ADVERTISEMENT

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയ്ക്ക് നീതി ലേഭിച്ചോ എന്നും ഭർത്താവ് കിരണ്‍ കുമാറിനു കോടതി ശരിയായ ശിക്ഷയാണോ വിധിച്ചതെന്നും ചോദിക്കുകയാണ് സോഷ്യൽ മീഡിയ. ശിക്ഷ കുറഞ്ഞു പോയെന്ന് ഒരു വിഭാഗം അവകാശപ്പെടുുമ്പോൾ വിസ്മയയുടെ വീട്ടുകാരുടെ ഭാഗത്തു വന്ന വീഴ്ചയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ അവസരത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ദീപ സൈറ 

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘വെറുതെ.. ഒരു കഥ പോലെ ഓർക്കാം.. വിസ്മയ മരിച്ചില്ല! ഒരു ഉറച്ച തീരുമാനമെടുത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ കോടതിയിലേക്ക് നീങ്ങുന്നു. ഒരു ഡിവോഴ്സ് മാത്രമല്ല അവൾ ആഗ്രഹിച്ചത്. സ്ത്രീധനം ചോദിച്ചു വാങ്ങിയത് മുതൽ ദേഹോപദ്രവം വരെ അവൾ കോടതിയിൽ തെളിയിക്കാൻ ശ്രമിക്കുന്നു. കിരൺ എന്ന മനുഷ്യനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാവരുടെയും സഹായവും സഹകരണവും തേടുന്നു. എന്ത് നടക്കുമെന്ന് നോക്കാം?

സ്വന്തം വീട്ടിൽ അച്ഛൻ, ചേട്ടൻ, അമ്മ : "കഴിവതും ഡിവോഴ്സ് ഇല്ലാതെ നോക്കാം മോളെ. അൽപം ക്ഷമയൊക്കെ നമ്മളും കാണിക്കണം. തീരെ സഹിക്കാൻ പറ്റാതെ ആയാൽ വേണമെങ്കിൽ നീ ഇവിടെ വന്നു നിന്നോ.! ഇനി നിനക്ക് നിർബന്ധം ആണെങ്കിൽ ഡിവോഴ്സ് നോക്കാം. അല്ലാതെ അയാളെ ഉപദ്രവിച്ചിട്ട് നമുക്കെന്ത് കിട്ടാനാണ്..!! നമുക്ക് മാത്രമാണ് നഷ്ടം. നിന്റെ ജീവിതമാണ് പോകുന്നത്. നാട്ടുകാർ നമ്മളെയാവും കുറ്റപ്പെടുത്തുക. ഇപ്പോൾ തന്നെ ബന്ധുക്കൾ പലരും മുറുമുറുത്തു തുടങ്ങി."

നാട്ടുകാർ : "ഇപ്പോഴത്തെ പിള്ളേർക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള കഴിവില്ല.. ഒന്ന് പറഞ്ഞു രണ്ടാമത്തതിന് കോടതിയിലാ.. ആ ചെറുക്കൻ പാവമാണെന്നെ. കാണാനും കൊള്ളാം. നല്ല ജോലിയും. ഇവൾടെ അഹങ്കാരം..!! കൊടുക്കാമെന്നു പറഞ്ഞ കാശും കാറുമൊക്കെ കൊടുക്കണ്ടേ പിന്നെ? പറഞ്ഞു പറ്റിക്കാമോ?? പെങ്കൊച്ചിന് വേറെ വല്ല റൊമാൻസും കാണുമെന്നെ... അല്ലാതെ പിന്നെ!"

കിരണിന്റെ വീട്ടുകാർ : "ഒരു നയാപൈസ ജീവനാംശം കൊടുക്കാത്ത രീതിയിൽ ഡിവോഴ്സ് ചെയ്ത് എടുക്കണം. അവൾ അനുഭവിക്കട്ടെ.. എന്റെ മോനു വേറെ നല്ല ബന്ധം കിട്ടും.. നല്ല കാറും കിട്ടും. അവൾ പെണ്ണാ.. അവളിനി ആ വീട്ടിൽ കിടന്നു നരകിക്കും!!"

കിരൺ : "കേസ് നീട്ടും ഞാൻ! അവൾ പഠിത്തം സമാധാനത്തോടെ തീർക്കില്ല. കോളേജിലും നാട്ടിലും അവളെപ്പറ്റി കഥകൾ അടിച്ചിറക്കിയാണെങ്കിലും അവളെ നാറ്റിക്കും ഞാൻ! നോക്കിക്കോ!" 

അവസാനം കോടതി : "തെളിവില്ല... ഇത് പോരാ... ശിക്ഷിക്കാൻ പറ്റില്ല.. കൗൺസിലിങ് കൊടുക്കാം വേണേൽ!! ഡിവോഴ്സിന് വേണേൽ ശ്രമിക്കാം". കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ!! ആൺമക്കളെ സ്ത്രീസംരക്ഷണ നിയമങ്ങളും അത് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷയും അറിയിച്ചു വളർത്തുക. പെണ്മക്കളെ വിദ്യാഭ്യാസവും നിയമജ്ഞാനവും സാമ്പത്തികസ്വതന്ത്ര്യവും നൽകി വളർത്തുക. പിന്നെ ഏറ്റവും പ്രധാനം.. സ്ത്രീധനം കൊടുക്കാതിരിക്കുക.. പറ്റുവോ? യെവിടെ പറ്റാൻ!!

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com