെ സ്വാധീനം കൊണ്ടുണ്ടായ പോലീസിന്റെ നിർവികാരതയെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു മറികടന്നു . മജിസ്‌ട്രേറ്റ് വന്നു മരണമൊഴി രേഖപ്പെടുത്തി . വൈകീട്ടോടെ അവൾ അബോധാവസ്ഥയിലേക്കു നീങ്ങി. ഇനി മരണത്തിനായുള്ള കാത്തിരിപ്പ് . പക്ഷേ അവൾ മരിച്ചില്ല . എറണാകുളം ഗവ. ജനറൽ ആശുപത്രിയുടെ burn unit ന്റെ മൂന്നു മാസത്തെ അപാരമായ ശ്രദ്ധയും ചികിത്സയും അവൾക്കു പുനർജീവൻ നൽകി. 

നഷ്ടപെട്ട skin വരുവാൻ പടിയാർ ഹോമിയോ മെഡിക്കൽ കോളേജിൽ രണ്ടു മാസം തുടർചികിത്സ. ഒട്ടിപ്പോയ കഴുത്തും കക്ഷവും വിടുവിക്കാൻ അഞ്ചു പ്ലാസ്റ്റിക് സർജറി എറണാകുളം സ്പെഷ്യലിസ്റ്റ്‌  ആശുപത്രിയിൽ. ഈ മൂന്നിടത്തും ഒരു രൂപ പോലും ആരും വാങ്ങിയില്ല . ആരും കൈക്കൂലിയും വാങ്ങിയില്ല. ബിൽ തന്നാൽ 50 ലക്ഷം കടന്നേനെ . പിന്നീട് കാഴ്‌ച തിരികെ കിട്ടാൻ ചികിത്സ . ഒടുവിൽ അവൾ വീട്ടിലെത്തി . കഠിനമായ പൊള്ളലിന്റെ ബാക്കിയായ ചുളിവും കനപ്പും ഒട്ടിച്ചേർക്കലുകളും കടുംനിറങ്ങളും ഉള്ള മുഖവും ചർമവും അവൾക്കു മറ്റുള്ളവരുടെ കണ്ണിൽ സ്വീകാര്യത കുറച്ചേക്കാം . പക്ഷെ അതിനകം അവളുടെ മനസ്സും തീരുമാനങ്ങളും വടിവൊത്തതായി മാറിയിരുന്നു. ഇനി പോക്‌സോ കേസ്. കടുത്ത ദാരിദ്രത്തിലും പണം വാങ്ങി ഒത്തുതീർപ്പിനു വഴങ്ങാൻ തയ്യാറാവാഞ്ഞ അവളുടെ കുടുംബം നീതിക്കായി കഷ്ടപ്പടുവാൻ തയ്യാറായി . സത്യസന്ധരായ ആത്മാർത്ഥതയുള്ള പ്രോസിക്യൂഷൻ നന്നായി ജോലി ചെയ്തു. പ്രോസിക്യൂഷനെ  സഹായിക്കാൻ സ്വയം തയ്യാറായി വന്ന ഒരു  പ്രഗത്ഭ പോക്‌സോ വിദഗ്ധ അഭിഭാഷകൻ . ചില സാക്ഷികൾ കൂറ് മാറിയെങ്കിലും ഒടുവിൽ പ്രതിയെ ശിക്ഷിച്ചു , അയാൾ ജയിലിൽ ആയി. 

ഇന്നിതെഴുതാൻ കാര്യം? അന്ന് വിധി പറഞ്ഞ സെഷൻസ്  ജഡ്ജി ആറ്‌ ലക്ഷം രൂപ victim compensation ആയി അനുവദിച്ചിരുന്നു . അത് ബാങ്കിൽ FD ആയി ഇട്ടിരുന്നത് ഇപ്പോൾ  mature ആയി. അതിന്റെ രേഖ കൈപ്പറ്റാൻ district legal service അതോറിറ്റിയിൽ അവൾ വീണ്ടും വന്നു . കയ്യിൽ ഈ ഫോട്ടോയിൽ കാണുന്ന കേക്കും കുക്കീസും. അവൾ ഉണ്ടാക്കിയതാണ്. ഇതെല്ലാം ഉണ്ടാക്കി വിറ്റു അവൾക്കു ഒരു വരുമാനമുണ്ടാകുവാൻ  ഒരാൾ ഒരു നല്ല oven അവൾക്കു വാങ്ങിക്കൊടുത്തു. അതിൽ അവൾ ഉണ്ടാക്കിയ  കേക്കിനു  യുദ്ധം ചെയ്തു വീണ്ടെടുത്ത ജീവന്റെ രുചി.  സാഹചര്യങ്ങൾ ഒരുക്കിയ കൗമാരത്തിന്റെ ചതിയിൽ പെട്ട്  ഇരുളാഴങ്ങളിൽ നില കിട്ടാതെ  പകച്ചു പോയ  ഒരു പെൺകുട്ടിയെ ജീവിതത്തിന്റെ തോണിയിലേക്കു പിടിച്ചു കയറ്റിയ നന്മയുള്ള ഒരു പറ്റം മനുഷ്യർ ഉണ്ട്‌. അവർക്കു നന്ദി . ആരുടെയും പേര് പറയാൻ അവർക്കാര്‍കും സമ്മതമല്ല . ഒരാളുടെ പേര് പറയാം, മണ്മറഞ്ഞ മുൻ അഡ്വക്കേറ്റ് ജനറൽ M K Damadoran സാർ. പ്രതിയുടെ സ്വാധീനത്തിൽപ്പെട്ട പോലീസിന്റെ തരികിട കളികളെ കണ്ടെത്തി ഉറച്ച ശബ്ദത്തിലുള്ള  ഒരൊറ്റ  ഫോൺ വിളിയിലൂടെ അന്വേഷണത്തെ തിരികെ നേർവഴിക്കാക്കിയത് സാറാണ്, അതാണ് ആ കേസിനെ രക്ഷപെടുത്തിയതും. 

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവളുടെ കൂടെ നിന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ചുളുങ്ങിയ ചർമം നിവരാൻ അവൾക്കായി അകലെ എവിടെ നിന്നോ തൈലം കൊണ്ട് വന്നു തന്നവർക്കും, അവൾക്കായി പ്രാർത്ഥിച്ചവർക്കും, കാണാൻ പറ്റാത്ത ഈ കാഴ്ച കാണാൻ തയ്യാറായി ആശുപത്രിയിൽ അവൾക്കു കൂട്ടിരുന്നവർക്കും നന്ദി . ഈ ഭൂമിയിൽ ഇനിയും നന്മയുണ്ട്, സ്നേഹമുണ്ട്, പ്രതീക്ഷയുണ്ട്, എല്ലായിടവും ഇരുട്ടല്ല എന്ന് നിങ്ങൾ അറിയേണ്ടതിനാണ് ഇത് എഴുതിയത്. ഇവിടെ നീതി ലഭ്യമാണ്. സമൂഹം ഒന്ന് ശ്രമിച്ചാൽ , കൂടെ നിന്നാൽ ഏതു കയവും നീന്തി കയറാൻ ഇരകൾക്കു കഴിയും എന്ന് നാം മനസ്സിലാക്കാൻ ഇവൾ ഒരു കാരണമാകട്ടെ . ഈ കുട്ടിയുടെ വ്യക്തി വിവരം അന്വേഷിച്ചു ആരും എന്നെ വിളിക്കണ്ട . തരില്ല . ആരുടെയും സഹതാപമില്ലാതെ അവൾക്കു സ്വതന്ത്രമായി ജീവിക്കണം . അവൾ ഇനി നമ്മെ പോലെ ഒരു വ്യക്തി . അതിനു അവളെ നമുക്ക് അനുവദിക്കാം . ഇവളെ പോലെ അപകടത്തിൽ ആകുന്നവരെ കുറ്റപ്പെടുത്താതെ , വിധിക്കാതെ കൂടെ നിൽക്കാൻ നമുക്ക് കഴിഞ്ഞാൽ ഒരു പൂവും വാടില്ല , കൊഴിയില്ല , ഈ ഭൂമി അങ്ങിനെ നന്മയുടെ പൂന്തോട്ടമാകട്ടെ .

English Summary: Viral Post About Survivor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com