‘സീ വില്ല’യില്‍ നിറഞ്ഞ ചിരി; പാതിയില്‍ പൊലിഞ്ഞ സ്വപ്നം, വിസ്മയ എന്ന 24കാരി

vismaya-life
SHARE

രണ്ട്‌ വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍  2020 മേയ് 31 കൊല്ലം നിലമേലിലെ ‘സീ വില്ല’യെന്ന വീട് സന്തോഷത്താല്‍ നിറഞ്ഞ് നിന്ന സമയം ആയിരുന്നു. ആഘോഷങ്ങളുടെ പകിട്ടോടെ ആ വീട്ടില്‍ ഓ‌‌ടികളിച്ച ഒരു 24 വയസുകാരി വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നു. വരന്‍ വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍. ഒരു ആയുസിന്‍റെ നല്ല കാലം മുഴുവന്‍ ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണം മകളുടെ നല്ല ജീവിതത്തിനായി ആ പിതാവ് നല്‍കി,  ഒന്നും രണ്ടും അല്ലാ, വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു സമ്മതിച്ചു. കോവിഡ് സാഹചര്യം കാരണം 80 പവന്‍ മാത്രമേ നല്‍കാനെ സാധിച്ചുള്ളു. എന്നാല്‍ വിസ്മയുടെ അച്ഛന്‍റെയും അമ്മയുടെയും പ്രതീക്ഷകള്‍ക്ക് നേരെ വിപരീതമായിരുന്നു കാര്യങ്ങള്‍. വിസ്മയെ ആയിരുന്നില്ല കിരണ്‍ സ്നേഹിച്ചത്. അവളുടെ സ്വത്ത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.

ഫെയ്സ്ബുക്കിലും മറ്റും ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയുള്ള ചിത്രങ്ങള്‍. ആരുകണ്ടാലും അത്ര മനോഹരമെന്ന് ഒറ്റനോട്ടത്തില്‍തന്നെ പറയുന്ന യുവദമ്പതിമാര്‍. എന്നാല്‍ കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനിയായ വിസ്മയ വി. നായര്‍ എന്ന 24കാരി ദാമ്പത്യജീവിതത്തില്‍ അനുഭവിച്ചിരുന്നത് കൊടിയപീഡനവും ഉപദ്രവുമായിരുന്നുവെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത് 2021 ജൂണ്‍ 21നായിരുന്നു. വിവാഹസമയത്ത് നല്‍കിയ കാറിനെച്ചൊല്ലി ആദ്യനാളുകളിലേ കിരണ്‍കുമാറിന് എതിര്‍പ്പുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ച കാര്‍ ലഭിക്കാത്തതായിരുന്നു കിരണിനെ പ്രകോപിപ്പിച്ചിരുന്നത്. ഇതിന്റെ ദേഷ്യത്തില്‍ വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഒടുവില്‍ വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചതും ഭര്‍ത്താവില്‍നിന്നുള്ള ഈ പീഡനമാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ക്രൂരമായ പീഡനമാണ് വിസ്മയ എന്ന 24കാരി നേരിട്ടത്. പഠിച്ച് ഡോക്ടറാവുകയെന്ന വിസ്മയയുടെ വലിയ സ്വപ്നത്തെ ആദ്യം തന്നെ എതിര്‍ത്തും കിരണ്‍കുമാര്‍ ക്രൂരത കാട്ടി.  കിരൺകുമാർ വിസ്മയയെ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മർദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മുൻപ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകൾ കിരൺ അടിച്ചു തകർത്തിരുന്നു. അതേ ദിവസം രാത്രിയിൽ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരൺ മർദിച്ചു. മർദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോർ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നു.തുടർന്നു ഹോംഗാർഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടിയത്. 

വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം ഭർത്താവ് എസ്. കിരൺകുമാർ കുറ്റക്കാരനാണെന്ന വിധി വരുന്നത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകൾ നൽകുകയും 118 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.

നിലമേലിലെ ആ വീ‌‌ട്ടില്‍ ഇന്ന് വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളും ഓര്‍മകളുമാണ്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ രേവതി ഗർഭിണിയായിരിക്കുമ്പോഴാണ് വിസ്മയയുടെ മരണം. വിസ്മയ കാണാതെ പോയ കുഞ്ഞിനെ വിസ്മയ എടുത്തു നിൽക്കുന്നതായി വരപ്പിച്ചെടുത്ത ഒരു ചിത്രം ആ വീട്ടിലുണ്ട്. എന്നും ആ അച്ഛനും അമ്മയും ആ ഫോട്ടോയില്‍ നോക്കി കുറെ സമയം ഇരിക്കും...എന്‍റെ കുഞ്ഞ് ഇവിടെ തന്നെയുണ്ട്.. അവളുടെ കളി ചിരികള്‍ ഈ വീട്ടിലുണ്ട്...തളരാതെ നീതിക്കായുള്ള പോരാട്ടത്തിലാണ് ത്രിവിക്രമനും ഭാര്യയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA