ADVERTISEMENT

കാലം ഏറെ പുരോഗമിച്ചിട്ടും സ്ത്രീധന പീഡനത്തിലൂടെ പെൺകുട്ടികൾ മരിക്കുന്നു എന്ന വാർത്ത നടുക്കമുണ്ടാക്കുന്നതാണ്. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് കൊല്ലപ്പെട്ട വിസ്മയ മരണത്തിനു മുൻപ് അച്ഛനോടു സംസാരിച്ചതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കട്ടെ എന്നു പറഞ്ഞാണ് ഷിംന തന്റെ കുറിപ്പ് പങ്കുവയ്ക്കുന്നത്. 

ഷിംനയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: "എന്നെയിവിടെ നിർത്തിയിട്ട്‌ പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ..." കൊല്ലത്ത്‌ ആത്മഹത്യ ചെയ്‌ത വിസ്‌മയ അച്‌ഛനെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞതാണ്‌ ഇന്ന്‌ രാവിലെ മുതൽ മലയാളം ന്യൂസ്‌ ചാനലുകളിലെ ഹോട്ട്‌ ന്യൂസ്‌. നാളെ ഈ കേസിൻ്റെ വിധി വരാനിരിക്കേ, നെഞ്ചത്ത്‌ കല്ല്‌ കയറ്റി വെക്കുന്നത്‌ പോലെയാണ്‌ ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന്‌ വീഴുന്നത്‌.

പീഡനങ്ങൾ മാനസികമോ ശാരീരികമോ ആകാം. നാർസിസ്സ്‌റ്റിക്‌ അബ്യൂസും ഗ്യാസ്‌ ലൈറ്റിങ്ങും സംശയരോഗവും ടോക്‌സിക്‌ ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂർവതയല്ല. സ്‌ത്രീധനപീഡനങ്ങൾ കാണാക്കാഴ്‌ചയല്ല. കുത്തുവാക്കുകൾ, വൈവാഹിക ബലാത്സംഗം എന്നിവയും ഇല്ലാക്കഥകളല്ല. ഇവിടങ്ങളിലെല്ലാം ചർച്ച ചെയ്യാതെ പോകുന്നത്‌ സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്‌തരാക്കേണ്ടതിന്റെ ആവശ്യകതയാണ്‌. പഠിച്ച്‌ ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന്‌ നൽകി വളർത്തിയവൾക്ക്‌ ജീവിതവും ഒരു ബാധ്യതയാകില്ല.

നിയമസഹായവും അതോടൊപ്പം സ്‌ത്രീസൗഹാർദപരമായ വനിത പോലീസ്‌ സ്‌റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ്‌ വെപ്പ്‌ എങ്കിലും സമൂഹത്തിന്റെ ഒരു പരിഛേദം എന്ന നിലയ്‌ക്ക്‌ അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന്‌ മുഖ്യം സ്വന്തം തീരുമാനത്തിൽ ഉറച്ച്‌ നിൽക്കാനുള്ള മനോബലമാണ്‌. അതിന്‌ ഒറ്റ മാർഗമേയുള്ളൂ...സാമ്പത്തിക സ്വാതന്ത്ര്യം.

പഠിച്ചൊരു സ്‌ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന്‌ ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. വീട്ടുകാർക്ക്‌ പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ്‌ ഭർത്താവിന്‌ പകരം മകൾക്ക്‌ മാനസികമായി യോജിച്ചവനാകണം പങ്കാളി.  ഇനി പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌ എങ്കിൽ, "നീയിങ്ങ്‌ വാ, നിന്റെ മുറി ഇവിടെത്തന്നെയുണ്ട്‌" എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക്‌ ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം. ഇനിയും വിസ്‌മയമാർ ആവർത്തിക്കാതിരിക്കട്ടെ.

English Summary: Viral Facebook Post About Vismay's Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com