ADVERTISEMENT

ചീറിപ്പായുന്ന ബൈക്കിനു മുകളിൽ 25 അടി ഉയരത്തിൽ ഒരു യുവതി കാഴ്ചവയ്ക്കുന്ന അഭ്യാസപ്രകടനങ്ങൾ കാണുവാൻ ഈ മരണക്കോട്ടയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുകയാണ്... വരുവിൻ ആസ്വദിപ്പിൻ!

 

പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ മരണക്കിണറിന് സമീപത്തായി ഒരുക്കിയ അനൗൺസ്മെന്റ് ബോക്സിൽ നിന്ന് രാജ കോട്ടയത്തിന്റെ ശബ്ദം ഒഴുകിയെത്തി. മരണക്കിണറിൽ ബൈക്കോടിക്കുന്ന യുവതിയോ? കേൾവിക്കാർക്ക് ആശ്ചര്യം! എന്നാൽ അതൊന്നു കാണണമല്ലോ എന്നുറപ്പിച്ച് ടിക്കറ്റെടുത്ത് മരണക്കോട്ടയുടെ പടവുകൾ കയറി മുകളിലെത്തിയവരുടെ മുഖത്ത് അദ്ഭുതത്തിന്റെ തിരയിളക്കം. ഒരു ഹെൽമറ്റ് പോലും ഇല്ലാതെ, പഴയൊരു മോഡൽ ബൈക്കിൽ കൂളായി ഇരുന്ന് സാഹസികപ്രകടനം നടത്തുകയാണ് മഹാരാഷ്ട്ര സ്വദേശിയായ കശിശ് സുൽത്താൻ ഷെയ്ഖ്. പലകകൾ കൊണ്ട് കെട്ടിപ്പൊക്കിയ മരണക്കിണറിൽ ചീറിപ്പാഞ്ഞു പോകുന്ന കാറിനും മറ്റൊരു ബൈക്കിനും സമാന്തരമായി കശിശ് ബൈക്കോടിക്കുകയാണ്. ഒരു നിമിഷനേരത്തെ അശ്രദ്ധ മതി, ജീവിതം കീഴ്മേൽ മറിയും. പക്ഷേ, അങ്ങനെ സംഭവിക്കില്ലെന്ന് ആത്മവിശ്വാസമാണ് ഓരോ തവണയും കശിശിനെ ആ ബൈക്ക് സീറ്റിലെത്തിക്കുന്നത്. 

 

പത്തു വർഷമായി ഈ രംഗത്തുണ്ട് കശിശ്. വെറുതെ ഒരു രസത്തിന് തുടങ്ങിയതല്ല ഈ അഭ്യാസപ്രകടനങ്ങൾ. അതിനു പിന്നിൽ ഒരു പ്രണയമുണ്ട്... ഒളിച്ചോട്ടമുണ്ട്... ജീവിക്കാൻ വേണ്ടി നടത്തിയ ഒരു പോരാട്ടമുണ്ട്. അഭ്യാസപ്രകടനങ്ങൾക്കിടയിലെ ഇടവേളയിൽ ആ കഥ കശിശ് മനോരമ ഓൺലൈനുമായി പങ്കുവച്ചു. 

Carnival-pic08

 

കശിശ് ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിലാണ്. കഞ്ചൻ എന്നായിരുന്നു ആദ്യ പേര്. ദാരിദ്ര്യം മൂലം സ്കൂളിൽ പോകാൻ പോലും കഴിഞ്ഞില്ല. സ്കൂളിൽ പോകേണ്ട പ്രായത്തിൽ വീട്ടുപണി പരിശീലിക്കുന്ന തിരക്കിലായിരുന്നു കഞ്ചൻ എന്ന കശിശ്. അങ്ങനെ ഒരു ദിവസം അവർ താമസിക്കുന്ന ഗലിയിൽ ഒരു മേളയെത്തി. മരണക്കിണറിലെ ബൈക്കഭ്യാസമായിരുന്നു മേളയുടെ പ്രധാന ആകർഷണം. എല്ലാവർക്കുമൊപ്പം കഞ്ചനും മേള കാണാനെത്തി. മരണക്കിണറിൽ ബൈക്കോടിച്ചിരുന്ന യുവാവിന്റെ പ്രകടനം എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ടപ്പോൾ കഞ്ചൻ നോക്കിയത് അയാളുടെ കണ്ണുകളിലേക്കായിരുന്നു. മരണക്കിണറിലെ സുൽത്താനോട് തോന്നിയ ഇഷ്ടം പ്രണയമായി. മതം ഉയർത്തിയ വേലിക്കെട്ടുകളെ ഭേദിച്ച്, കഞ്ചൻ ബൈക്ക് റൈഡർ സുൽത്താൻ ഷെയ്ഖിന്റെ ജീവിതപാതിയായി. വിവാഹത്തിനു ശേഷമാണ് കശിശ് എന്ന പേര് സ്വീകരിച്ചത്. 

 

ഭർത്താവ് സുൽത്താൻ ഷെയ്ഖിനൊപ്പം സർക്കസ് കൂടാരങ്ങളിലായിരുന്നു കശിശിന്റെ പിന്നീടുള്ള ജീവിതം. വിവാഹത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ രണ്ടു ആൺകുട്ടികളുണ്ടായി. അതോടെ ജീവിതച്ചെലവും വർധിച്ചു. ഒരാളുടെ വരുമാനം കൊണ്ടു മാത്രം മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥ. സർക്കസിൽ തന്നെ എന്തെങ്കിലും ജോലി ചെയ്യാമെന്നുറപ്പിച്ച് മുതലാളിയോടു തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. 'ഭർത്താവ് മരണക്കിണറിൽ ബൈക്കോടിപ്പിക്കുകയല്ലേ? കശിശിനും അതു പഠിച്ചെടുത്തൂടെ' എന്നൊരു മറുചോദ്യമാണ് കശിശിനു നേരിടേണ്ടി വന്നത്. ആദ്യം തമാശയായി തോന്നിയെങ്കിലും ഭർത്താവ് സുൽത്താനും കട്ട സപ്പോർട്ട് വാഗ്ദാനം ചെയ്തതോടെ കശിശ് ബൈക്കെടുത്ത് മരണക്കിണറിലേക്ക് ഇറങ്ങി. 

 

ഇന്ത്യയിൽ മരണക്കിണറിൽ അഭ്യാസം നടത്തുന്ന വിരലിൽ എണ്ണാവുന്ന സ്ത്രീകളേയുള്ളൂ. അവരിൽ ഒരാളാവുകയെന്ന അപൂർവ നേട്ടത്തിലേക്കാണ് താൻ ബൈക്കോടിച്ചു കയറുന്നതെന്ന തിരിച്ചറിവൊന്നും കശിശിന് ഉണ്ടായിരുന്നില്ല. മക്കളുടെ വിശപ്പ് മാറ്റണം, ജീവിക്കാനുള്ള കാശുണ്ടാക്കണം– ഇത്രയേ കശിശിനു മുമ്പിലുണ്ടായിരുന്നുള്ളൂ. മക്കളുടെ മുഖം മനസിലോർക്കുമ്പോൾ മരണക്കിണറിലെ തലചുറ്റലുകളൊന്നും ഒരു പ്രശ്നമായി കശിശിന് അനുഭവപ്പെട്ടതേയില്ല. വളരെ വേഗത്തിൽ കശിശ് ബൈക്കഭ്യാസം പഠിച്ചെടുത്തു. അതോടെ ജീവിതത്തിന്റെ ദിശ മാറിയെന്ന് കശിശ് പറയുന്നു. 100 രൂപ ദിവസക്കൂലിക്ക് മരണക്കിണറിൽ ബൈക്കോടിപ്പിക്കാൻ തുടങ്ങിയ കശിശിന്റെ കീഴിൽ ഇപ്പോൾ രണ്ടു ബൈക്കുകളും രണ്ടു കാറുകളും അടങ്ങുന്ന സംഘം തന്നെയുണ്ട്. ദിവസക്കൂലിക്കാരിയിൽ നിന്ന് മുതലാളിയായി കശിശ് വളർന്നു. 

 

ദക്ഷണേന്ത്യയിലെ പല സ്ഥലങ്ങളിലും ഇതിനോടകം കശിശും സംഘവും മരണക്കിണർ പ്രകടനം നടത്തിയിട്ടുണ്ട്. സ്ത്രീകളെ മരണക്കിണറിൽ കാണുമ്പോൾ എല്ലാവർക്കും അദ്ഭുതമാണെന്ന് കശിശ് പറയുന്നു. 'പല സ്ഥലങ്ങളിലും പല തരത്തിലുള്ള ആളുകളാണ്. ചിലർ അഭിനന്ദിക്കും. ചിലർക്ക് പുച്ഛമാണ്. ആളുകൾക്കു മുമ്പിൽ ഇങ്ങനെ പ്രകടനം നടത്തുന്ന സ്ത്രീകളെ മോശം കണ്ണുകളോടെ നോക്കുന്നവരുമുണ്ട്. അവരെ അവഗണിക്കും. ഞാൻ ചെയ്യുന്നത് മാന്യമായ ഒരു ജോലിയാണ്. അതിൽ എനിക്ക് അഭിമാനമേയുള്ളൂ,' കശിശിന്റെ വാക്കുകളിൽ ആത്മവിശ്വാസം. കേരളത്തിൽ വന്നപ്പോഴൊക്കെ കാണികളിൽ നിന്നു നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നും കശിശ് പറയുന്നു. 'കേരളത്തിലെ ആളുകൾ ഞങ്ങൾക്ക് ബഹുമാനം തന്നു. ഞങ്ങളുടേത് സാഹസികമായ കലാപ്രകടനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള സ്വീകരണമാണ് ഇവിടെ നിന്ന് ഇത്രകാലവും ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്, കേരളത്തിൽ എവിടെ അവസരം ലഭിച്ചാലും ഞങ്ങൾ വരാറുണ്ട്,' കശിശ് പുഞ്ചിരിയോടെ പറഞ്ഞു. 

 

കശിശിന് ഇപ്പോൾ ഒരു ശിഷ്യയുണ്ട്. പേര് പൂജ. മരണക്കിണറിലെ കാറിലിരുന്നാണ് നിലവിൽ പൂജ ട്രിക്കുകൾ ചെയ്യുന്നത്. വൈകാതെ കശിശിനെപ്പോലെ ബൈക്കിൽ അഭ്യാസം കാണിക്കാനുള്ള തയാറെടുപ്പിലാണ് പൂജയും. നാടുകൾ മാറിയാലും കാണികൾ മാറിയാലും ഈ മരണക്കിണർ വിട്ടൊരു ജീവിതമില്ലെന്നു കശിശ് പറയുന്നു. കാണികളുടെ കയ്യടികളാണ് കശിശിന്റെ ആവശേവും ഊർജവും. 'ആയുസും ആരോഗ്യവും ഉള്ളിടത്തോളം ജീവിതം മരണക്കിണറിൽ തന്നെ', ബൈക്കിന്റെ മുരൾച്ചയ്ക്കും കാണികളുടെ ആർപ്പുവിളികൾക്കും മുകളിൽ ശബ്ദം ഉയർത്തി പറഞ്ഞു കൊണ്ട് കശിശ് അടുത്ത ഷോയ്ക്കിറങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com