‘കെട്ടിച്ചയച്ച മകൾ വീട്ടിൽ വന്ന് നിന്നാൽ അന്തസ് തകരും; ഓർക്കുക അതിലും വലുത് നിങ്ങളുടെ കുഞ്ഞിന്റെ ജീവൻ ആണ്’

Kirankumar Vismaya
കിരൺ കുമാർ, വിസ്‍മയ (ഫയൽ ചിത്രം)
SHARE

സ്ത്രീധനത്തിന്റെ പേരിൽ കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി കൊല്ലപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. എല്ലാതരത്തിലുള്ള കഷ്ടപ്പാടുകളും സഹിച്ച് ഭർതൃവീട്ടിൽ  ജീവിക്കാന്‍ പലപ്പോഴും പെൺകുട്ടികൾ നിർബന്ധിതരാകാറുണ്ട്. വിവാഹം കഴിച്ച് അയച്ചാലും സ്വന്തം വീട്ടില്‍ പെൺമക്കൾക്ക് ഒരിടം വേണമെന്ന് ഓർമിപ്പിക്കുകയാണ് വിസ്മയയുടെ മരണം. മാത്രമല്ല, സ്വന്തമായി ഒരു വരുമാനമാർഗമുണ്ടായതിനു ശേഷം മാത്രം പെൺകുട്ടികൾ വിവാഹത്തിനു തയാറാകണം. സ്ത്രീധന ഗാർഹിക പീഡനത്തിലൂടെ പെൺകുട്ടികൾ മരണത്തിനു കീഴടങ്ങുമ്പോൾ പെൺകുട്ടികളുടെ വീട്ടുകാരും ഉത്തരവാദികളാണെന്ന അഭിപ്രായവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഈ അവസരത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുയാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ഭവാനി. 

മൃദുലയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘കല്യാണം / ലിവിങ് ടുഗതർ ഒക്കെ ആവുന്നതിനു മുൻപ് പെൺകുട്ടികൾ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വക്കുവാൻ ശ്രമിക്കണം.പെണ്ണുങ്ങളെ വീട്ടിൽ നിന്നും ഒരു പുരുഷനൊപ്പം അയയ്ക്കുന്നത് തന്നെ "നിനക്കിനിയൊരു ഭർത്താവായി. ഇനിയെല്ലാം നിങ്ങൾ തീരുമാനിച്ചു ചെയ്യുക" എന്ന് പറഞ്ഞു കൊണ്ടാണ്. ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ടാൽ, അവിടെ നിൽക്കാൻ വയ്യാതെ വന്നാൽ ആ പെണ്ണിനെ സ്വന്തം വീട്ടുകാർ കയ്യേൽക്കില്ല. അവർക്കു അവരുടെ അന്തസ്, മറ്റു മക്കളുടെ ഭാവി ഒക്കെ നോക്കി മാത്രമേ ഒറ്റപ്പെട്ടുപോയ മകളെ രക്ഷിക്കാൻ കഴിയു. അതേ സമയം അവൾ സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിട്ടാൽ ആരുടെയും കാല് പിടിക്കാതെ അവിടെ കഴിയാം.  പറയുന്നത്ര ഈസി അല്ലെങ്കിലും അത്തരം മുന്നൊരുക്കങ്ങൾ പെൺകുട്ടികൾ ചെയ്യേണ്ടതുണ്ട്. തൊഴിലിടങ്ങളിൽ പ്രശ്നം ഉണ്ടാകുമ്പോഴും ഒന്ന് ഒറ്റയ്ക്ക് ജീവിക്കുവാൻ ശ്രമിക്കുന്ന പെണ്ണുങ്ങൾക്ക് വാടകവീട്  കിട്ടാൻ പ്രയാസം ആണ്. ഡോട്ടർ ഓഫ് /വൈഫ്‌ ഓഫ് എന്ന് കണ്ടില്ലെങ്കിൽ കാശ് കൊടുത്താലും തല ചായ്ക്കാൻ ഇടം  കിട്ടാൻ പ്രയാസം ആണ്.

ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട പെണ്ണിന് വാടക വീട്  കിട്ടാൻ ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് വീടെടുത്ത് അവിഹിതം നടത്തിക്കളയും എന്ന ഭയം ആണ് എല്ലാവർക്കും. സ്വന്തം വീട്ടുകാർ അഭയം തരാൻ സാധ്യത കുറവാണ്. നിനക്ക് തരാൻ ഉള്ളത് മുഴുവൻ തന്നു കഴിഞ്ഞു. ഇനി ഞങ്ങളുടെ ചുമതല അല്ല എന്ന് അവർ  നൈസ് ആയി കൈകഴുകും. ഇതിനെയൊക്കെ മറി കടന്നു വീട്ടിൽ നിൽക്കാൻ അനുവാദം നൽകിയാലും കണക്കു കേട്ടു നീറി നീറി കഴിയേണ്ടി വരും.

വിസ്മയയുടെ പുതിയ ഓഡിയോ ക്ലിപ് കേട്ടു. അച്ഛൻ മകളോട് വരാൻ പറയുന്നുണ്ടെങ്കിലും അത് ഒരു ശക്തമായ പറച്ചിൽ അല്ല. ഇതൊക്കെയാണ് ജീവിതം, അങ്ങനെ ഒന്നുമുണ്ടാവില്ല എന്നൊക്കെ അശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിസ്മയയുടെ അച്ഛൻ കൈയ്യേൽക്കാത്തതും അത്തരം സിസ്റ്റം ഉള്ളതുകൊണ്ട് കൂടിയാണ്. കെട്ടിച്ചയച്ച മകൾ വീട്ടിൽ വന്ന് നിന്നാൽ അന്തസ് തകരും എന്ന് ഓരോ മാതാപിതാക്കളും വിശ്വസിക്കുന്നു.മകളെ കെട്ടിയോൻ ഉപേക്ഷിച്ചു അല്ലേ എന്നുള്ള തരം പരിഹാസം കലർന്ന ചോദ്യം പേടിച്ചു കല്യാണങ്ങൾക്കോ, മരണങ്ങൾക്കോ പോകാത്ത ജീവിതങ്ങൾ ഉണ്ട്. അവരുടെ മകൾ ദേ കെട്ടും പൊട്ടിച്ചു വന്ന് നിൽപ്പുണ്ട് എന്ന് കളിയാക്കുന്ന നാമൊക്കെ ഉൾപ്പെട്ട സമൂഹം കൂടിച്ചേർന്നാണ് ഒറ്റപ്പെട്ടു പോയ മകളെ സ്വീകരിക്കാൻ അവരെ തടയുന്നത്. ബന്ധം ഉപേക്ഷിച്ചു വന്ന് നിൽക്കുന്ന പെൺകുട്ടികളുടെ വീട്ടിലെ സഹോദരങ്ങൾക്ക് വിവാഹം നടക്കാൻ ബുദ്ധിമുട്ടായതിനാൽ മാതാപിതാക്കൾ എനിക്ക് നിന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ എന്ന് പറഞ്ഞു കയ്യൊഴിയും.

നമ്മൾ ആധുനികമാവുകയും സിസ്റ്റം പഴഞ്ചൻ ആയി നിലനിൽക്കുകയും ചെയ്തിട്ട് കാര്യമില്ല. കാലത്തിനനുസരിച്ചു നീങ്ങുന്ന സമൂഹങ്ങൾക്കകത്ത് മാത്രമേ മികച്ച ആശയങ്ങൾ ഉടലെടുക്കു.സമൂഹത്തിനു മാറ്റങ്ങൾ വരുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകണം. യഥാസ്‌ഥിതിക ചിന്തകൾ മാറ്റാൻ ഉതകുന്ന തരത്തിലുള്ള സിനിമകൾ  ഉണ്ടാവണം. ജീവിതത്തെ പോസിറ്റീവ് ആയി കൊണ്ടുനടക്കുന്ന അതിജീവിതരുടെ കഥകൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണം.

മോശം സിസ്റ്റത്തിനകത്തു ജീവിക്കുന്ന മാതാപിതാക്കൾ എടുത്ത തീരുമാനം തെറ്റെങ്കിലും സിസ്റ്റത്തെ എതിർക്കുവാനുള്ള കരുത്തില്ലാത്തതിനാൽ എന്ന് തന്നെ വിശ്വസിക്കുന്നു. ഇനിയും അത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അന്തസ്‌ ഓർത്തു ആരെങ്കിലും സ്വന്തം മക്കളുടെ  കണ്ണീർ കണ്ടില്ലെന്നു നടിക്കുന്നെങ്കിൽ ഓർക്കുക  അതിലും വലുത് നിങ്ങളുടെ കുഞ്ഞിന്റെ ജീവൻ ആണ്. വിസ്മയയ്ക്ക് നീതി  ലഭിക്കട്ടെ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA