ADVERTISEMENT

വീടിനകത്തു പോലും പലപ്പോഴും പെൺകുട്ടികൾ സുരക്ഷിതരല്ല. ആരോടും ഒന്നും പറയാതെ അവർ ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോകുന്നു. എന്തുകൊണ്ടാണ് നമ്മുടെ പെൺമക്കൾക്കിങ്ങനെ സംഭവിക്കുന്നതെന്നു ചോദിച്ചു കൊണ്ട് ഡോ. ഷിംന അസീസ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളി‍ൽ  ശ്രദ്ധേയമാകുകയാണ്

 

ഷിംനയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഇന്നും കണ്ടു ഒരു പെൺകുട്ടിയുടെ മരണത്തെ തുടർന്ന്‌ 'എന്റെ മോൾ ആത്മഹത്യ ചെയ്യില്ല... അവൻ കൊന്നതാണേ...' വിലാപം. പതിവ് പോലെ മരിച്ച കുട്ടിയെ ഭർത്താവ് ഉപദ്രവിക്കാറുണ്ട്‌, മകൾ പരാതി പറഞ്ഞിട്ടുണ്ട്‌ തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും. അറിയാൻ വയ്യാഞ്ഞിട്ട്‌ ചോദിക്യാണ്‌, പെൺമക്കൾക്ക്‌ ഒത്ത്‌ പോവാൻ കഴിയാത്ത ബന്ധമാണെന്ന്‌ പറഞ്ഞാൽ പിന്നെ 'ഇന്ന്‌ ശര്യാവും, മറ്റന്നാൾ നേരെയാവും' എന്ന്‌ പറഞ്ഞ്‌ ആ കുട്ടിയെ അവന്‌ അവന്റെ വീട്ടിൽ പന്തു തട്ടാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്‌..! ഇറങ്ങിപ്പോരാൻ പറഞ്ഞേക്കണം. 

 

ഇനി അഥവാ മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത്‌ പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നിൽക്കേണ്ടത്..! അഭിമാനവും ആകാശവും ഒന്നിച്ച്‌ ഇടിഞ്ഞ്‌ വീഴാനൊന്നും പോണില്ല. കൂടിപ്പോയാൽ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ്‌ ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച്‌ വല്ലതും പറഞ്ഞുണ്ടാക്കും. അത്‌ നുണയാണെന്ന്‌ നാല്‌ ദിവസം കഴിയുമ്പോൾ എല്ലാർക്കും തിരിഞ്ഞോളും. അത്രതന്നെ.

 

മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന്‌ പോയിട്ട്‌ കുത്തിയിരുന്ന്‌ നെലോളിച്ചാൽ പോയവര്‌ തിരിച്ച്‌ വരില്ല. മകളാണ്‌, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്‌, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്‌... അല്ല, നിങ്ങളും നിങ്ങൾ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേർത്തൊടുക്കുന്നത്‌. കഥാപാത്രങ്ങളേ മാറുന്നുള്ളൂ... കഥയെന്നുമത്‌ തന്നെ !

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com