ADVERTISEMENT

തൊഴിലിടത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നു തെളിയിക്കുന്ന ഒരു സംഭവം കൂടി രാജ്യ തലസ്ഥാനത്തു നിന്നു പുറത്തു വരികയാണ്. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ വർധിച്ചു വരികയാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഡൽഹിയിൽ വീട്ടുജോലിക്കായി നിന്ന സ്ത്രീയുടെ ദുരനുഭവം. പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലാണ് സംഭവം. വീട്ടു ജോലിക്കായി നിന്നിരുന്ന 48 വയസ്സുള്ള സ്ത്രീക്കാണ് ക്രൂരമായ പീഡനം നേരിടേണ്ടി വന്നത്. 

ഞായറാഴ്ചയോടെയായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ രജനിയാണ് ക്രൂരമായ പീഡനത്തിനിരയായത്. രജനി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് അവരുടെ ബന്ധുക്കൾ അറിയിച്ചു. 7000രൂപ പ്രതിമാസ വേതനത്തിൽ ഒരു വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്നു രജനി. സംഭവത്തിൽ വീട്ടുടമകളായ ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് ഡെപ്യൂട്ടി കമ്മിഷ്ണർ ഘനശ്യാം ബെൻസാൽ പറയുന്നത് ഇങ്ങനെ: ‘ഒരു സ്ത്രീയെ ക്രൂരമായ അതിക്രമത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സഫ്ദർജങ് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചു. ജോലി സ്ഥലത്തെ ഉടമസ്ഥരുടെ ക്രൂരമായ അതിക്രമത്തിന് സ്ത്രീ ഇരയായതായി കണ്ടെത്തി. ’ 

തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. വീട്ടുടമസ്ഥനായ  അഭിനീതിനും അയാളുടെ ഭാര്യക്കും എതിരെ രജനി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മുടിക്കു കുത്തിപ്പിടിച്ച് ക്രൂരമായി മർദിച്ചെന്നും ഇവർ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. 

സംഭവ ദിവസം രാവിലെ രജനിക്ക് അസുഖമാണെന്ന് ജോലിക്കു നിൽക്കുന്ന വീട്ടിലെ ദമ്പതികൾ അറിയിച്ചതായി ഏജൻസി അധികൃതർ പറഞ്ഞു. ‘അവർ എന്റെ ഓഫിസിനു മുന്നിൽ രജനിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൂത്രത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. അവൾക്ക് അനങ്ങാൻ കഴിയില്ലായിരുന്നു. ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. ഞാൻ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിയിൽ നിന്നും വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുവന്ന ദമ്പതികൾ രജനിയെ മുടിക്കു കുത്തിപ്പിടക്കുകയും ശരീരമാസകലം മർദിക്കുകയും ചെയ്തിരുന്നതായി അവർ പറഞ്ഞു.’– രജനിയെ ആശുപത്രിയിലെത്തിച്ച ഏജൻസി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ പ്രതികളായ ദമ്പതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

English Summary: Domestic Help, Thrashed By Delhi Couple, Found In Pool Of Urine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com